മലപ്പുറം: അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളുടെ ഭൗതികശരീരം മലപ്പുറം ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചു. ആയിരങ്ങളാണ് അന്തിമോപചാരം അർപ്പിക്കാനായി എത്തിയിട്ടുള്ളത്. ജനാസ നമസ്കാരവും നടക്കുന്നുണ്ട്.
ഞായറാഴ്ച വൈകീട്ട് ഭൗതികശരീരം പാണക്കാട്ടെ വീട്ടിലെത്തിച്ചിരുന്നു. ബന്ധുക്കൾക്ക് മാത്രമാണ് വീട്ടിൽ ദർശനത്തിന് അവസരം നൽകിയത്.
അസുഖ ബാധിതനായതിനെ തുടർന്ന് എറണാകുളം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചക്ക് 12.40 ഓടെയായിരുന്നു അന്ത്യം. അങ്കമാലിയിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. അതിന് ശേഷം വൈകീട്ട് മൂന്നു മണിയോട് കൂടി മലപ്പുറത്തേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച രാവിലെ 9 മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.
ഫെബ്രുവരി 22 മുതൽ ഹൈദരലി തങ്ങൾ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച മുതൽ ആരോഗ്യനില വഷളായി. ഇന്ന് രാവിലെ മുതൽ മരുന്നുകളോട് പ്രതികരിക്കാതയായ തങ്ങൾ ഉച്ചയോടെയാണ് മരിച്ചതെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.