ഭൂമി കൈയേറ്റം: അട്ടപ്പാടി ആദിവാസി മേഖലകളിൽ മനുഷ്യാവകാശ സംഘം സന്ദർശനം നടത്തി

കോഴിക്കോട് : വ്യാജരേഖയുണ്ടാക്കി ഭൂമികൈയേറ്റം നടത്തുന്ന അട്ടപ്പാടിയിലെ ആദിവാസി മേഖലകളിൽ ഇന്ത്യന് ഹ്യൂമന് റൈറ്റ്സ് മൂവ്മെന്റ് സംസ്ഥാന സമിതി അംഗങ്ങൾ സന്ദർശനം നടത്തി. മുൻമന്ത്രി എ.കെ. ബാലൻ തിരുവേണത്തിന് എത്തിയ മൂലഗംഗൽ, അതിനടുത്തുള്ള വെച്ചപ്പതി, വെള്ളകുളം, കുലിക്കൂർ പ്രദേശങ്ങളിലെ കൈയേറ്റ ഭൂമികളിലും ആദിവാസി ഊരുകളിലുമാണ് കൊച്ചിയിൽനിന്നെത്തിയ  മനു ഷ്യവകാശ സംഘം തെളിവെടുപ്പ് നടത്തിയത്.

 

ഭൂമാഫിയ സംഘത്തിൻറെ നിരന്തര ഭീഷണി നേരിടുകയാണെന്ന് മൂലഗംഗലിലെ ആദിവാസികൾ മനുഷ്യാവകാശ പ്രവർത്തകരോട് പറഞ്ഞു. ഏതുനിമിഷവും ഊരുകളിൽനിന്ന് കുടിയിറപ്പെടാവുന്ന അവസ്ഥയിലാണ്. പുറത്തുനിന്നുള്ളവർ നിരന്തരം ഊരുകളിക്ക് കടന്ന വന്ന് ഭൂഷണിപ്പെടുത്തുകയാണ്. ഹൈകോടതി ചീഫ് ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായിയെ നേരിട്ട് കണ്ട് വോലിസ്വാമി, മുരുകൻ തുടങ്ങിയവർ പരാതി നൽകിയിരുന്നു. ഹൈകോടതിയുടെ നിർദേശ പ്രകാരം പാലക്കാട് ലീഗൽ സർവീസസ് സൊസൈറ്റിയിലെ വക്കീലന്മാർ ഊരുകളിലെത്തി കൈയേറ്റം സംബന്ധിച്ച് അന്വേഷണം നടത്തി. അവർ കോടതിക്ക് റിപ്പോർട്ട് നൽകുമെന്നും  അറിച്ചതായും  ആദിവാസികൾ പറഞ്ഞു. എന്നാൽ, ഈ പ്രദേശത്തും ഭൂമി കൈയേറ്റം തുടരുകയാണ്.

 

എറണാകുളം സ്വദേശികളായ സിനിമ നിർമാതാക്കൾ മോഹനനും ജഗദീഷ് ചന്ദ്രനും നൽകിയ ഹരജി തള്ളിയ ഹൈ കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആദിവാസികൾക്ക് പൊലീസ്  സംരക്ഷണം നൽകണമെന്ന് ഉത്തരവിട്ടു. അതിന് ശേഷവും ഭീഷണി തുടരുകയാണെന്ന് ആദിവാസികൾ അന്വേഷണ സംഘത്തോട് പറഞ്ഞു. റവന്യൂ വകുപ്പ് അടക്കം സർക്കാർ സംവിധാനം കൈയേറ്റത്തിന് അനുകൂലമാണ്. വ്യാജ ആധാരം ഉണ്ടാക്കുന്നവർക്ക് വില്ലേജിൽനിന്ന് നികുതി രസീത് നൽകുന്നുണ്ട്. എന്നാൽ, ആദിവാസി ഭൂമിക്ക് നികുതി അടക്കാൻ വില്ലേജ് ഓഫീസുകളിൽ അനുവദിക്കുന്നില്ല.

 

വെച്ചപ്പതിയിൽ ടി.എൽ.എ കേസ് ( ആദിവാസി ഭൂമി അന്യാധീനപ്പെട്ട) നിലവിലുള്ള ഭൂമിയിൽ ഭൂമാഫിയ വൈദ്യുതി വേലി കെട്ടിയത് ആദിവാസികൾ ചൂണ്ടിക്കാണിച്ചു. അതുപോലെ വനാവകാശ നിയമപ്രകാരം ആദിവാസികൾക്ക് വ്യക്തിഗത വനാവകാശവും സാമൂഹിക വനാവകാശവും നൽകിയ മേഖലകളിലും വൈദ്യുതി വേലി കെട്ടിയിട്ടുണ്ട്. വനാവകാശം നൽകിയ ഭൂമിയിൽ ആദിവാസികൾക്കല്ലാതെ മറ്റാർക്കും തന്നെ അവകാശമില്ല. ഈ ഭൂമിക്കും വ്യാജ ആധാരം ഉണ്ടാക്കി  വേലികെട്ടിയെന്നാണ് ആദിവാസികൾ പറയുന്നത്. ഇതും മനുഷ്യാവകാശ പ്രവർത്തകർ നേരിൽ കണ്ടു.

