വീരമൃത്യു വരിച്ച ജവാൻ മുഹമ്മദ് ഹക്കീമിന് ഭാര്യ റംസീനയും മകൾ അഫ്സിൻ ഫാത്തിമയും അന്ത്യാഭിവാദ്യം ചെയ്യുന്നു

വീരമൃത്യു വരിച്ച ഹക്കീമിന് നിറകണ്ണുകളോടെ സല്യൂട്ട്​ നൽകി ഭാര്യയും മകളും

അകത്തേത്തറ (പാലക്കാട്): മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാൻ എസ്. മുഹമ്മദ് ഹക്കീമിന് (35) വിട നൽകി ജന്മനാട്. മൃതദേഹം പാലക്കാട് ധോണി ഉമ്മിണി സ്കൂളിൽ പൊതുദർശനത്തിന് ​െവച്ചപ്പോൾ ഭാര്യ റംസീനയും മകൾ അഫ്സിൻ ഫാത്തിമയും അവസാനമായി ഹക്കീമിന് സല്യൂട്ട് നൽകി. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഉമ്മിണി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

ഛത്തിസ്ഗഡിലെ സുകുമയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് പാലക്കാട് ധോണി പയറ്റാംകുന്ന് ഇ.എം.എസ് നഗറിലെ ദാറുസ്സലാമിൽ സുലൈമാന്റെ മകൻ മുഹമ്മദ് ഹക്കീം വീരമൃത്യു വരിച്ചത്. സി.ആർ.പി.എഫിന്റെ കമാൻഡോ ബറ്റാലിയൻ ഫോർ റസല്യൂട് ആക്‌ഷൻ എന്നറിയപ്പെടുന്ന കോബ്ര വിഭാഗത്തിൽ ഹെഡ് കോൺസ്റ്റബിളായിരുന്നു ഹക്കീം.

ഛത്തിസ്ഗഡിൽ നിന്ന് സി.ആർ.പി.എഫിന്റെ പ്രത്യേക വിമാനത്തിൽ കൊണ്ടുവന്ന മൃതദേഹം ഇന്നലെയാണ് പാലക്കാട് ധോണിയിലെ വീട്ടിൽ എത്തിച്ചത്. വ്യാ​ഴാഴ്ച രാവിലെ എട്ടുവരെ വീട്ടിലും ശേഷം ധോണി ഉമ്മിണി സ്കൂളിലും പൊതുദർശനത്തിന് ​െവച്ചു. ബുധനാഴ്ച രാത്രി വീട്ടിലെത്തിച്ച ദൗതിക ശരീരം വ്യാഴാഴ്ച രാവിലെ വീട്ടിലും തുടർന്ന് ഉമ്മിനി ഗവ. ഹൈസ്കൂൾ അങ്കണത്തിൽ സജ്ജീകരിച്ച പന്തലിലും പൊതുദർശനത്തിന് വെച്ചു. സമൂഹത്തിലെ നാനാതുറകളിലുള്ളവർ ഒരു നോക്കു കാണാനും അന്തിമോപചാരം അർപ്പിക്കാനുമെത്തി.

സംസ്ഥാന സർക്കാറിന് വേണ്ടി കലക്ടർ മൃൺമയി ജോഷി മൃതദേഹത്തിൽ പുഷ്പചക്രം സമർപ്പിച്ചു. വി.കെ. ശ്രീകണ്ഠൻ എം.പി, എ. പ്രഭാകരൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ കെ. ബിനു മോൾ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ബിജോയ്, അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സുനിത, വൈസ് പ്രസിഡന്‍റ്​ മോഹനൻ, ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ്, റവന്യു ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാനെത്തി.

സംസ്ഥാന സർക്കാറിന്റെയും സി.ആർ.പി.എഫിന്റെയും ഔദ്യോഗിക ബഹുമതിയായ ഗാർഡ് ഒഫ് ഓണർ നൽകി. തുടർന്ന് വിലാപയാത്രയായി ഉമ്മിണി ജുമാ മസ്ജിദിലെത്തിച്ചു. രാവിലെ പത്തരയോടെ ജനാസ നമസ്കാരത്തിന് ശേഷം മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ ഖബറടക്കി.


Tags:    
News Summary - Hometown bids adieu to CRPF jawan Hakeem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.