കുർബാന സംഘർഷം: വൈദികർക്കെതിരെ സഭാപരമായ കർശന നടപടിയെന്ന് നേതൃത്വം

കൊച്ചി: ക്രിസ്മസ് തലേന്ന് സംഘർഷത്തെ തുടർന്ന് പൂട്ടിയ എറണാകുളം അങ്കമാലി അതിരൂപതയുടെ കത്തീഡ്രൽ ദേവാലയമായ സെന്റ് മേരീസ് ബസിലിക്ക തിങ്കളാഴ്ചയും തുറന്നില്ല. പാതിരാകുർബാനയടക്കം ക്രിസ്മസിന്‍റെ ചടങ്ങുകളും ഇവിടെ നടന്നില്ല. സംഘർഷത്തിൽ പരിക്കേറ്റ വൈദികർ അടക്കമുള്ളവരെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. അറസ്റ്റിലായവരും സ്റ്റേഷൻ ജാമ്യത്തിൽ മോചിതരായി.

അതേസമയം, സെന്റ് മേരീസ് ബസിലിക്കയിൽ നടന്ന പ്രതിഷേധങ്ങളിൽ സിറോ മലബാർ സഭ തലവൻ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രറേറ്റർ ആർച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തും അപലപിച്ചു. സഭാപരമായ അച്ചടക്കത്തിന്റെ സകല അതിർവരമ്പുകളും ലംഘിച്ച സംഭവങ്ങളാണ് നടന്നതെന്നും ഒരു സമരമാർഗമായി കുർബാനയെ ഉപയോഗിച്ച രീതി സമാനതകളില്ലാത്ത അച്ചടക്കലംഘനമാണെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു. ഇതിന് മുൻകൈയെടുത്ത എല്ലാവർക്കുമെതിരെ സഭാപരമായ കർശന നടപടി സ്വീകരിക്കും. ഏകീകൃത കുർബാനയർപ്പണത്തിനെതിരായ സമരമാർഗങ്ങളിൽനിന്ന് അതിന് നേതൃത്വം കൊടുക്കുന്ന വൈദികരും അൽമായരും പിന്മാറണമെന്നും അവർ അഭ്യർഥിച്ചു.

അതേസമയം, എറണാകുളം ബസിലിക്കയിൽ സമാധാനം ഉറപ്പു വരുത്തുന്നതിലും വൈദികരുടെയും വിശ്വാസികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിലും പൊലീസും ജില്ല ഭരണകൂടവും പൂർണമായി പരാജയപ്പട്ടെന്ന് എറണാകുളം അതിരൂപത അൽമായ മുന്നേറ്റം ആരോപിച്ചു. ബസിലിക്കയിൽ 18 മണിക്കൂർ കലാപം സൃഷ്ടിച്ചവർക്ക് ആവശ്യമായ സഹായം ചെയ്യാൻ മാത്രമാണ് പൊലീസ് സാന്നിധ്യം ഉപകരിച്ചത്. അസി.കമീഷണർ നോക്കിനിൽക്കെയാണ് കഴിഞ്ഞ ദിവസം ബസിലിക്കയിൽ സംഘർഷം നടന്നത്. അക്രമത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കലക്ടർ, ഡി.ജി.പി, സിറ്റി പൊലീസ് കമീഷണർ ഉൾപ്പെടെ എല്ലാവർക്കും പരാതി നൽകിയിരുന്നു. എന്നിട്ടും കൃത്യമായി ഇടപെടാൻ ജില്ല ഭരണകൂടം തയാറായില്ലെന്ന് അൽമായ മുന്നേറ്റം ആരോപിച്ചു. അതിരൂപതയിലെ 16 ഫൊറോനകളുടെ നേതൃത്വത്തിലും പൊലീസിന്റെ പക്ഷപാതപരമായ നിലപാടിനെതിരെയും സർക്കാറിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടും പ്രതിഷേധം സംഘടിപ്പിക്കും. ഇതിന്‍റെ ഭാഗമായി തിങ്കളാഴ്ച ചേർത്തല ഫൊറോന നേതൃത്വത്തിൽ ചേർത്തലയിൽ മാർച്ച്‌ നടത്തി. അടുത്ത ദിവസങ്ങളിൽ മറ്റു ഫൊറോനകളിൽ റാലികൾ സംഘടിപ്പിക്കുമെന്ന് അൽമായ മുന്നേറ്റം കൺവീനർ ജെമി അഗസ്റ്റിൻ, വക്താവ് റിജു കാഞ്ഞൂക്കാരൻ എന്നിവർ അറിയിച്ചു.

Tags:    
News Summary - Holy Qurbana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.