തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ നിയമന കോഴക്കേസില്‍ കൈക്കൂലി സ്ഥിരീകരിച്ച് പൊലീസ്. പരാതിക്കാരനായ ഹരിദാസനിൽനിന്ന് ബാങ്ക് അക്കൗണ്ട് വഴി രണ്ടുപേർ 75,000 രൂപ കൈപ്പറ്റിയതായി പൊലീസ് സ്ഥിരീകരിച്ചു. അഖില്‍ സജീവനും കോഴിക്കോട് സ്വദേശി അഡ്വ. ലെനിനും ഹരിദാസൻ പണം നല്‍കിയെന്നാണ് കണ്ടെത്തൽ. അഖില്‍ സജീവിന് 25,000 രൂപയും അഡ്വ. ലെനിന് 50,000 രൂപയുമാണ് കൈമാറിയത്. എന്നാൽ, പൊലീസ് ഇതുവരെ ഇവരുടെ മൊഴിയെടുത്തിട്ടില്ല. പരാതിക്കാരനായ ഹരിദാസനെയും കൂടെയുണ്ടായിരുന്ന എ.ഐ.എസ്.എഫ് നേതാവ് ബാസിതിനെയും വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. മന്ത്രി വീണാ ജോർജിന്റെ പി.എ അഖിൽ മാത്യുവിന് പണം കൈമാറിയതിന് തെളിവ് ലഭിച്ചില്ല.
അഖിൽ മാത്യുവിന് പണം നൽകിയെന്ന് പറയുന്ന ഏപ്രിൽ 19, 11 ദിവസങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങളിൽ ബാസിതും ഹരിദാസനും മാത്രമാണുള്ളത്. ഏപ്രില്‍ 10ന് ഇരുവരും സെക്രട്ടേറിയറ്റ് അനക്സ് രണ്ടിന്റെ ഗേറ്റിന് സമീപം ചെലവഴിച്ച് മടങ്ങുന്നതാണ് ദൃശ്യം. 11ലെ ദൃശ്യങ്ങളിലും ഇവരുണ്ടെങ്കിലും ആർക്കും പണം കൈമാറുന്നതായി കണ്ടെത്താനായില്ല. പണംകൈമാറുന്ന ദിവസങ്ങളിൽ താൻ തിരുവനന്തപുരത്ത് പോയില്ല എന്നു പറഞ്ഞ ബാസിത് ദൃശ്യങ്ങൾ പുറത്തുവന്നതോടെ മൊഴി മാറ്റി.
ഇതുവരെ ആരെയും പ്രതിചേർക്കാത്ത കേസിൽ ബാസിതിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഹരിദാസന്റെയും ബാസിതിന്റെയും മൊഴികളിലെ പൊരുത്തക്കേടും പൊലീസ് പരിശോധിക്കുന്നുണ്ട്. മലപ്പുറം സ്വദേശികളായ ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാനായി കന്റോൺമെന്റ് പൊലീസ് സംഘം മലപ്പുറത്ത് തുടരുന്നുണ്ട്. പണം കൈപ്പറ്റിയതായി സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശി ലെനിനും പത്തനംതിട്ട സ്വദേശി അഖിൽ സജീവും ഇതുവരെ അന്വേഷണ പരിധിയിൽ വന്നിട്ടില്ല. ഇരുവരും സി.പി.എമ്മുമായി അടുത്തബന്ധം പുലർത്തിയിരുന്നവരാണ്. ലെനിന് എ.കെ.ജി സെന്ററുമായി അടുത്ത ബന്ധമുള്ളതായി അഖിൽ സജീവ് വെളിപ്പെടുത്തിയിരുന്നു. നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയാണെങ്കിലും അഖിൽ സജീവിനെ ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല എന്നതും ദുരൂഹമാണ്. താൻ കുടുങ്ങിയാൽ എല്ലാവരെയും കുടുക്കുമെന്ന് വെല്ലുവിളിച്ചിട്ടും ഇയാളെ കണ്ടെത്താൻ പൊലീസ് വിമുഖത കാണിക്കുകയാണ്. നിയമനതട്ടിപ്പ് സംഘത്തിലേക്കെത്താൻ പൊലീസിന് വിലങ്ങുതടിയാകുന്നത് ഈ ആരോപണവിധേയരുടെ രാഷ്ട്രീയ ഭൂതകാലവും ഉന്നത സ്വാധീനവുമാണെന്ന് വ്യക്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.