എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണൻ അറസ്റ്റിൽ

മണ്ണാർക്കാട് (പാലക്കാട്): അട്ടപ്പാടിയിലെ ആദിവാസികളുടെ കുടിൽ കത്തിച്ചെന്നും ആക്രമിച്ചെന്നും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നുമുള്ള പരാതിയിൽ അറസ്റ്റിലായ എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണനെ മണ്ണാർക്കാട് ജില്ല പട്ടികജാതി, പട്ടികവർഗ സ്പെഷൽ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പാലക്കാട് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത അജി കൃഷ്ണനെ ജില്ല ജഡ്ജി കെ.എൻ. രതീഷ് കുമാറാണ് ചൊവ്വാഴ്ച വൈകീട്ട് നാല് മുതൽ ബുധനാഴ്ച വൈകീട്ട് അഞ്ച് വരെ കസ്റ്റഡിയിൽ വിട്ടത്. അജി കൃഷ്ണനെതിരെയും എച്ച്.ആർ.ഡി.എസിനെതിരെയും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ജില്ല ഭരണാധികാരികളുടെ അനുമതിയില്ലാതെ ഇവർ ആദിവാസികൾക്ക് പല മരുന്നുകളും വിതരണം നടത്തുന്നുണ്ടെന്നും പെൺകുട്ടികളെ റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ടും ആരോപണമുയർന്നിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്താൻ കസ്റ്റഡിയിൽ വിടണമെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്.

എന്നാൽ, ഒരു വർഷം മുമ്പ് നടന്നെന്ന് പറയുന്ന സംഭവത്തിൽ കേസെടുത്ത് അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലാണെന്ന് എതിർഭാഗം വാദിച്ചു. രണ്ട് ദിവസം കസ്റ്റഡിയെന്ന പ്രോസിക്യൂഷൻ വാദം തള്ളിയ കോടതി ഒരു ദിവസത്തെ കസ്റ്റഡി അനുവദിച്ചു. ബുധനാഴ്ച വൈകീട്ട് അഞ്ചിന് കോടതിയിൽ ഹാജരാക്കണം. ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന് ജോലി നൽകിയ എൻ.ജി.ഒ സംഘടനയാണ് എച്ച്.ആർ.ഡി.എസ്. ഇതിന്റെ സ്ഥാപകനും സെക്രട്ടറിയുമാണ് അജി കൃഷ്ണൻ. 2021 ജൂണിൽ ഷോളയൂർ വട്ടലക്കി സ്വദേശി രാമൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. രാമൻ അന്ന് ഷോളയൂർ പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിരുന്നില്ല. തുടർന്ന് ആദിവാസി സംഘടനകൾ പട്ടികജാതി പട്ടികവർഗ കമീഷനും മനുഷ്യാവകാശ കമീഷനും പരാതി നൽകിയിരുന്നു.

വിദേശത്തായിരുന്ന അജി കൃഷ്ണൻ തിങ്കളാഴ്ചയാണ് അട്ടപ്പാടിയിലെത്തിയത്. തുടർന്നായിരുന്നു അറസ്റ്റ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എൻ. അജയൻ, പ്രതിഭാഗത്തിന് വേണ്ടി അഡ്വ. അബു താഹിർ, അഡ്വ. സജീർ എന്നിവർ ഹാജരായി. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫാഷിസമാണ് നടക്കുന്നതെന്നും ജാമ്യം കിട്ടിയ ശേഷം കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പറയുമെന്നും അജി കൃഷ്ണൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Tags:    
News Summary - HRDS secretary Aji Krishnan arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.