കട്ടപ്പന (ഇടുക്കി): കൊച്ചുതോവാളയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കട്ടപ്പന കൊച്ചുതോവള കൊച്ചുപുരക്കൽ ജോർജിെൻറ ഭാര്യ ചിന്നമ്മയെ (60) വ്യാഴാഴ്ച പുലർച്ച വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് വെള്ളിയാഴ്ച പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.
മലഞ്ചരക്ക് വ്യാപാരിയായ ജോർജും ഭാര്യ ചിന്നമ്മയും മാത്രമാണ് സംഭവദിവസം വീട്ടിലുണ്ടായിരുന്നത്. ചിന്നമ്മ ധരിച്ചിരുന്ന നാലുപവൻ ആഭരണങ്ങൾ കാണാതായ സംഭവം മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്ന സംശയം ജനിപ്പിച്ചിരുന്നു. പുറത്തുനിന്ന് ആരെങ്കിലും ഉള്ളിൽ കടന്ന് കൃത്യം നടത്തിയശേഷം കടന്നുകളഞ്ഞിരിക്കാമെന്നാണ് പൊലീസ് നിഗമനം. ചിന്നമ്മയുടെ ഭർത്താവും സംശയ നിഴലിലാണ്.
പുലര്‍ച്ച നാലരക്ക് ഉണർന്ന താൻ മുകളിലെ നിലയില്‍നിന്ന് താഴെയെത്തിയപ്പോൾ ചിന്നമ്മയെ മുറിക്കുള്ളിൽ വീണുകിടക്കുന്ന നിലയില്‍ കണ്ടെന്നാണ് ജോർജ് നൽകിയ മൊഴി. ജോർജിെൻറ ബഹളംകേട്ട് എത്തിയ അയല്‍വാസികൾ ചിന്നമ്മയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ചിന്നമ്മ പ്രമേഹം അടക്കം രോഗങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇന്‍ക്വസ്റ്റ് നടപടിയില്‍ ചിന്നമ്മയുടെ മൃതദേഹത്തില്‍ മുറിവുകളോ പാടുകളോ കണ്ടെത്തിയിരുന്നില്ല. വീടിെൻറ പിന്‍വാതില്‍ തുറന്നാണ് കിടന്നിരുന്നത്. മൽപിടിത്തത്തിെൻറ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ജോർജും ചിന്നമ്മയും വ്യാഴാഴ്ച തൃശൂരില്‍ മകളുടെ വീട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു.
അതേസമയം, കൊലപാതകം ആസൂത്രിതമാണെന്ന സംശയം പൊലീസിനുണ്ട്. വീടിനെക്കുറിച്ച് വ്യക്തമായി അറിവുള്ളവരാകാം കൃത്യത്തിന് പിന്നിൽ. സംഭവത്തിൽ അയൽവാസികളുടെയും വീട്ടുകാരുടെയും വിശദ മൊഴി രേഖപ്പെടുത്തും. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളും ശേഖരിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശനിയാഴ്ച 12ന് കട്ടപ്പന സെൻറ് ജോർജ് യാക്കോബായ സിറിയൻ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.