വീട്ടമ്മമാരുടെ ശ്രദ്ധക്ക്​

ന്യൂഡല്‍ഹി: സ്വന്തം അക്കൗണ്ടിലേക്ക് മറ്റുള്ളവരുടെ പണം നിക്ഷേപിക്കാന്‍ അനുവദിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ ഒത്താശ ചെയ്യരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ്. ജന്‍ധന്‍ അക്കൗണ്ടും ഉദ്യോഗസ്ഥയല്ലാത്ത വീട്ടമ്മമാര്‍, കൈത്തൊഴിലുകാര്‍ എന്നിങ്ങനെ വളരെ കുറച്ചുമാത്രം ബാങ്കിടപാട് നടത്തുന്നവരുടെ അക്കൗണ്ടും കള്ളപ്പണം ഒളിപ്പിക്കാനുള്ള ഇടങ്ങളാക്കി മാറ്റിയാല്‍ അക്കൗണ്ട് ഉടമ ആദായനികുതി വകുപ്പിന്‍െറ വലയില്‍ കുടുങ്ങുമെന്ന് ധനമന്ത്രാലയം താക്കീതുനല്‍കി.

സ്വന്തം പണം മറ്റുള്ളവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ അനുവദിച്ചാല്‍ പ്രതിഫലം വാഗ്ദാനം ചെയ്യുന്നതായി വിവരമുണ്ടെന്ന് ധനമന്ത്രാലയം വിശദീകരിച്ചു. അസാധു നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ഡിസംബര്‍ 30 വരെ നല്‍കിയ സാവകാശം ഇത്തരത്തില്‍ ദുരുപയോഗിക്കുന്നുണ്ട്.

കള്ളപ്പണ വേട്ടക്ക് സര്‍ക്കാര്‍ തുടങ്ങിവെച്ചിരിക്കുന്ന നടപടികള്‍ ജനങ്ങളുടെ സഹകരണമില്ളെങ്കില്‍ പരാജയപ്പെടും. അതുകൊണ്ട് ഇത്തരം പ്രലോഭനങ്ങള്‍ക്ക് വഴങ്ങരുത്. കണ്ടുപിടിക്കപ്പെട്ടാല്‍ ആദായനികുതി നിയമപ്രകാരം കുറ്റവിചാരണ നേരിടേണ്ടിവരും. കള്ളപ്പണം മാനവികതക്കെതിരായ കുറ്റമാണെന്നും ധനമന്ത്രാലയം ഓര്‍മിപ്പിച്ചു. 

രണ്ടര ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി വകുപ്പിന്‍െറ നിരീക്ഷണം ഉണ്ടാവില്ളെന്ന് നേരത്തേ സര്‍ക്കാര്‍ പറഞ്ഞിരുന്നു. ജന്‍ധന്‍ അക്കൗണ്ടിലാണെങ്കില്‍ അര ലക്ഷം വരെ അക്കൗണ്ട് ഉടമക്ക് നിക്ഷേപിക്കാം. എന്നാല്‍, ഈ അവസരം ദുരുപയോഗിക്കപ്പെടുകയാണെന്ന് സര്‍ക്കാര്‍ പറയുന്നു. പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ പെര്‍മനന്‍റ് അക്കൗണ്ട് നമ്പര്‍ (പാന്‍) നിര്‍ബന്ധമാക്കി. സഹകരണ ബാങ്കിലടക്കം അക്കൗണ്ടുകള്‍ക്ക് പാന്‍ വേണം. 50,000 രൂപ ഒറ്റത്തവണയായി സ്ഥിരനിക്ഷേപം നടത്തിയാല്‍ പാന്‍ കാണിക്കണം. രണ്ടര ലക്ഷമോ അതിന് മുകളിലോ പല ഘട്ടങ്ങളായി നിക്ഷേപിച്ചാലും പാന്‍ വേണം.

സ്വര്‍ണവും വജ്രവുമൊക്കെ സൂക്ഷിക്കുന്ന ബാങ്ക് ലോക്കറുകള്‍ മുദ്രവെക്കാന്‍ സര്‍ക്കാറിന് ഉദ്ദേശ്യമില്ളെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ലോക്കറുകളിലെ സ്വര്‍ണവും മറ്റും കണ്ടുകെട്ടാനും നീക്കമില്ല.

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിശദീകരണം. അനാവശ്യ പരിഭ്രാന്തി വേണ്ടെന്ന് കഴിഞ്ഞദിവസം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞതിന് പിന്നാലെയാണ് വീണ്ടും വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തുവന്നത്.

2,000 രൂപ കറന്‍സി നോട്ടുകളുടെ അച്ചടിമഷി പടരുന്നുവെന്ന ആക്ഷേപം ധനമന്ത്രാലയം ഒട്ടൊക്കെ ശരിവെച്ചിരിക്കുകയാണ്. ഒറിജിനല്‍ നോട്ട് വസ്ത്രത്തില്‍ ഉരസുമ്പോള്‍ നേരിയ വൈദ്യുതി പ്രവാഹം (ടര്‍ബോ ഇലക്ട്രിക് ഇഫക്ട്) സംഭവിക്കുന്നു. അതുമൂലമാണ് നോട്ടിലെ മഷി വസ്ത്രത്തിലേക്ക് പടരുന്നതെന്നാണ് വിശദീകരണം.

 

Tags:    
News Summary - for house wives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.