ഇരിങ്ങാലക്കുട: കാട്ടൂരിൽ ഓൺലൈൻ ആപ്പുവഴി സ്ത്രീ ശബ്ദത്തിൽ പരിചയപ്പെട്ട് ഹണിട്രാപ്പ് കവർച്ച നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുപീടിക സ്വദേശി പെരിങ്ങാട്ടു വീട്ടിൽ പ്രിൻസ് (23), നാട്ടിക സ്വദേശിയായ 17 വയസ്സുകാരൻ എന്നിവരെയാണ് റൂറൽ എസ്.പി നവനീത് ശർമയുടെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.കെ. ഷൈജുവിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ പി.പി. ജസ്റ്റിൻ അറസ്റ്റ് ചെയ്തത്. അരിമ്പൂർ സ്വദേശിയായ യുവാവാണ് ആക്രമിക്കപ്പെട്ടത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. അരിമ്പൂർ സ്വദേശിയായ യുവാവ് ഓൺലൈൻ ആപ്പിലൂടെ എയ്ഞ്ചൽ എന്ന അക്കൗണ്ടിലുള്ള സ്ത്രീയുമായി സൗഹൃദത്തിലായി. പെട്ടെന്നുതന്നെ ഇയാളുമായി സൗഹൃദം സ്ഥാപിച്ച സ്ത്രീ നേരിട്ട് കാണാനായി യുവാവിനെ വ്യാഴാഴ്ച രാവിലെ പത്തരയോടെ കോതറ പാലത്തിനോട് ചേർന്ന ബണ്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
ബൈക്കിൽ ഇവിടെയെത്തിയ യുവാവിനെ മൂന്നുപേർ ചേർന്ന് വളഞ്ഞ് മർദിച്ച് മൊബൈൽ ഫോണും പണവും കവർന്നു. സമൂഹമാധ്യമങ്ങളിലൂടെ സംഭവം പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി എ.ടി.എമ്മിൽ കൊണ്ടുപോയി 30,000 രൂപയും പിൻവലിപ്പിച്ച് അതും കൈക്കലാക്കി. പിന്നീട് യുവാവിനെ ബണ്ടിൽ തന്നെ കൊണ്ടുവന്ന് മർദിച്ച് അവശനാക്കി സംഘം സ്ഥലം വിട്ടു. നാണക്കേട് ഓർത്ത് ആദ്യം പരാതിപ്പെടാൻ മടിച്ചെങ്കിലും പിന്നീട് യുവാവ് വിവരം പൊലീസിൽ അറിയിച്ചു.
ഡിവൈ.എസ്.പി. ടി.കെ. ഷൈജു, കാട്ടൂർ ഇൻസ്പെക്ടർ പി.പി. ജസ്റ്റിൻ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് നാലു ദിവസത്തിനകം പ്രതികൾ അറസ്റ്റിലായത്. പരാതിക്കാരനിൽ നിന്ന് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ പൊലീസ് സംഘം ഓൺലൈൻ ഫെയ്ക്ക് ആപ്പുകൾ പരിശോധിച്ചും പ്രതികളുടെ രൂപസാദൃശ്യങ്ങൾ മനസ്സിലാക്കിയും നടത്തിയ അന്വേഷണത്തിനൊടുവിൽ വാഹനം തടഞ്ഞ് പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു.
ഫെയ്ക്ക് ആപ്പുകളുടെ സഹായത്തോടെ സ്ത്രീ ശബ്ദത്തിൽ സംസാരിച്ചത് പ്രതികളായ യുവാക്കൾ തന്നെ ആയിരുന്നെന്ന് പൊലീസ് പറഞ്ഞപ്പോഴാണ് പരാതിക്കാരൻ അറിയുന്നത്. മൂന്നാമനെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ മുൻകാല പ്രവൃത്തികളെക്കുറിച്ച് കുറിച്ച് കൂടുതൽ അന്വേഷിച്ചുവരികയാണ്.
എസ്.ഐ ശ്രീലക്ഷ്മി, എ.എസ്.ഐ കെ.എസ്.ശ്രീജിത്ത്, വി.എസ്. ശ്യാം, ശബരീകൃഷ്ണൻ, ഡ്രൈവർ സി.പി.ഒ ഷൗക്കർ എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.