'കേരളാ പൊലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി...'; ഉമ്മയുടെ വസ്ത്രത്തിന്റെ പേരിലനുഭവിച്ച ദുരിതം തുറന്നെഴുതി യുവാവ് - വിഡിയോ

വസ്ത്രത്തിന്റെ പേരിൽ കേരളാ പൊലീസിൽ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്നെഴുതിയ യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു. കായംകുളം എം.എസ്.എം കോളജിൽ പഠിക്കുന്ന സഹോദരിയെ വിളിക്കാൻ ഞായറാഴ്ച രാവിലെ പോകുന്നതിനിടെ തനിക്കും മാതാവിനും പൊലീസിൽ നിന്നുണ്ടായ മോശം അനുഭവമാണ് അഫ്സല്‍ എന്ന യുവാവ് പങ്കുവെച്ചത്. പല വാഹനങ്ങളും പോകാന്‍ അനുവദിച്ചപ്പോഴും തങ്ങളുടെ വാഹനം മാത്രം പൊലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞുനിര്‍ത്തിയെന്നും, പർദ ധരിച്ച മാതാവിനോട് നിങ്ങളുടെ വസ്ത്രമാണ് പ്രശ്നം എന്ന് പറഞ്ഞെന്നും അഫ്സല്‍‌ പറയുന്നു. 'അങ്ങനെ കേരള പൊലീസിലെ സംഘിയെ ഞാനും കണ്ടെത്തി' എന്ന തലവാചകത്തോടെയാണ് യുവാവ് ദുരനുഭവം ഫേസ്ബുക്കിൽ കുറിക്കുന്നത്.

വാഹനം തടഞ്ഞുനിർത്തിയ ശേഷം ഇവരോട് വീട്ടിലേക്ക് തിരിച്ചുപോകാൻ ആവശ്യപ്പെട്ടു. രേഖകളും സത്യവാങ്മൂലവും കാണിച്ചിട്ടും മറ്റു പല വാഹനങ്ങൾ കടത്തിവിട്ടിട്ടും ഇവരോട് മാത്രം തിരിച്ചുപോകാൻ പൊലീസ് ഉദ്യോഗസ്ഥൻ പറയുകയായിരുന്നുവത്രെ. ഏഴ് പരിശോധനയും 70 കിലോമീറ്റർ ദൂരവും പിന്നിട്ടാണ് ഇവിടെ വരെ എത്തിയതെന്ന് അറിയിച്ചിട്ടും പൊലീസ് ഉദ്യോഗസ്ഥൻ പോകാൻ അനുവദിച്ചില്ലെന്നും അഫ്സൽ കുറ്റപ്പെടുത്തുന്നു. ഒടുവിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെയടക്കം ബന്ധപ്പെട്ട ശേഷമാണ് പോകാൻ അനുവദിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിൽനിന്ന്:

അങ്ങനെ കേരളാ പൊലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി...

കായംകുളം എം.എസ്.എം കോളജിൽ പഠിക്കുന്ന അനിയത്തിയെ രണ്ടാഴ്ചത്തേക്ക് കോളജ്‌ അടച്ചതിനാലും നാളെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കേണ്ടത് കൊണ്ടും വീട്ടിൽ കൊണ്ടുവരാനായി ഉമ്മച്ചി രാവിലെ പുറപ്പെട്ടു. രാവിലെ ആറിനുള്ള കുളത്തുപ്പുഴ- ആലപ്പുഴ ഫാസ്റ്റിലാണ് ഉമ്മച്ചി സ്‌ഥിരമായി കായംകുളം പോകുന്നത്. വീട്ടിൽനിന്നും 4 കിലോമീറ്റർ ദൂരത്താണ് ബസ് സ്റ്റോപ്. രാവിലെ എഴുന്നേറ്റ് ബസ് സ്റ്റോപ്പിൽ കൊണ്ടാക്കിയ ശേഷം ഞാൻ തിരികെ വന്നു. 6.30 ആയിട്ടും ബസ് കാണാത്തതിനാൽ കാർ എടുത്തുവരാൻ ഉമ്മച്ചി വിളിച്ചുപറഞ്ഞു.

