ഹയർ സെക്കൻഡറി സ്ഥലംമാറ്റം: കെ.എ.ടി ഉത്തരവുകൾ ഹൈകോടതി റദ്ദാക്കി; സർക്കാർ പട്ടിക ശരിവെച്ചു

കൊച്ചി: ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരുടെ സ്ഥലംമാറ്റ പട്ടിക പുനഃപരിശോധിക്കണമെന്നും അതുവരെ സർക്കാർ ഉത്തരവ് നടപ്പാക്കരുതെന്നുമുള്ള കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (കെ.എ.ടി) ഉത്തരവ് ഹൈകോടതി റദ്ദാക്കി. ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.

മാതൃജില്ലയിൽ ഒഴിവില്ലാത്ത പക്ഷം സമീപ ജില്ലകളിൽ ഓപ്ഷനുകളെല്ലാം പൂർത്തിയാക്കിയശേഷവും ഒഴിവുണ്ടെങ്കിൽ അവിടേക്ക് സീനിയോറിറ്റിയുടെയുടെയും സർവിസ് ദൈർഘ്യത്തിന്‍റെയും അടിസ്ഥാനത്തിൽ അധ്യാപകരെ നിയമനത്തിന് പരിഗണിക്കണം. തയാറാക്കിയ പട്ടികയിൽ സീനിയോറിറ്റിയുടെയും മറ്റും അടിസ്ഥാനത്തിൽ ഇത്തരം നിയമനത്തിന് വെയ്റ്റേജ് കൂട്ടിച്ചേർത്തിട്ടില്ലെങ്കിൽ സർക്കാർ അത് ചെയ്യണമെന്നും കോടതി നിർദേശിച്ചു. ഇതോടെ സർക്കാർ പട്ടിക പ്രകാരമുള്ള സ്ഥലം മാറ്റ ഉത്തരവ് നടപ്പാക്കാനുള്ള തടസ്സം നീങ്ങി.

നാല് വിഭാഗങ്ങളിലായി അധ്യാപകരെ സ്ഥലം മാറ്റി 2024 ഫെബ്രുവരി 12ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവാണ് നിയമനടപടികളിൽ കുരുങ്ങിയത്. സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് ഒരു കൂട്ടം അധ്യാപകർ നൽകിയ ഹരജിയിൽ ഹോം സ്റ്റേഷൻ, അദേഴ്സ് സ്ഥലംമാറ്റ പട്ടികകൾ നടപ്പാക്കുന്നത് കെ.എ.ടി തടയുകയായിരുന്നു. ഒരു മാസത്തിനകം പട്ടിക പുതുക്കി കരട് പ്രസിദ്ധീകരിക്കണമെന്നും പരാതികൾ കേട്ട് ജൂൺ ഒന്നിനകം പട്ടിക പ്രസിദ്ധീകരിക്കണമെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടു. മാതൃജില്ലക്ക് പുറത്തുള്ള സർവിസിലെ സീനിയോറിറ്റി മാതൃജില്ലയിലേക്ക് സ്ഥലം മാറ്റത്തിന് മാത്രമേ പരിഗണിക്കാവൂവെന്നാണ് സർക്കാർ മാനദണ്ഡം.

എന്നാൽ, ഈ സീനിയോറിറ്റി പരിസര ജില്ലകളിലേക്കും പരിഗണിക്കണമെന്ന ഹരജിക്കാരുടെ ആവശ്യവും കൂടി പരിഗണിച്ചാണ് കെ.എ.ടി ഉത്തരവ് പുറപ്പെടുവിച്ചത്. ഇത്തരമൊരു ഉത്തരവിടാൻ കെ.എ.ടിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാറും ചില അധ്യാപകരും നൽകിയ ഹരജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട് നിലവിലെ കോടതിയലക്ഷ്യ ഹരജിയിലെ ഉത്തരവുകളും റദ്ദാക്കുന്നതായി കോടതി വ്യക്തമാക്കി.

Tags:    
News Summary - Higher Secondary Transfer: High Court quashes KAT orders; The government approved the list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.