വാഷിങ്ടൺ: ഫ്ലാറ്റ് വാടകക്കെടുക്കാൻ പണമില്ലാതെ പാർക്കുകളിലെ ബെഞ്ചുകളിൽ കിടന്നുറങ്ങിയയാൾ കോടികൾ വരുമാനമുള്ള ബിസിനസ് സാമ്രാജ്യത്തിന്‍റെ അധിപനായ കഥയാണ് നിക്ക് മോക്കുറ്റ എന്ന 37കാരേന്റത്. റൊമാനിയയിൽ നിന്ന് 500 ഡോളറുമായി യു.എസിലെത്തിയാണ് മോക്കുറ്റ വലിയ ബിസിനസ് സാമ്രാജ്യത്തിന്‍റെ അധിപനായത്. ലോസ് എയ്ഞ്ചൽസിലെ വലിയ വാടകയുള്ള അപ്പാർട്ട്മെന്റുകളൊന്നും നിക്കിന് വാടകക്കെടുക്കാൻ സാധിച്ചില്ല. അതിനാൽ പാർക്കുകളിലെ ബെഞ്ചുകളിൽ കിടക്കാൻ അദ്ദേഹം നിർബന്ധിതനായി.
ആദ്യമായി നഗരത്തിലെത്തിയപ്പോൾ ഞാനൊരു കാബ് വിളിച്ചിരുന്നു. 100 ഡോളറാണ് ഡ്രൈവർ വാടകയായി വാങ്ങിയത്. ഈ സംഭവം ഞെട്ടിച്ചു. ഇതോടെ ഭക്ഷണം മക്ഡോണാൾഡിലെ ഒരു ഡോളർ ബർഗർ മാത്രമാക്കി കുറച്ചു. ചെലവ് ചുരുക്കാൻ ബർഗറിൽ അധിക ചീസ് വേണ്ടെന്ന് റസ്റ്ററന്‍റ് ജീവനക്കാരോട് പറഞ്ഞു.
പിന്നീട് കാർ പാർക്ക് ചെയ്യുന്നത് പോലുളള ചെറിയ ജോലികൾ നിക്കിന് ലഭിച്ചു. അതിൽ നിന്നും മിച്ചംപിടിച്ച പണമുപയോഗിച്ച് ഒരു ഫ്ലാറ്റ് വാടകക്കെടുക്കാൻ നിക്കിന് സാധിച്ചു. മാസങ്ങൾക്കകം നിക്കിന്‍റെ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുകയും അദ്ദേഹത്തിന് റിയൽ എസ്റ്റേറ്റ് ബ്രോക്കർ ലൈസൻസ് ലഭിക്കുകയും ചെയ്തു.
എന്നാൽ, ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് ഉൽപന്നങ്ങൾ ഇബേയിൽ വിറ്റതോടെയാണ് നിക്കിന്‍റെ തലവര തെളിഞ്ഞത്. ഇതോടെ ആറ് മാസത്തിനുള്ള നിക്കിന്‍റെ പ്രതിമാസ വരുമാനം 3000 മുതൽ 4000 ഡോളർ വരെയായി ഉയർന്നു. പിന്നീട് റിയൽ എസ്റ്റേറ്റ് മേഖലയിലെ ബ്രോക്കർ ജോലി ഉപേക്ഷിച്ച് ആമസോൺ, വാൾമാർട്ട് പോലുള്ള ഓൺലൈൻ സൈറ്റുകളിലും നിക്ക് സെല്ലറായി. ഇതോടെ നിക്കിന്‍റെ വരുമാനം വൻതോതിൽ ഉയർന്നു. ഇന്ന് യു.എസിൽ നിക്കിന്‍റെ ഉടമസ്ഥതയിൽ നിരവധി ഫ്ലാറ്റുകളും ആഡംബര കാറുകളും ഉണ്ട്.
പരാജയപ്പെടുമെന്ന ഭയമില്ലാത്തതാണ് തന്‍റെ വിജയരഹസ്യമെന്ന് നിക്ക് പറയുന്നു. ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. എഴ് തവണ തോറ്റപ്പോഴും എട്ടാം തവണ തിരിച്ചുവരുമെന്ന ദൃഢനിശ്ചയമാണ് തനിക്കുണ്ടായിരുന്നത്. വീട്ടിൽ നിന്നും ജോലി ചെയ്യാമെന്നുള്ളത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.