കോഴിക്കോട്: കാപട്യമെ നിന്റെ പേരാണോ സി.പി.എം എന്ന് ആരെങ്കിലും വിളിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാപട്യം നിറഞ്ഞ പാര്‍ട്ടിയാണ് സി.പി.എം. കേരളത്തില്‍ ആദ്യമായി സീപ്ലെയിന്‍ കൊണ്ടുവരുന്നതിന്റെ പിതാക്കന്‍മാര്‍ എന്നാണ് ടൂറിസം വകുപ്പ് ഇപ്പോള്‍ നടിക്കുന്നത്.
പത്ത് വര്‍ഷം മുന്‍പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സീ പ്ലെയിന്‍ ലാന്‍ഡ് ചെയ്യിച്ചപ്പോള്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെടുമെന്നും അനുവദിക്കില്ലെന്നുമാണ് സി.പി.എം പറഞ്ഞത്. ഇപ്പോള്‍ അതേ പദ്ധതി ഏറ്റെടുക്കുന്ന സി.പി.എമ്മിന്റെ നടപടി കാപട്യമാണ്. സി.പി.എമ്മിന്റെ മുഖമുദ്ര തന്നെ കാപട്യമാണ്.
പൊലീസില്‍ ആര്‍.എസ്.എസിന്റെ കടന്നുകയറ്റമെന്നു പറഞ്ഞ സി.പി.ഐ നേതാവ് ആനിരാജയെ ഇവര്‍ അപമാനിച്ചു. സിവില്‍ സര്‍വീസിലും ഈ ശക്തികളുടെ കടന്നുകയറ്റമുണ്ടായിട്ടും സര്‍ക്കാര്‍ നടപടി എടുക്കുന്നില്ല. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തമ്മിലടിക്കുന്നു. ഉദ്യോഗസ്ഥര്‍ തമ്മില്‍ പോരടിക്കുമ്പോള്‍ സിവില്‍ സര്‍വീസില്‍ അച്ചടക്കം ഉണ്ടാക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. നടപടി എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.
അച്ചടക്കം ഇല്ലാതാകുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. സര്‍ക്കാരില്ലായ്മയാണ് കേരളം അനുഭവിക്കുന്നത്. ജനകീയ പ്രശ്‌നങ്ങളിലും പൊതുവിഷയങ്ങളിലും ഭരണത്തിലും പ്രതിഫലിക്കുന്ന വാക്കാണ് സര്‍ക്കാര്‍ ഇല്ലായ്മ. സര്‍ക്കാരിന്റെ സാന്നിധ്യം പോലുമില്ല. മുഖ്യമന്ത്രിയുടെ വകുപ്പ് പോലും ഭരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ്.
അവരാണ് നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടത്തിയതും പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചതും. സി.പി.എമ്മിന് കാപട്യമാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി നവീന്‍ ബാബുവിന്റെ വീട്ടില്‍ പോയി കുടുംബത്തിനൊപ്പമാണ് പാര്‍ട്ടിയെന്ന് പറയുമ്പോഴാണ് പാര്‍ട്ടി ഗ്രാമത്തില്‍ പ്രതിയെ സി.പി.എം ഒളിപ്പിച്ചത്. എം.വി ഗോവിന്ദന്‍ സ്വന്തം സഹധര്‍മ്മിണിയെ വിട്ടാണ് ജയിലില്‍ നിന്നും ഇറങ്ങിയ പ്രതിയെ സ്വീകരിച്ചത്.
പാലക്കാട് സി.പി.എം മൂന്നാം സ്ഥാനത്ത് വരും. മൂന്നാം സ്ഥാനത്ത് വരുമെന്ന് ഉറപ്പിച്ചിട്ടും ബി.ജെ.പിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനാണ് സി.പി.എം ശ്രമിക്കുന്നത്. കുഴല്‍പ്പണ ആരോപണത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നാണംകെട്ട് നില്‍ക്കുന്നതിനാലാണ് കോണ്‍ഗ്രസും കുഴല്‍പ്പണക്കാരാണെന്നു വരുത്തി തീര്‍ക്കാന്‍ മന്ത്രി എം.ബി രാജേഷ് ശ്രമിച്ചത്. എം.ബി രാജേഷ് ഫോണില്‍ വിളിച്ചതു കൊണ്ടാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയാതെയും വനിതാ ഉദ്യോഗസ്ഥര്‍ ഇല്ലാതെയും അര്‍ദ്ധരാത്രിയില്‍ മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍ മുറിയില്‍ റെയ്ഡിന് എത്തിയത്.
വനിതാ നേതാക്കളുടെ ഹോട്ടല്‍ മുറിയില്‍ അര്‍ദ്ധരാത്രി റെയ്ഡ് നടത്താന്‍ ഫോണില്‍ നിര്‍ദ്ദേശം നല്‍കുന്ന മന്ത്രിമാരുള്ളനാടാണ് കേരളം. ബി.ജെ.പിയുമായുള്ള സി.പി.എമ്മിന്റെ ബാന്ധവം വ്യക്തമായിരിക്കുകയാണ്. തൃശൂരിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കരുവന്നൂരും എസ്.എഫ്.ഐ.ഒയുമൊക്കെ എവിടെ പോയി എന്നും സതീശൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.