തിരുവനന്തപുരം: കഴക്കൂട്ടം കരിച്ചാറയിൽ കെ- റെയിൽ കല്ലിടുന്നതിനിടയിലുണ്ടായ പ്രതിഷേധത്തിൽ ബൂട്ടിട്ട് ചവിട്ടിയ സിവിൽ പൊലീസ് ഓഫിസർക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ നിർദേശം. തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് നിർദേശം നൽകിയത്.
മംഗലപുരം പൊലീസ് സ്റ്റേഷൻ സി.പി ഒ ഷെബീറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ജെ.എസ്. അഖിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.
ദിവസങ്ങൾക്കുമുമ്പ് കരിച്ചാറയിൽ കെ-റെയിൽ കല്ലിടലിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെയാണ് പൊലീസുകാരനായ ഷെബീറിന്‍റെ അതിക്രമമുണ്ടായത്. ഷെബീറിന്‍റെ ബൂട്ടിട്ടുള്ള ചവിട്ടേറ്റ് ജോയ് എന്നയാൾ നിലത്ത് വീഴുന്ന ദൃശ്യങ്ങൾ ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും വൈറലായി. തുടർന്ന്, സംഭവം വിവാദമാകുകയും റൂറൽ എസ്.പി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഷെബീറിനെ നന്ദാവനം എ.ആർ. ക്യാമ്പിലേക്ക് സ്ഥലംമാറ്റിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ വിഷയത്തിൽ മനുഷ്യാവകാശ കമീഷന്‍റെ ഇടപെടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.