വീട്ടു സംരംഭത്തിന്, വീട്ടു നിരക്ക്
text_fieldsപാലക്കാട്: 200 മീറ്റർ വരെ ലൈൻ വലിക്കണമെങ്കിലോ ലോഡ് കൂടുതലുള്ള കണക്ഷനുകൾ ലഭിക്കണമെങ്കിലോ ആവശ്യമുള്ള കിലോവാട്ട് അനുസരിച്ചുള്ള നിരക്ക് അടച്ചാൽ മതിയെന്ന ഉപഭോക്തൃ സൗഹൃദ നിർദേശവുമായി കേരള ഇലക്ട്രിസിറ്റി സൈപ്ല കോഡ് -2024 കരട് ഭേദഗതി വൈദ്യുതി റെഗുലേറ്ററി കമീഷൻ പ്രസിദ്ധീകരിച്ചു.
വീടിനോട് ചേർന്ന, അഞ്ച് എച്ച്.പിയിൽ താഴെ ലോഡുള്ള കുടിൽ /ചെറുകിട വ്യവസായങ്ങൾക്ക് ഗാർഹിക താരിഫിൽ കണക്ഷൻ നൽകാമെന്നതാണ് മറ്റൊരു പ്രധാന നിർദേശം.
നിലവിൽ ഒരു വൈദ്യുതി കണക്ഷൻ ലഭിക്കാൻ ലൈൻ നിർമിക്കണമെങ്കിലോ ട്രാൻസ്ഫോർമർ സ്ഥാപിക്കണമെങ്കിലോ ട്രാൻസ്ഫോർമറിന്റെ ശേഷി വർധിപ്പിക്കണമെങ്കിലോ മുഴുവൻ ചെലവും അപേക്ഷകൻ വഹിക്കണം. ചെറുകിട ഇടത്തരം സംരംഭകർ സംരംഭങ്ങൾ തുടങ്ങാൻ മടിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതായിരുന്നു. എന്നാൽ, കരട് ഭേദഗതിയിലെ നിർദേശം സംരംഭകർക്ക് ആശ്വാസമേകും.
നിലവിൽ വീടിനോട് ചേർന്ന് തയ്യൽകടയോ മറ്റോ ഇട്ടാൽ 20 ശതമാനത്തിൽ കൂടുതൽ ലോഡ് പാടില്ലെന്നായിരുന്നു ചട്ടം. എന്നാൽ, പുതിയ ഭേദഗതി പ്രകാരം അഞ്ച് എച്ച്.പിയിൽ താഴെ ലോഡ് ഉള്ളതോ നാല് കിലോ വാട്ട് വരെയോ ഉള്ളവക്ക് വേറെ താരിഫ് ആവശ്യമില്ല. ഇത് ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് പ്രോത്സാഹനമാകും.
സപ്ലൈ കോഡ് 2014 ഭേദഗതി
കെ.എസ്.ഇ.ബി സേവനങ്ങൾ, ബില്ലിങ്, കണക്ഷൻ, ഡിസ് കണക്ഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രധാന നിയമമാണ് കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ്. ഇതിലെ പോരായ്മകളെക്കുറിച്ച് ഉപഭോക്തൃ സംഘടനകൾ നിരന്തരം പ്രതിഷേധമുയർത്തുന്ന സാഹചര്യത്തിലാണ് റെഗുലേറ്ററി കമീഷൻ കാര്യമായ ഭേദഗതികൾ നിർദേശിച്ചിരിക്കുന്നത്.
മറ്റ് നിർദേശങ്ങൾ
- കലക്ടറേറ്റ്, മിനി സിവിൽസ്റ്റേഷൻ പോലുള്ള കോംപ്ലക്സുകൾ, വില്ല, മാളുകൾ തുടങ്ങിയവക്ക് വ്യത്യസ്ത കണക്ഷനുകൾക്ക് പകരം സിംഗ്ൾ പോയന്റ് കണക്ഷൻ മതി. ഉടമസ്ഥർ സബ് കൺസ്യൂമറായി കണക്കാക്കി മറ്റുള്ളവർക്ക് വീതിച്ചുനൽകാം.
- കെ.എസ്.ഇ.ബിയിൽ അപേക്ഷ നൽകാൻ ഓൺലൈൻ സംവിധാനങ്ങളോടൊപ്പം വാട്സ്ആപ്പ് ചാറ്റ് ബോട്ട് പോലുള്ള സങ്കേതങ്ങൾ ഉപയോഗിക്കണം.
- പുതിയ കണക്ഷൻ ലഭിക്കാനുള്ള പരമാവധി സമയം 30 ദിവസം എന്നത് ഏഴ് ദിവസം ആക്കി.
- മീറ്റർ കേടുവന്നാൽ ഏഴു ദിവസം കൊണ്ട് മാറ്റിവെക്കണമെന്നത് 72 മണിക്കൂറാക്കി.
- വൈദ്യുതി ചാർജ് അടക്കാതെ കണക്ഷൻ വിച്ഛേദിക്കുന്നതിന് 48 മണിക്കൂറിനും 12 മണിക്കൂറിനും മുമ്പ് ഉപഭോക്താവിന് ഓൺലൈൻ വഴി അറിയിപ്പ് നൽകണം.
- കണക്ഷൻ വിച്ഛേദിച്ചാൽ പണമടച്ച് പുനഃസ്ഥാപിക്കാനുള്ള സമയം 24 മണിക്കൂർ എന്നത് ആറ് മണിക്കൂർ ആക്കി.
- സിംഗിൾ ഫേസ് കൺസ്യൂമർ മൂന്ന് എച്ച്.പിയിൽ മുകളിലുള്ള മോട്ടോറുകൾ ഉപയോഗിക്കരുത്.
- എൽ.ടി ത്രീ ഫേസ് കൺസ്യൂമർ 50 എച്ച്.പിയിൽ കൂടുതലുള്ള മോട്ടോറുകൾ ഉപയോഗിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.