കോട്ടയം: ജോസ് വിഭാഗത്തിെൻറ രാഷ്ട്രീയ നിലപാട് തദ്ദേശ,-നിയമസഭ തെരഞ്ഞെടുപ്പുകളിൽ മധ്യകേരളത്തിലും കുടിയേറ്റ മേഖലകളിലും ഇടതുമുന്നണിക്ക് കരുത്തായേക്കും.
പ്രത്യേകിച്ച് സഭകൾക്ക് സ്വാധീനമുള്ള മേഖലകളിൽ. തദ്ദേശ തെരഞ്ഞെടുപ്പ് നിയമസഭ തെരഞ്ഞെടുപ്പിെൻറ ടെസ്റ്റ് ഡോസായിരിക്കെ ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലും മലബാറിലെ കുടിയേറ്റ പ്രദേശങ്ങളിലും ശക്തി പ്രകടത്തിനൊരുങ്ങുകയാണ് ജോസ് പക്ഷം.
ഇവിടങ്ങളിൽ ഇടതുമുന്നണിക്ക് നേരിയ മേൽകൈ ലഭിച്ചാൽ പോലും യു.ഡി.എഫിന് തിരിച്ചടിയാകും. ഇടതുമുന്നണി ജോസ്പക്ഷത്തിലൂടെ തുടർഭരണവും ലക്ഷ്യമിടുന്നുണ്ട്. ചെറിയ വോട്ടുകൾക്ക് കൈവിട്ട മണ്ഡലങ്ങളിലെ ജയസാധ്യതയും തള്ളുന്നില്ല.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് 15 സീറ്റിൽ മത്സരിച്ചു. 11 ൽ മാണി പക്ഷവും നാലിൽ ജോസഫും. ജയിച്ചത് ആറിടത്തും. പാല, ഇടുക്കി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ മാണിയും തൊടുപുഴയിലും കടുത്തുരുത്തിയിലും ജോസഫും ജയിച്ചു. ചാലക്കുടി, ഏറ്റുമാനൂർ, പൂഞ്ഞാർ, തിരുവല്ല, ഇരിങ്ങാലക്കുട, പേരാമ്പ്ര, തളിപ്പറമ്പ്, ആലത്തൂർ, കുട്ടനാട്, കോതമംഗലം എന്നിവിടങ്ങളിൽ പരാജയപ്പെട്ടു.
ഈ സീറ്റുകളധികവും ഇടതുമുന്നണിയോട് ചോദിക്കാനാണ് ജോസ് പക്ഷത്തിെൻറ തീരുമാനം. പാലായടക്കം 12 സീറ്റുകൾ വരെ ലഭിച്ചേക്കുമെന്നാണ് സൂചന.
പാലായിൽ എൻ.സി.പിയെയും കാഞ്ഞിരപ്പള്ളിയിൽ സി.പി.ഐയെയും മെരുക്കേണ്ട ദൗത്യവും സി.പി.എമ്മിനുണ്ട്. നൽകുന്ന സീറ്റിൽ പേരാമ്പ്രയും ഉണ്ട്. തളിപ്പറമ്പും ആലത്തൂരും ഇല്ല. ചില സീറ്റുകളുടെ വെച്ചുമാറ്റവും ഉണ്ടായേക്കും. മധ്യകേരളത്തിൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന റിപ്പോർട്ടാണ് സി.പി.എം ജില്ലകമ്മിറ്റികൾ നടത്തിയ പഠന റിപ്പോർട്ടിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.