രജീഷിനെതിരായ യു.എ.പി.എയും സസ്പെന്‍ഷനും പിന്‍വലിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍

കോഴിക്കോട്: മനുഷ്യാവകാശ പ്രവര്‍ത്തകനും കോഴിക്കോട് ഗവ. പോളിടെക്നിക്കിലെ ജീവനക്കാരനുമായ രജീഷ് കൊല്ലക്കണ്ടിക്കെതിരായ സസ്പെന്‍ഷന്‍ നടപടിയും അദ്ദേഹത്തിന്‍െറ പേരില്‍ ചുമത്തിയ യു.എ.പി.എ കേസും പിന്‍വലിക്കണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നിലമ്പൂരില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോവാദി നേതാക്കളുടെ ബന്ധുക്കളെ സഹായിച്ചതിന്‍െറ പേരിലാണ് രജീഷിനെ സസ്പെന്‍ഡ് ചെയ്തത്. ജില്ല പൊലീസ് മേധാവിയുടെ ശിപാര്‍ശ പ്രകാരമാണ് വകുപ്പുതല അന്വേഷണം പോലും നടത്താതെ സസ്പെന്‍ഡ് ചെയ്തത്.
പിന്നീട് നടപടി ന്യായീകരിക്കാന്‍ പരസ്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന പോരാട്ടം സംഘടനയുടെ നേതാവ് എം.എന്‍. രാവുണ്ണിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചു എന്ന കുറ്റം ചുമത്തുകയായിരുന്നു.
നിലമ്പൂര്‍ കൊലപാതകങ്ങള്‍ക്കെതിരെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന പൊതുപരിപാടിയിലുള്‍പ്പെടെ നിരവധി പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്ത രാവുണ്ണിക്കെതിരെ നവംബര്‍ 26ന് മാത്രമാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന്‍െറ പേരില്‍ മാനന്തവാടി പൊലീസ് കേസെടുത്തത്.
പൊതുരംഗത്ത് സജീവമായ ഒരാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചു എന്നുപറഞ്ഞ് യു.എ.പി.എ ചുമത്തുന്നതിന് എന്തടിസ്ഥാനമാണുള്ളതെന്നും അദ്ദേഹത്തിനെതിരായ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഇക്കാര്യം ചൂണ്ടിക്കാണിച്ച് എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരുമായ സച്ചിദാനന്ദന്‍, മീന കന്ദസാമി, ഒ. അബ്ദുറഹ്മാന്‍, കെ.ആര്‍. മീര, എന്‍. പ്രഭാകരന്‍, കല്‍പറ്റ നാരായണന്‍, പി.കെ. പാറക്കടവ്, ഡോ. പി. ഗീത, ബെന്യാമിന്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, ഭാസുരേന്ദ്ര ബാബു, ബി.ആര്‍.പി. ഭാസ്കര്‍, എന്‍.പി. രാജേന്ദ്രന്‍, ആര്‍.കെ. ബിജുരാജ്, എ. വാസു, ടി.എന്‍. ജോയ്, അഡ്വ. പി.എ. പൗരന്‍,  ഡോ. ബിജു, വിധു വിന്‍സന്‍റ്, കെ.കെ. രമ, സാദിക് ഉളിയില്‍, ഡോ. കെ.ടി. റാംമോഹന്‍, ഡോ. ടി.ടി. ശ്രീകുമാര്‍, ഡോ. പി.കെ. പോക്കര്‍, അഡ്വ. കാളീശ്വരം രാജ്, കെ.എസ്. മധുസൂദനന്‍ തുടങ്ങി 60 പേര്‍ ചേര്‍ന്ന് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, സി.പി. റഷീദ്, ഡോ. പി.ജി. ഹരി, ഷജില്‍ കുമാര്‍, സുജ ഭാരതി, അപര്‍ണ പ്രഭ എന്നിവര്‍ പങ്കെടുത്തു.

 

Tags:    
News Summary - Human Right

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.