പാലക്കാട്: 200 മീറ്റർ വരെ ലൈൻ വലിക്കണമെങ്കിലോ ലോഡ് കൂടുതലുള്ള കണക്ഷനുകൾ ലഭിക്കണമെങ്കിലോ ആവശ്യമുള്ള കിലോവാട്ട് അനുസരിച്ചുള്ള നിരക്ക് അടച്ചാൽ മതിയെന്ന ഉപഭോക്തൃ സൗഹൃദ നിർദേശവുമായി കേരള ഇലക്ട്രിസിറ്റി സൈപ്ല കോഡ് -2024 കരട് ഭേദഗതി വൈദ്യുതി റെഗുലേറ്ററി കമീഷൻ പ്രസിദ്ധീകരിച്ചു.
വീടിനോട് ചേർന്ന, അഞ്ച് എച്ച്.പിയിൽ താഴെ ലോഡുള്ള കുടിൽ /ചെറുകിട വ്യവസായങ്ങൾക്ക് ഗാർഹിക താരിഫിൽ കണക്ഷൻ നൽകാമെന്നതാണ് മറ്റൊരു പ്രധാന നിർദേശം.
നിലവിൽ ഒരു വൈദ്യുതി കണക്ഷൻ ലഭിക്കാൻ ലൈൻ നിർമിക്കണമെങ്കിലോ ട്രാൻസ്ഫോർമർ സ്ഥാപിക്കണമെങ്കിലോ ട്രാൻസ്ഫോർമറിന്റെ ശേഷി വർധിപ്പിക്കണമെങ്കിലോ മുഴുവൻ ചെലവും അപേക്ഷകൻ വഹിക്കണം. ചെറുകിട ഇടത്തരം സംരംഭകർ സംരംഭങ്ങൾ തുടങ്ങാൻ മടിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതായിരുന്നു. എന്നാൽ, കരട് ഭേദഗതിയിലെ നിർദേശം സംരംഭകർക്ക് ആശ്വാസമേകും.
നിലവിൽ വീടിനോട് ചേർന്ന് തയ്യൽകടയോ മറ്റോ ഇട്ടാൽ 20 ശതമാനത്തിൽ കൂടുതൽ ലോഡ് പാടില്ലെന്നായിരുന്നു ചട്ടം. എന്നാൽ, പുതിയ ഭേദഗതി പ്രകാരം അഞ്ച് എച്ച്.പിയിൽ താഴെ ലോഡ് ഉള്ളതോ നാല് കിലോ വാട്ട് വരെയോ ഉള്ളവക്ക് വേറെ താരിഫ് ആവശ്യമില്ല. ഇത് ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് പ്രോത്സാഹനമാകും.
കെ.എസ്.ഇ.ബി സേവനങ്ങൾ, ബില്ലിങ്, കണക്ഷൻ, ഡിസ് കണക്ഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രധാന നിയമമാണ് കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ്. ഇതിലെ പോരായ്മകളെക്കുറിച്ച് ഉപഭോക്തൃ സംഘടനകൾ നിരന്തരം പ്രതിഷേധമുയർത്തുന്ന സാഹചര്യത്തിലാണ് റെഗുലേറ്ററി കമീഷൻ കാര്യമായ ഭേദഗതികൾ നിർദേശിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.