 

ഒരേ ഭൂമിക്ക് ഒന്നിലധികംപേർ വ്യാജ ആധാരം ഉണ്ടാക്കുമ്പോഴാണ് ഭൂമിയുടെ പേരിൽ തർക്കം ഉണ്ടാകുന്നത്. ഇത്തരം തർക്കവും അട്ടപ്പാടി തഹസീദാർ പരിഹരിച്ചു നൽകുന്നുണ്ട്. റവന്യൂ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി വ്യാജ ആധാരങ്ങൾ ഒറിജിനൽ ആക്കി മാറ്റി നൽകുന്നതായും ആദിവാസികൾ ആരോപിച്ചു. തൃശൂർ ചാലക്കുടിയിലെ സനാതന ധർമ്മ ട്രസ്റ്റ്, പാലാരിവട്ടം കേന്ദ്രമായി പ്രവർത്തിക്കുന്ന നവനിർമാൺ ചാരിറ്റബിൽ ട്രസ്റ്റ്, കോട്ടത്തറ അഗ്രി ഫാമിങ് സൊസൈറ്റി, കോയമ്പത്തൂരുള്ള സനാതന ട്രസ്റ്റ് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ പേരിലാണ് ആദിവാസി ഭൂമി മറിച്ച് വിൽപ്പന നടത്തുന്നതെന്ന് ആദിവാസി മഹാസഭ കൺവീനർ ടി.ആർ ചന്ദ്രൻ മനുഷ്യാവകാശ സംഘത്തോട് പറഞ്ഞു.

 

അട്ടപ്പാടിയിലെ ആദിവാസികൾക്ക് മനുഷ്യാവകാശങ്ങളുടെയും ജനാധിപത്യ നിയമ നിർവഹണത്തിന്റെയും വഴികൾ സർക്കാർ സംവിധാനം തടയുകയാണെന്ന് സാമൂഹിക പ്രവർത്തകനായ എം. സുകുമാരൻ പറഞ്ഞു. ഭൂമാഫിയ സംഘത്തിന്റെ അധികാര ഇടപെടൽ ഭീകരമാവുകയാണ്. അതിനെ ചോദ്യം ചെയ്യാൻ അട്ടപ്പാടിയിൽ ആരുമില്ല. ആദിവാസി സംസ്കാരത്തെയും നീതിയെയും ജനാധിപത്യത്തെയും ഭൂമാഫിയ ചവിട്ടിമെതിക്കുകയാണ്. അട്ടപ്പാടിയിലെ രാഷ്ട്രീയ രംഗത്തെ ആഴത്തിൽ മാഫിയ പിടിമുറുക്കി കഴിഞ്ഞു. അതിനാലാണ് ഭൂമാഫിയയുടെ സമ്മർദ്ദം ആദിവാസികൾക്കുമേൽ വർധിക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസികൾക്ക് പറയാനുള്ളത് മനുഷ്യാവകാശ ധ്വംസനങ്ങളുടെ ചരിത്രമാണെന്നും സുകുമാരൻ ഓർമിപ്പിച്ചു.

ആദിവാസികൾ മാത്രം താമസിക്കുന്ന ഈ പ്രദേശങ്ങളിലെ കൈയേറ്റമെല്ലാം മനുഷ്യാകാശ സംഘം നേരിൽ കണ്ടു. ഇന്ത്യന് ഹ്യൂമന് റൈറ്റ്സ് മൂവ്മെന്റ് സംസ്ഥാന സമിതി അംഗങ്ങളായ  ഡോ. കെ പി ശങ്കരൻ, ബോബി തോമസ്, പി.എസ്. രാജീവ്, എൻ.എം. നാസർ, കെ..ടി മാർട്ടിൻ, മറുവാക്ക് എഡിറ്റർ അംബിക തുടങ്ങിയവരടങ്ങിയ സംഘമാണ് ജനകീയ തെളിവെടുപ്പ് നടത്തിയത്. 

Tags:    
News Summary - Human rights activists visited the tribal areas of Attappadi where land is being encroached upon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.