ലോക്ഡൗൺ ആയതിനാൽ സത്യവാങ്മൂലവും കാറിന്റെ രേഖകളും എടുത്തുവെച്ചു. ഞാനും ഉമ്മച്ചിയും അഞ്ച് വയസുള്ള അനിയനും കാറിൽ പാരിപ്പള്ളി കൊല്ലം വഴി ഏകദേശം 65കിലോമീറ്റർ പിന്നിട്ട് ഓച്ചിറ എത്തി. ഏഴോളം പൊലീസ് പരിശോധന കഴിഞ്ഞാണ് അതുവരെ എത്തിയത്. അനിയത്തിയുടെ കോളജിൽ പോകുകയാണ് എന്ന് പറഞ്ഞപ്പോൾ അതുവരെയുള്ള എല്ലാ ചെക്കിങ്ങും പൊലീസ് കടത്തിവിട്ടു. ഓച്ചിറ എത്തിയപ്പോൾ പൊലീസ് തടഞ്ഞു. ഓച്ചിറ പൊലീസ് സ്റ്റേഷനിലെ ഐ.എസ്.എച്ച്.ഒ വിനോദ്. പി എന്ന ഉദ്യോഗസ്ഥനാണ് തടഞ്ഞത്. ഉമ്മച്ചി രേഖകളും സത്യവാങ്‌മൂലവും കാണിക്കുകയും മോളുടെ കോളജിൽ (എം.എസ്.എം കോളേജ്, 6 കിലോമീറ്റർ അപ്പുറം) പോകുകയാണ് എന്നും അറിയിച്ചു.

"നിങ്ങൾ പോകേണ്ട, തിരിച്ചു പോകൂ..." ഇൻസ്‌പെക്ടർ ദേഷ്യഭാവത്തോടെ പറഞ്ഞു. ഉമ്മച്ചി മനസ്സിലാവാത്ത ഭാവത്തോടെ അദ്ദേഹത്തെ നോക്കി. "നിങ്ങളോടല്ലേ പറഞ്ഞത്, തിരിച്ചു പോകൂ" -അദ്ദേഹം വീണ്ടും പറഞ്ഞു.

"അതെന്താണ് സർ, ഞങ്ങൾ 7ഓളം ചെക്കിങും 70 കിലോമീറ്റർ ദൂരവും പിന്നിട്ടാണ് ഇവിടെവരെ എത്തിയത്. അഞ്ച് കിലോമീറ്റർ അപ്പുറമാണ് കോളജ്. പിറകെ വന്ന ഒരു വാഹനവും നിങ്ങൾ തടയുന്നില്ല. സത്യവാങ്മൂലം ഉണ്ട്, രേഖകൾ ഉണ്ട്. പിന്നെ എന്താണ് തിരിച്ചു പോകണം എന്ന് നിങ്ങൾ പറയുന്നത്..?"-ഉമ്മച്ചി ചോദിച്ചു.

"നിങ്ങൾ പറഞ്ഞാൽ കേട്ടാൽ മതി. ലോക്ഡൗൺ നിയമം ലംഘിച്ചത് കൊണ്ടു നിങ്ങൾ തിരിച്ചുപോകൂ. കൂടുതൽ സംസാരിച്ചാൽ കേസെടുക്കും.." -ഇൻസ്‌പെക്ടരുടെ ഭാവം മാറി.

"നിങ്ങൾ എന്താണ് പറയുന്നത്, ഒരൊറ്റ വാഹനവും തടയാതെ ഈ വാഹനം മാത്രം തടയുന്നതിലെ ലോജിക് എന്താണ് ഇൻസ്‌പെക്ടർ സാർ, 70 കിലോമീറ്റർ ദൂരത്തു നിന്നാണ് ഞങ്ങൾ വരുന്നത്, അഞ്ച് വയസുള്ള മോൻ കൂടെയുണ്ട്. അല്പം കൂടി പോയാൽ കോളജ് ആയി. ഞങ്ങളെ പോകാൻ അനുവദിക്കൂ..."

ഉമ്മച്ചി വണ്ടിയിൽ നിന്നും ഇറങ്ങി. അനിയനും ഞാനും ഇറങ്ങി. ഞങ്ങളുടെ പുറകെ വന്ന ഒരു വാഹനവും തടയുന്നില്ല. രേഖകൾ നോക്കി എല്ലാവരെയും കടത്തി വിടുകയാണ്.

"ഞങ്ങളെ മാത്രം തടയുന്നത് കൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? എന്റെ വസ്ത്രം ആണോ സാറിന്റെ പ്രശ്നം, ഞാൻ ഇട്ടിരിക്കുന്ന പർദ ആണോ സാർ കാണുന്ന വ്യത്യാസം" - ഉമ്മച്ചി രോഷത്തോടെ ഉമ്മച്ചി ഇൻസ്‌പെക്ടരോട് പറഞ്ഞു.

