ബഹുമാന്യനായ ഹൈദർ അലി ശാന്തപുരം വിടവാങ്ങി. പണ്ഡിതൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, പ്രബോധകൻ, സംഘാടകൻ, ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയ്യ അലുമ്നി അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ ആറു പതിറ്റാണ്ട് നീണ്ട ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ച സംഭവബഹുലമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. 2011 മുതൽ 2020 വരെ അദ്ദേഹത്തിന്റെ കൂടെ സംഘടനയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചത് ഉൾപ്പെടെ അനേകം ഓർമകൾ അയവിറക്കാനുണ്ട്.
വ്യാപരിച്ച മേഖലകളിലെല്ലാം സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ചാണ് ഹൈദറലി സാഹിബ് വിടവാങ്ങിയത്. ശാന്തപുരം ഇസ്ലാമിയ്യ കോളജിലെയും മദീന യൂനിവേഴ്സിറ്റിയിലെയും പഠന ശേഷം അദ്ദേഹത്തിന്റെ സേവനം ‘പ്രബോധനം’ വാരികയിൽ സബ് എഡിറ്ററും ജമാഅത്തെ ഇസ്ലാമി സംസ്ഥാന ആസ്ഥാനത്ത് അസിസ്റ്റന്റ് സെക്രട്ടറിയുമായി തുടങ്ങി പിന്നീട് അന്തമാനിലേക്കും യു.എ.ഇയിലേക്കും വ്യാപിച്ചു. മൂന്നു പതിറ്റാണ്ടുകാലം അദ്ദേഹത്തിന്റെ പ്രവർത്തന മേഖല ദാറുൽ ഇഫ്തായുടെ പ്രതിനിധിയായി യു.എ.ഇയിലായിരുന്നു. അവിടെ പ്രസ്ഥാന സന്ദേശം വ്യാപിപ്പിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു.
പ്രവാസം അവസാനിപ്പിച്ചതിനു ശേഷം ജമാഅത്തെ ഇസ്ലാമി കേരള സംസ്ഥാന ശൂറാ അംഗം, കേന്ദ്ര പ്രതിനിധിസഭ അംഗം, അൽജാമിഅ അൽഇസ്ലാമിയ്യ ദഅ്വ കോളജ് പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച ഹൈദറലി സാഹിബ്, ജീവിത സായാഹ്നത്തിൽ തന്റെ പ്രവർത്തന മേഖല പൂർണമായും ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയ്യ അലുമ്നി അസോസിയേഷൻ കെട്ടിപ്പടുക്കുന്നതിനാണ് വിനിയോഗിച്ചത്. സംഘടന ഘടന ഭദ്രമാക്കുന്നതിലും പൂർവവിദ്യാർഥികളുടെ മുൻകൈയിൽ അൽജാമിഅക്ക് സ്ഥിരവരുമാനം ഉദ്ദേശിച്ച് പെരിന്തൽമണ്ണയിൽ വഖഫ് പ്രോജക്ട് ബിൽഡിങ് പണി പൂർത്തിയാക്കുന്നതിലും അദ്ദേഹത്തിന്റെ സംഘാടക മികവ് അനൽപമായ പങ്കുവഹിച്ചിട്ടുണ്ട്. രണ്ടുതവണ അസോസിയേഷൻ പ്രസിഡന്റായ അദ്ദേഹം, മരിക്കുമ്പോൾ അതിന്റെ മുഖ്യ ഉപദേശകനായിരുന്നു.
ലളിതവും മനോഹരവുമായ ഭാഷയിൽ അനായാസം എഴുതാൻ കഴിഞ്ഞിരുന്ന ഹൈദറലി സാഹിബിന് ജീവിതാവസാനം വരെ അത് തുടരാൻ കഴിഞ്ഞുവെന്നത് വിസ്മയകരമാണ്. വ്യക്തിപരമായി അദ്ദേഹത്തോട് വളരെ അടുത്ത് ഇടപഴകാൻ കഴിഞ്ഞത് വലിയ നേട്ടമായി ഞാൻ കരുതുന്നു. കൂടുതലും പൂർവവിദ്യാർഥി സംഘാടനവുമായി ബന്ധപ്പെട്ടാണ് ആ ബന്ധം വളർന്നത്. എഴുത്തിൽ മാത്രമല്ല, ജീവിതത്തിൽ ഉടനീളം പുലർത്തിയ സൂക്ഷ്മതയും കണിശതയും നല്ല മാതൃകയാണ് കുടുംബത്തിനും സമൂഹത്തിനും സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.