തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ ശിക്ഷകൾ വർധിപ്പിച്ചും നിയമം കർശനമാക്കിയും ഭേദഗതി ഓർഡിനൻസ് പുറപ്പെടുവിച്ചെങ്കിലും വ്യവസ്ഥകളിൽ ദുരുപയോഗ സാധ്യത. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരായ അക്രമത്തിന് കനത്തശിക്ഷ നൽകുന്ന ഓർഡിനൻസ് അനിവാര്യമാണെന്നതിൽ രണ്ടഭിപ്രായമില്ല. എന്നാൽ, സുരക്ഷ ജീവനക്കാരെ ആരോഗ്യപ്രവർത്തകരിൽ ഉൾപ്പെടുത്തിയതിനൊപ്പം കൃത്യമായി നിർവചിക്കാതെ ‘അക്രമ പ്രവർത്തനത്തിനുള്ള ശ്രമവും പ്രേരണയും പ്രചോദനവും’ ആറു മാസത്തിൽ കുറയാത്ത തടവിന് കാരണമാകുമെന്ന വ്യവസ്ഥയുടെ ദുരുപയോഗ സാധ്യതയാണ് ആശങ്കയുയർത്തുന്നത്.
പാർക്കിങ് മുതൽ പ്രവേശനം വിലക്കുന്നതു വരെയുള്ള കാരണങ്ങളുടെ പേരിൽ സെക്യൂരിറ്റി ജീവനക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും പതിവ് കാഴ്ചയാണ്. ഇത് ‘ആക്രമണത്തിനുള്ള ശ്രമവും പ്രചോദനവും പ്രേരണ’യുമായി വ്യാഖ്യാനിച്ച് നിയമവഴിയിലേക്ക് കടന്നാൽ ആരോഗ്യകരമല്ലാത്ത സാഹചര്യങ്ങളും അനിശ്ചിതാവസ്ഥയുമാകും പാവങ്ങളുടെ ആശ്രയമായ സർക്കാർ ആശുപത്രികളിൽ സൃഷ്ടിക്കുക. ഈ ദുരുപയോഗ സാധ്യത തടയാനുള്ള വ്യവസ്ഥകൾ നിയമദേഭഗതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുസംബന്ധിച്ച ചോദ്യത്തിന് വാർത്തസമ്മേളനത്തിൽ മന്ത്രിക്കും കൃത്യമായ മറുപടിയുണ്ടായില്ല. ഫലത്തിൽ പരാതി ലഭിച്ചാൽ ഒരു മണിക്കൂറിനകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലേക്കാവും കാര്യങ്ങളെത്തുക. മെഡിക്കൽ കോളജുകളിലടക്കം സെക്യൂരിറ്റി ജീവനക്കാർ കൂട്ടിരിപ്പുകാരെ മർദിച്ച നിരവധി സംഭവങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സെക്യൂരിറ്റി ജീവനക്കാരിൽനിന്നുള്ള ഇത്തരം ഏകപക്ഷീയ ആക്രമണങ്ങൾക്കും നിയമവ്യാഖ്യാനങ്ങളിൽ ഇര പ്രതിയാകുന്ന സ്ഥിതിയാണുണ്ടാവുകയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വകാര്യ ആശുപത്രികളിലെ സെക്യൂരിറ്റി ജീവനക്കാർക്കും നിയമപരിരക്ഷയുണ്ടാകും. സർക്കാർ ആശുപത്രികളിൽ പൊതുസംവിധാനമെന്നനിലയിൽ ഏതെങ്കിലും തരത്തിലെ നിയന്ത്രണ സംവിധാനമുണ്ടെങ്കിൽ സ്വകാര്യ ആശുപത്രികളിൽ ആരു നിയന്ത്രിക്കുമെന്നതും ചോദ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.