പഠനാവശ്യത്തിനുള്ള മൊബൈൽ റേഞ്ച് കിട്ടാനായി മരത്തിൽ കയറിയ വിദ്യർഥിക്ക് വീണു പരിക്കേറ്റ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്തു. കൂത്തുപറമ്പ് ചിറ്റാരിപറമ്പിനടുത്ത് കണ്ണവം വനമേഖലയിൽ ഉൾപ്പെടുന്ന പന്നിയോട് ആദിവാസി കോളനിയിലെ വിദ്യാർഥിക്കാണ് കഴിഞ്ഞ ദിവസം മരത്തിൽ നിന്ന് വീണ് പരിക്കേറ്റത്. കണ്ണൂർ ജില്ലാ കലക്ടറോട് റിപ്പോർട്ട് നൽകാൻ മനുഷ്യാവകാശ കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്ലസ് വൺ അലോട്ട്മെന്റ് വിവരങ്ങൾക്കായി ഇന്‍റർനെറ്റ് കിട്ടാനാണ് പന്നിയോട് ആദിവാസി കോളനിയിലെ പി. ബാബു -ഉഷ ദമ്പതികളുടെ മകൻ അനന്തു ബാബു മരത്തിൽ കയറിയത്. മരത്തിൽ നിന്ന് കൊെമ്പാടിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ നാട്ടുകാർ ആദ്യം കൂത്തുപറമ്പ് താലൂക്ക് ആശുപതിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചു. ഗുരുതര പരിക്കായതിനാൽ പിന്നീട് കണ്ണൂർ ഗവ: മെഡിക്കൽ കോളേജിലേക്ക് മാറ്റി. തലയ്ക്കും കാലിനും മുതുകിലും പരുക്കേറ്റ അനന്തു ബാബുവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.
വനമേഖലയിൽ ഉൾപ്പെടുന്ന പന്നിയോട് ഭാഗത്ത് മൊബൈൽ റേഞ്ച് പരിമിതമായ തോതിലെ ലഭിക്കാറുള്ളു. ഇതിനെ തുടർന്ന് റേഞ്ച് ലഭിക്കാനായി വിദ്യാർഥികൾ മരത്തെയാണ് പലപ്പോഴും ആശ്രയിക്കാറുള്ളത്. ഇത് സംബന്ധിച്ച് അടുത്തകാലത്തായി മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ വിവരങ്ങൾ ശേഖരിക്കുകയും പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നെങ്കിലും പരിഹാരമുണ്ടായിരുന്നില്ല.
അനന്ത് ബാബുവും അടുത്ത കാലം വരെയും മരത്തിൽക്കയറിയാണ് ഓൺലൈനിൽ പഠിച്ചു കൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം അലോട്ട്മെന്റ് വിവരങ്ങൾ അറിയാനായാണ് മരത്തിൽ കയറിയത്.
മൊബൈൽ റേഞ്ച് കിട്ടാത്തതിനാൽ ആദിവാസി കോളനികളിലയടക്കം വിദ്യാർഥികൾ ഒാൺലൈൻ പഠനത്തിന് സാഹസിക വഴികൾ തേടുന്നത് അധികൃതരുടെ ശ്രദ്ധയിലെത്തിയിട്ടും പരിഹാരമുണ്ടായിരുന്നില്ല. സംഭവത്തെ മനുഷ്യാവകാശ കമീഷനും ബാലാവകാശ കമീഷനും ഗൗരവമായി പരിശോധിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.