ഹർത്താലിന്‍റെ മറവിൽ അഴിഞ്ഞാട്ടം, ആഭ്യന്തരവകുപ്പ് പോപുലർ ഫ്രണ്ടിന് കീഴടങ്ങി -കെ. സുരേന്ദ്രൻ

കോഴിക്കോട്: ഹർത്താലിന്റെ മറവിൽ മതതീവ്രവാദികൾ കേരളം മുഴുവൻ അഴിഞ്ഞാടിയിട്ടും ഒരു നടപടിയുമെടുക്കാത്ത സംസ്ഥാന ആഭ്യന്തരവകുപ്പ് പോപ്പുലർ ഫ്രണ്ടിന് കീഴടങ്ങിയിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പോപുലർ ഫ്രണ്ടിന്റെ സഹായം ലഭിച്ചതിന്റെ പ്രത്യുപകാരമാണ് പിണറായി വിജയൻ ചെയ്യുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനമൊട്ടാകെ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ കലാപസമാനമായ അന്തരീക്ഷമാണുള്ളത്. പ്രകോപനമുണ്ടാക്കി വർഗീയ ലഹളയുണ്ടാക്കാനാണ് മതതീവ്രവാദികൾ ശ്രമിക്കുന്നതെന്ന് വ്യക്തമാണ്.

തിരുവനന്തപുരം ബലരാമപുരത്ത് കടകൾക്ക് നേരെ ആക്രമണം നടന്നു. ഒരു വിഭാഗം ജനങ്ങളുടെ വ്യാപാര സ്ഥാപനങ്ങൾ ആക്രമിക്കുകയാണ് പോപ്പുലർ ഫ്രണ്ട് ചെയ്യുന്നത്. ഹർത്താൽ തലേന്ന് രാത്രി മുതൽ തീവ്രവാദികൾ കേരളത്തിലെ പല തെരുവുകളിലും അഴിഞ്ഞാടുകയാണ്.

കെഎസ്ആർടിസി ബസുകൾക്കെതിരെ വലിയ ആക്രമണമാണ് നടന്നത്. നിരവധി ബസുകളാണ് അടിച്ചു തകർത്തത്. ആലപ്പുഴയിൽ കെഎസ്ആർടിസി ഡ്രൈവറുടെ കണ്ണ് തകർത്തു. പൊലീസ് എല്ലാ സ്ഥലത്തും നിഷ്ക്രിയമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തീവ്രവാദികളെ അറസ്റ്റ് ചെയ്ത സംസ്ഥാനം എന്ന നാണക്കേടിനൊപ്പം തീവ്രവാദികൾക്ക് നിർബന്ധിച്ച് കടകൾ അടപ്പിക്കാനും വഴി തടയാനും സ്വാതന്ത്ര്യമുള്ള സംസ്ഥാനവുമായി കേരളം അധപതിച്ചു. കേരളത്തിലെ ജനങ്ങൾ സുരക്ഷിതരല്ലെന്ന് ഇതോടെ വ്യക്തമായി. പിണറായി സർക്കാരിന്റെ ഭരണപരാജയവും വോട്ട്ബാങ്ക് രാഷ്ട്രീയവുമാണ് ഭീകരവാദികൾക്ക് അഴിഞ്ഞാടാനുള്ള അവസരമൊരുക്കിയതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. 

Tags:    
News Summary - Home Department Surrenders to Popular Front -K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.