കൊച്ചി: ഭാര്യയും ഭർത്താവും തമ്മിലെ അഭിപ്രായ ഭിന്നതയും ഒറ്റപ്പെട്ട വഴക്കുകളും ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. 25 വർഷം മുമ്പ് ഭാര്യ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിനെ കുറ്റമുക്തനാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് ജോൺസൺ ജോണിന്റെ നിരീക്ഷണം. 1998 ഡിസംബർ അഞ്ചിനായിരുന്നു സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മൂന്നുദിവസത്തിനുശേഷം യുവതി മരിച്ച സംഭവത്തിൽ തിരുവനന്തപുരം അഡീഷനൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി ഗാർഹിക പീഡനത്തിന് മൂന്നുവർഷം കഠിന തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചതിനെതിരെ ഭർത്താവ് നൽകിയ അപ്പീൽ അനുവദിച്ചാണ് ഉത്തരവ്.
ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുണ്ടായിരുന്നുവെന്നും ഇതിന്റെ തുടർച്ചയായി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കുകയായിരുന്നുവെന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്. സംഭവത്തിൽ യുവതി ഭർത്താവിനെതിരെ മൊഴി നൽകിയിരുന്നില്ല. എന്നാൽ, വിചാരണക്കോടതി ഗാർഹിക പീഡനക്കുറ്റം ചുമത്തി ഭർത്താവിനെ ശിക്ഷിച്ചു. ഇതിനെതിരെയായിരുന്നു അപ്പീൽ. പാൽ തിളപ്പിക്കുന്നതിനിടെ മണ്ണെണ്ണ സ്റ്റൗവിൽനിന്ന് യുവതിയുടെ സാരിക്ക് തീപിടിക്കുകയായിരുന്നുവെന്നാണ് അപ്പീലിലെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.