കോട്ടക്കൽ (മലപ്പുറം): ജീവിത പ്രാരബ്ധങ്ങൾക്കിടയിലും ഹയർ സെക്കൻഡറി പരീക്ഷയിൽ സമ്പൂർണ എ പ്ലസ് നേടി അതിജീവനത്തിന് പുത്തൻ മാതൃക തീർത്ത കോട്ടക്കലിലെ ജയസൂര്യക്ക് വീടൊരുക്കാൻ സുമനസ്സുകൾ കൈകോർക്കുന്നു. ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു ജയസൂര്യക്കും കുടുംബത്തിനും വീടൊരുക്കാൻ ഭൂമി വാഗ്ദാനം ചെയ്തു. ‘മാധ്യമം’വാർത്ത നൽകിയതിന് പിന്നാലെ മിടുക്കന് അഭിനന്ദന പ്രവാഹമാണ്. വിവിധ കോണുകളിൽനിന്ന് ഇതിനകം സഹായങ്ങൾ എത്തി. ഇതിന് പിന്നാലെയാണ് ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു കോട്ടക്കലിലെത്തിയത്. പടിഞ്ഞാക്കരയിലെ താമസസ്ഥലത്തെത്തിയ അദ്ദേഹം വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു.
ജയസൂര്യക്ക് വീടൊരുക്കുമെന്ന് നാസർ മാനു പ്രഖ്യാപിച്ചു. വീട് നിർമാണത്തിന് സുമനസ്സുകളുടെ സഹായവും അഭ്യർഥിച്ച അദ്ദേഹം വാടകവീട്ടിൽനിന്ന് താൽക്കാലികമായി പടപ്പറമ്പിലെ സുരക്ഷിത വീട്ടിലേക്ക് മാറ്റാമെന്നും പറഞ്ഞു. ജില്ല പഞ്ചായത്ത് അംഗം ടി.കെ. റഷീദലി, പ്രമോദ് ചെറായി, ശ്രീധരൻ, നിഹാൽ എന്നിവരും അദ്ദേഹത്തോടൊപ്പം എത്തിയിരുന്നു. സ്കൂളില്ലാത്ത സമയങ്ങളിൽ കൂലിപ്പണി ചെയ്തായിരുന്നു ജയസൂര്യയുടെ പഠനം. രോഗത്തെ തുടർന്ന് തളർന്ന അച്ഛനെയും കോവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട ആക്രിശേഖരണ ജോലിക്കാരിയായ മാതാവിനെയും ജയസൂര്യയാണ് നോക്കിയിരുന്നത്.
കോട്ടക്കലിലെ വാട്സ്ആപ് കൂട്ടായ്മയിലെ അംഗങ്ങൾ സമാഹരിച്ച തുകകൊണ്ട് വാങ്ങിയ ലാപ്ടോപ് കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ജയസൂര്യക്ക് കൈമാറി. പെരിന്തൽമണ്ണ ജോയ് ആലുക്കാസ്, യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ തുടങ്ങിയ സ്ഥാപനങ്ങളും സംഘടനകളും ഉപഹാരം നൽകി അനുമോദിച്ചു. നാടിെൻറ അഭിമാനമായി മാറിയിരിക്കുകയാണ് രാജണ്ണെൻറയും ഗോവിന്ദമ്മയുടെയും മകൻ ജയസൂര്യ. സഹായങ്ങൾ സ്വീകരിക്കാൻ ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. വിലാസം: ജയസൂര്യ ആർ. അക്കൗണ്ട് നമ്പർ: 855911610000069. ഐ.എഫ്.എസ്.സി: BKID 0008559. ഫോൺ: 7994629014.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.