പത്തനംതിട്ട: പോപുലർ ഗ്രൂപ്പിന് ആന്ധ്രയിലും തമിഴ്നാട്ടിലും വൻ റിയൽ എസ്റ്റേറ്റ് നിക്ഷേപം. തിങ്കളാഴ്ച പോപുലർ ഫിനാൻസ് ഉടമകളുടെ കോന്നി വകയാറിലെ കുടുംബവീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻ നിക്ഷേപം സംബന്ധിച്ച രേഖകൾ ലഭിച്ചത്. രഹസ്യ ബാങ്ക് നിക്ഷേപരേഖകളും കണ്ടെടുത്തിട്ടുണ്ട്. പോപുലർ ഉടമ തോമസ് ഡാനിേയലിനെ തെളിവെടുപ്പിന് പൊലീസ് സംഘം തമിഴ്നാട്ടിലെത്തിച്ചു.
നിക്ഷേപമായി സ്വീകരിച്ച പണമാണ് അയൽ സംസ്ഥാനങ്ങളിൽ ഭൂമി വാങ്ങിക്കൂട്ടാൻ ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഭൂമി മുഴുവൻ സ്വന്തം പേരിലാണ് ഇവർ വാങ്ങിയിട്ടുള്ളത്. വിദേശ ബാങ്ക് അക്കൗണ്ട് രേഖകളും പിടികൂടിയതിലുണ്ട്. ജില്ല പൊലീസ് മേധാവി കെ.ജി. സൈമണിെൻറ നേതൃത്വത്തിലായിരുന്നു കുടുംബവീട്ടിലെ തെളിവെടുപ്പ്. പ്രമാണങ്ങൾ ഉൾപ്പെടെ നിരവധി രേഖകളാണ് പരിശോധനയിൽ കണ്ടെത്തിയത്. സൈബർ സെല്ലിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. സാമ്പത്തിക തട്ടിപ്പിൽ ഗൂഢാലോചനയും ആസൂത്രണവും നടന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
ശക്തമായ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പൊലീസ് തീരുമാനം. തെളിവെടുപ്പിനുശേഷം പ്രതികളെ കസ്റ്റഡിയിൽ വീണ്ടും ചോദ്യം ചെയ്യും. ശാഖകൾ കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പും നിക്ഷേപത്തുക എവിടേക്ക് മാറ്റിയെന്നും കണ്ടെത്തേണ്ടതുണ്ട്. പോപുലർ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ വരുന്നുണ്ടെന്നും അവയെല്ലാം കോന്നിയിൽ രജിസ്റ്റർ ചെയ്ത കേസുമായി ചേർത്ത് അന്വേഷണം തുടരുമെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു.
ഇതുവരെ 5000ത്തോളം പരാതികൾ വിവിധ സ്റ്റേഷനുകളിൽ ലഭിച്ചതായാണ് വിവരം. 75,000ത്തോളം നിക്ഷേപകരെങ്കിലും ഉണ്ടെന്നാണ് കണക്ക്. കേസിലെ അന്വേഷണ പുരോഗതി അറിയിക്കാൻ ഹൈകോടതി നിർദേശമുണ്ട്. 4000 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിലയിരുത്തൽ.
ചെറിയ തട്ടിപ്പ് അല്ല നടന്നിട്ടുള്ളതെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഐ.ജി ഹർഷിത അട്ടല്ലൂരി വ്യക്തമാക്കിരുന്നു. തട്ടിപ്പ് സംഘത്തിൽപെട്ട ഉടമയുടെ ഒരു മകളെ (റിയ ആൻ തോമസ്) പിടികൂടാനുമുണ്ട്. ഇവർ ഇപ്പോഴും ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.