തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി കാമ്പസിന് ആർ.എസ്.എസ് സൈദ്ധാന്തികൻ ഗോൾവാൾക്കറുടെ പേര് നൽകുന്നതിനെ ചൊല്ലിയുള്ള വിവാദം കത്തുന്നതിനിടെയാണ് നെഹ്റു ട്രോഫി വള്ളംകളിയും ചിത്രത്തിലേക്ക് തുഴഞ്ഞുവരുന്നത്. വള്ളംകളിക്ക് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിെൻറ പേര് നൽകിയത് അദ്ദേഹം ഏത് കായിക വിനോദത്തിൽ പങ്കെടുത്തിട്ടാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ചോദിച്ചത്.
ഇതോടെ കോൺഗ്രസ് നേതാക്കളടക്കം മന്ത്രിക്കെതിരെ രംഗത്തെത്തി. മുരളീധരെൻറ പ്രസ്താവന വിവരക്കേടാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. നെഹ്റു ട്രോഫിയെക്കുറിച്ച് മുരളീധരന് അറിവില്ലെങ്കിൽ, ആരോടെങ്കിലും ചോദിച്ച് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിെൻറ 1952ലെ ആലപ്പുഴ സന്ദര്‍ശനത്തില്‍ നിന്നാണ് ഈ ജലോത്സവത്തിെൻറ ആരംഭം. കേരള സന്ദര്‍ശന വേളയില്‍ നെഹ്റുവിന് കോട്ടയം മുതല്‍ ആലപ്പുഴ വരെ ബോട്ടില്‍ കുട്ടനാട്ടിലൂടെ ജലയാത്ര നടത്തേണ്ടിവന്നു. ഈ യാത്രയില്‍ ബോട്ടുകളുടെ ഒരു വലിയനിര തന്നെ അദ്ദേഹത്തെ അനുഗമിച്ചു. തുടർന്ന് കേരള സർക്കാർ പ്രത്യേകമായി ചുണ്ടൻ വള്ളങ്ങളുടെ മത്സരവും സംഘടിപ്പിച്ചു.
ആലപ്പുഴയിലെത്തിയ ജവഹര്‍ലാല്‍ നെഹ്റുവിനെ 63 ഔദ്യോഗിക വെടിമുഴക്കവുമായിട്ടാണ് സ്വീകരിച്ചത്. നെഹ്റുവിന് അന്ന് 63 വയസ്സായിരുന്നു. അദ്ദേഹത്തിെൻറ കൂടെയുണ്ടായിരുന്ന മകള്‍ ഇന്ദിര ഗാന്ധിക്ക് സമ്മാനമായി നെന്മണികള്‍ കൊണ്ടൊരു ചെപ്പ് നൽകി. ഒപ്പമുണ്ടായിരുന്ന അവരുടെ കുട്ടികളായ സഞ്ജയിനും രാജീവിനും കതിര്‍കുലകള്‍ കൊണ്ടൊരു ബൊക്കയും സമ്മാനിച്ചു.
വലിയൊരു വെടിമുഴക്കത്തോടെയാണ് ചുണ്ടൻ വള്ളങ്ങളുടെ മത്സരം ആരംഭിച്ചത്. എട്ടു വള്ളങ്ങള്‍ മിന്നല്‍ വേഗത്തില്‍ മുന്നോട്ടുകുതിച്ചു. നെഹ്റു ബൈനാക്കുലറിലൂടെ ഈ കാഴ്ച ആസ്വദിക്കുകയായിരുന്നു. വള്ളങ്ങള്‍ പവലിയന് സമീപം എത്താറായപ്പോള്‍ അദ്ദേഹം കസേരയില്‍ നിന്നെഴുന്നേറ്റു. തുഴക്കാരുടെ താളത്തിനൊത്ത് അദ്ദേഹം ചുവടുകള്‍ വെക്കാൻ തുടങ്ങി.
നടുഭാഗം ചുണ്ടന്‍ ഫിനിഷിംഗ് പോയിൻറ് കടന്ന് ഒന്നാംസ്ഥാനത്തെത്തി. ക്യാപ്റ്റന്‍ മാത്തു ചാക്കോ പ്രധാനമന്ത്രിയിൽനിന്നും സമ്മാനം ഏറ്റുവാങ്ങി. മറ്റു വള്ളങ്ങളുടെയും ക്യാപ്റ്റന്‍മാര്‍ അദ്ദേഹത്തിൽനിന്ന് സമ്മാനങ്ങള്‍ സ്വീകരിച്ചു.
