കൊച്ചി: ഗ്രാമസഭകളിൽ എത്താൻ സാധിക്കാത്ത പൊതുജനങ്ങൾക്ക് നിർദേശങ്ങളും അഭിപ്രായങ്ങളും ഇനി ഓൺലൈനായി സമർപ്പിക്കാം. ഇതിനായി പഞ്ചായത്ത് വകുപ്പ് ഇൻഫർമേഷൻ കേരള മിഷെൻറ സാങ്കേതിക സഹായത്തോടെ ‘ഗ്രാമസഭ പോർട്ടലി’ന് രൂപംനൽകി. അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിന് പുറമെ പദ്ധതി രൂപവത്കരണം സംബന്ധിച്ച നിർദേശങ്ങളും പോർട്ടൽ വഴി സമർപ്പിക്കാം. ജില്ല, ഗ്രാമപഞ്ചായത്ത് എന്നിവ തെരഞ്ഞെടുത്ത് മൊബൈൽ നമ്പർ, ഇ-മെയിൽ, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നമ്പർ, ആധാർ നമ്പർ എന്നിവ രേഖപ്പെടുത്തിയാൽ യൂസർനെയിമും പാസ്വേർഡും ലഭിക്കും. പേര് രജിസ്റ്റർ ചെയ്യാതെതന്നെ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. രേഖകളോ മറ്റു വിവരങ്ങളോ ഉണ്ടെങ്കിൽ അവയും ഇതോടൊപ്പം സമർപ്പിക്കാനാവും. സമർപ്പിച്ച വിവരങ്ങൾ ബന്ധപ്പെട്ട വാർഡ് അംഗത്തിെൻറ ലോഗിനിൽ എത്തും. വാർഡ് അംഗത്തിെൻറ മറുപടിയും അഭിപ്രായങ്ങളും പൊതുജനങ്ങൾക്ക് കാണാൻ സാധിക്കും.
ഗ്രാമസഭ നടക്കുന്ന തീയതി, സ്ഥലം, അറിയിപ്പിെൻറ വിവരണം, നോട്ടീസുകൾ എന്നിവയും ഒറ്റക്ലിക്കിൽ അറിയാനാവും. വാർഡുകളിൽ നടക്കുന്ന പദ്ധതികൾ, അവയുടെ നിലവിലെ പുരോഗതി എന്നിവയെക്കുറിച്ച് മുഴുവൻ വിവരങ്ങളും ഓൺലൈനായി അറിയാം. പോർട്ടൽ ഉപയോഗത്തെക്കുറിച്ച് കൂടുതൽ അവബോധം നൽകാൻ ജീവനക്കാർക്കും ജനപ്രതിനിധികൾക്കും പൊതുജനങ്ങൾക്കും വരുംദിവസങ്ങളിൽ പരിശീലനം നൽകും.
അധികാര വികേന്ദ്രീകരണ പ്രക്രിയയിൽ ജനങ്ങളുടെ പങ്കാളിത്തം കൂടുതൽ ഉറപ്പുവരുത്താനാണ് പദ്ധതി ആവിഷ്കരിച്ചതെന്ന് പഞ്ചായത്ത് ഡയറക്ടർ പി. മേരിക്കുട്ടി ‘മാധ്യമ’ത്തോട് പറഞ്ഞു. ഏപ്രിൽ അവസാനവാരത്തോടെ പോർട്ടൽ പൂർണസജ്ജമാകുമെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.