തിരുവനന്തപുരം : നെടുമങ്ങാട് ഡി.വൈ.എസ്.പി നടപടി ക്ഷണിച്ചു വരുത്തരുതെന്ന് മനുഷ്യാവകാശ കമീഷൻ. ഏപ്രിൽ 17ന് നടക്കുന്ന കമീഷൻ സിറ്റിങിൽ നേരിട്ട് ഹാജരാകാൻ ജില്ലാ റൂറൽ പൊലീസ് മേധാവി മുഖാന്തിരം ഡി.വൈ.എസ്.പിക്ക് സമൻസ് അയക്കാനും കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടു.
കോവിഡ് ബാധിച്ച് വീട്ടിൽ ക്വാറൻറീനിൽ കഴിഞ്ഞിരുന്ന ഭാര്യക്ക് ന്യൂമോണിയ കലശലായതിനെ തുടർന്ന് ഇരുചക്രവാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ നെടുമങ്ങാട് എസ്.ഐ വാഹനം തടഞ്ഞ് പിഴ ചുമത്തി അപഹസിച്ചതിനെതിരെ നെടുമങ്ങാട് വാളിക്കോട് സ്വദേശി കെ.ജെ.ബിനു സമർപ്പിച്ച പരാതിയിലാണ് നടപടി.പരാതി
അന്വേഷിക്കാൻ നെടുമങ്ങാട് ഡി.വൈ.എസ്.പിക്ക് കമീഷൻ 2021ജൂണിൽ നിർദേശം നൽകിയിരുന്നു. എന്നാൽ റിപ്പോർട്ട് നൽകിയില്ല. നാല് ഓർമ്മക്കുറിപ്പുകൾ അയച്ചിട്ടും മറുപടി നൽകിയില്ല. തുടർന്ന് 2023 ഫെബ്രുവരി 17 ന് റിപ്പോർട്ടുമായി നേരിട്ട് ഹാജരാകാൻ നിർദേശിച്ചു. എന്നാൽ ഹാജരായില്ല. തുടർന്ന് മാർച്ച് 16 ന് ഹാജരാകാൻ നിർദേശിച്ചെങ്കിലും ഹാജരായില്ല.
ഇത്തരം നടപടി പരാതിക്കാരന് നേരെയുള്ള മനുഷ്യാവകാശ ലംഘനമാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. ഡി.വൈ.എസ്.പിയുടെ നടപടി ഗൗരവമായി കാണുമെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു. ഡി.വൈ.എസ്.പി ക്കെതിരെ നടപടി സ്വീകരിക്കാതിരിക്കാൻ എന്തെങ്കിലും കാരണം ബോധിപ്പിക്കാനുണ്ടെങ്കിൽ അതും 17 ന് ഹാജരാക്കണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.