തുടർന്ന് എല്ലാ ചുണ്ടന്‍ വള്ളങ്ങളും ആലപ്പുഴ ബോട്ട് ജെട്ടിയിലേക്ക് നീങ്ങി. വി.ഐ.പി പവലിയന് മുന്നിലെത്തിയപ്പോള്‍ തുഴക്കാര്‍ ഉത്സാഹഭരിതരായി അവരുടെ മെയ്വഴക്കങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഈ കാഴ്ച നെഹ്റുവിനെ ആവേശഭരിതനാക്കി. പവലിയന് തൊട്ടടുത്തെത്തിയ നടുഭാഗം ചുണ്ടനിലേക്ക് അദ്ദേഹം ചാടിക്കയറി. മറ്റുള്ളവരുടെ അകമ്പടിയോടെ നടുഭാഗം ചുണ്ടനില്‍ ജലയാത്ര നടത്തി.
ഡൽഹിയിലെത്തിയ ശേഷം സ്വന്തം കൈയ്യപ്പോടുകൂടി വെള്ളിയിൽ തീർത്ത ചുണ്ടൻ വള്ളത്തിെൻറ മാതൃക നെഹ്‌റു അയച്ചുനൽകി. ഈ മാതൃകയാണ് വിജയികൾക്ക് നൽകുന്ന നെഹ്‌റു ട്രോഫി. ആദ്യം പ്രൈംമിനിസ്‌റ്റേഴ്സ് ട്രോഫി എന്ന പേരിലായിരുന്നു ഇത് അറിയപ്പെട്ടത്. 1969 ജൂൺ ഒന്നിന് കൂടിയ വള്ളംകളി സമിതി നെഹ്‌റുവിനോടുള്ള ആദരവ് കാരണം കപ്പിെൻറ പേര് നെഹ്‌റു ട്രോഫി വള്ളംകളി എന്നാക്കി മാറ്റുകയായിരുന്നു.
നടുഭാഗം കൂടാതെ ചമ്പക്കുളം (അമിച്ചകരി), പാര്‍ത്ഥസാരഥി, കാവാലം, വലിയ ദീവാന്‍ജി, നെപ്പോളിയന്‍, നേതാജി, ഗിയര്‍ഗോസ് (ഐ.സി വള്ളം) തുടങ്ങി എട്ടു വള്ളങ്ങളാണ് ആദ്യ മത്സരത്തിൽ പങ്കെടുത്തത്. വേമ്പനാട് കായലിെൻറ പടിഞ്ഞാറേ അറ്റത്ത് മന്‍ട്രോ വിളക്കിെൻറ പടിഞ്ഞാറുഭാഗം മുതല്‍ തെക്കോട്ടായിരുന്നു വള്ളംകളിയുടെ ട്രാക്ക്. ആലപ്പുഴ ജില്ല രൂപീകരിച്ചിട്ടില്ലായിരുന്നതിനാല്‍ അന്ന് കൊല്ലം ജില്ല കലക്ടറുടെ നേതൃത്വത്തിലാണ് വള്ളംകളി നടന്നത്.
1954ല്‍ കൈനകരിയിലെ മീനപ്പള്ളി വട്ടക്കായലിലാണ് പ്രൈംമിനിസ്‌റ്റേഴ്സ് ട്രോഫി എന്ന പേരിൽ വള്ളംകളി ആരംഭിച്ചത്. 1955ൽ ഇത് പുന്നമടക്കായലിലേക്ക് മാറ്റി. എല്ലാ വര്‍ഷവും ആഗസ്റ്റിലാണ് മത്സരം നടക്കാറ്. വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ ഏകദേശം ഒരു ലക്ഷംപേര്‍ വള്ളംകളി കാണാന്‍ എത്താറുണ്ട്. വിവിധ ട്രാക്കുകളായി തിരിച്ച് 1370 മീറ്റര്‍ ദൂരമാണ് മത്സരത്തിനായി ക്രമീകരിച്ചിരിക്കുന്നത്.
വിവരങ്ങൾക്ക് കടപ്പാട്: http://nehrutrophy.nic.in/
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.