ചിറ്റൂർ: രാഷ്ട്രീയവും സ്പിരിറ്റും നുരഞ്ഞ് അതിർത്തിയിലെ തെങ്ങിൻ തോപ്പുകൾ. രാഷ്ട്രീയ പിൻബലത്തോടെയുള്ള അനധികൃത കള്ളുൽപാദനവും അതിർത്തികൾ കേന്ദ്രീകരിച്ച കള്ള് വിൽപനയും എക്സൈസിനും പൊലീസിനും ഒരുപോലെ തലവേദനയാവുകയാണ്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കള്ളുൽപാദിപ്പിക്കുന്ന ചിറ്റൂരിൽനിന്നാണ് തെക്കൻ ജില്ലകളിലേക്കുൾപ്പെടെ കയറ്റി അയക്കുന്നത്. വീര്യം കൂട്ടാൻ സ്പിരിറ്റും പഞ്ചസാരയും സാക്കറിനുമെല്ലാം യഥേഷ്ടം ചേർക്കുന്നുണ്ട്. രാഷ്ട്രീയ നേതാക്കളുടെ മൗനാനുവാദത്തോടെയാണ് സ്പിരിറ്റ് കടത്ത് വ്യാപകമായി നടക്കുന്നത്. വ്യാജ കള്ള് നിർമാണവും വിൽപനയും തടയാൻ ഏറെ കൊട്ടിഘോഷിച്ച് സർക്കാർ കോടികൾ മുടക്കി കൊണ്ടുവന്ന മൊബൈൽ ലാബ് ഇപ്പോൾ നോക്കുകുത്തിയായി മാറി.
കള്ള് സാമ്പിളുകളിലെ പരിശോധനകളിൽ ഷാപ്പ് നടത്തിപ്പുകാർക്കെതിരെ വരുന്ന റിപ്പോർട്ട് നൽകരുതെന്ന് ഉന്നതങ്ങളിൽനിന്ന് തന്നെ ഉത്തരവുണ്ട്. കൃത്യമായി നിയമം പാലിക്കുന്ന ഉദ്യോഗസ്ഥരെ ഭരണസ്വാധീനമുപയോഗിച്ച് വെച്ചുപൊറുപ്പിക്കാതെ ഉടൻ സ്ഥലംമാറ്റുകയാണ്. ഭരണപക്ഷ പ്രാദേശിക നേതാക്കൾ ബിനാമികളെ ഉപയോഗിച്ച് നിരവധി ഷാപ്പുകളാണ് പ്രവർത്തിപ്പിക്കുന്നത്.
ജി.എസ്.ടിയുടെ വരവോടെ അതിർത്തിയിലെ ചെക്ക് പോസ്റ്റുകൾ നിർജീവമായതോടെയാണ് സ്പിരിറ്റ് കടത്ത് വ്യാപകമായത്. തമിഴ്നാട്ടിൽനിന്ന് ആഡംബര വാഹനങ്ങളിൽ ഉൾപ്പെടെ വലിയ തോതിൽ സ്പിരിറ്റ് കടത്ത് നടക്കുമ്പോഴും പിടിയിലാവുന്നത് വളരെക്കുറവ് മാത്രമാണ്. അതിർത്തിക്ക് സമീപം തമിഴ്നാട്ടിലെ രഹസ്യകേന്ദ്രങ്ങളിൽ സംഭരിക്കുന്ന സ്പിരിറ്റ് കാര്യമായ പരിശോധനകളില്ലാത്ത സമയങ്ങളിലാണ് അതിർത്തി കടത്തുന്നത്. അതിർത്തി കടന്ന് പരിശോധന നടത്താൻ സാധിക്കാത്തത് സ്പിരിറ്റ് കടത്തുകാർക്ക് അനുഗ്രഹമാവുകയാണ്.
തമിഴ്നാട്ടിൽ എക്സൈസ് വകുപ്പ് ഇല്ലാത്തതിനാൽ അവിടെ കാര്യമായ പരിശോധനകൾ ഉണ്ടാവാറില്ല. ചിറ്റൂരിലെ എക്സൈസ്, പൊലീസ് അധികൃതരെ അറിയിക്കാതെ നടത്തുന്ന സ്പെഷൽ സ്ക്വാഡ് പരിശോധനകളിൽ മാത്രമാണ് കഞ്ചാവുൾപ്പെടെയുള്ള നിരോധിത ലഹരി വസ്തുക്കളും സ്പിരിറ്റും പിടികൂടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.