"അതേ...നിങ്ങളുടെ വസ്ത്രം പ്രശ്നം തന്നെയാണ്. വസ്ത്രം പ്രശ്നം തന്നെയാണ്..."- ഇൻസ്‌പെക്ടർറുടെ ഭാവം മാറി..

അതുവരെ ഞാൻ മിണ്ടിയിരുന്നില്ല. പർദ പ്രശ്നം തന്നെയാണ് എന്നു പറഞ്ഞപ്പോഴാണ് ഞാൻ ഇൻസ്‌പെക്ടരുടെ നെയിം പ്ളേറ്റ് നോക്കിയത്.. VINOD P...

പുറകെ വന്ന ഒരൊറ്റ വാഹനവും തടയാതെ, ഉമ്മച്ചിയും അഞ്ച് വയസുള്ള അനിയനുമുള്ള വാഹനം എല്ലാ രേഖകളും ഉണ്ടായിട്ടും തടഞ്ഞുവെച്ച് ഞങ്ങളെ പൊരിവെയിലത്ത്‌ നിർത്തി ജീപ്പിൽ കയറി ഇരിക്കുന്ന ഇൻസ്പെക്ടറുടെ പ്രശ്നം എന്താണെന്ന് എനിക്ക് മനസിലായി. ഉമ്മച്ചിക്ക് നേരത്തെ മനസിലായി.

വീണ്ടും പറഞ്ഞ കാര്യം തന്നെ ഉമ്മച്ചി ഇൻസ്‌പെക്ടറോട് ആവർത്തിച്ചുകൊണ്ടിരുന്നു.

"നിങ്ങൾ ഇന്ന് പോകില്ല. നിങ്ങളെ ഞാൻ സ്റ്റേഷനിലേക്ക് കൊണ്ടു പോകും.." -ഇൻസ്‌പെക്ടറുടെ ഭാഷയിൽ ഭീഷണിയുടെ സ്വരം.

ഞാൻ ഫോണെടുത്തു, ആദ്യം കൊല്ലം റൂറൽ എസ്.പിയെ വിളിച്ചു. നോക്കട്ടെ എന്നു പറഞ്ഞ് അദ്ദേഹം ഫോൺ വെച്ചു. ശേഷം കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രനെ വിളിച്ചു കാര്യം പറഞ്ഞു. ഇടപെടാം എന്ന് ഉറപ്പു നൽകി എല്ലാം കേട്ട ശേഷം അദ്ദേഹം ഫോൺ വെച്ചു. അവസാന പ്രതീക്ഷ എന്ന നിലയിൽ ഞാൻ കോൺഗ്രസ് പ്രസിഡന്റ് കെ. സുധാകരൻ എം.പിയെ വിളിച്ചു എല്ലാം വിശദമായി പറഞ്ഞു.

"ടെൻഷൻ ആവേണ്ട. ഞാൻ നോക്കിക്കൊളാം അഫ്‌സൽ.." എന്ന് പറഞ്ഞു അദ്ദേഹം ഫോൺ വെച്ചു. അഞ്ച് മിനിറ്റ് കഴിഞ്ഞ് മുൻ കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ എന്നെ വിളിച്ചു. 'എസ്.പിയെ വിളിച്ചു സംസാരിച്ചിട്ടുണ്ട്, ഒന്നുകൊണ്ടും വിഷമിക്കേണ്ട" എന്ന് വാക്ക് തന്നു. അപ്പോഴേയ്ക്കും ഏകദേശം 45 മിനുട്ട് കഴിഞ്ഞിരുന്നു.

"നിനക്ക് എത്ര ഹിന്ദുക്കൾ കൂട്ടുകാരായി ഉണ്ടെടാ.. നിന്റെ പേരിൽ കേസ് ഉണ്ടോടാ..നിന്നെ ഞാൻ കോടതി കയറ്റും.." -ഇൻസ്‌പെക്ടർ എന്നോടായി എന്തൊക്കൊയോ പറയുന്നുണ്ട്.

ആ വെയിലത്തുനിന്ന് അനിയൻ കരച്ചിൽ തുടങ്ങി. ദയാദക്ഷിണ്യം ഇല്ലാത്ത കാക്കി ഇട്ട ആ സംഘിക്ക് അപ്പോഴേയ്ക്കും കുറെ ഫോൺ കോളുകൾ വന്നു കാണണം. "എടുത്തോണ്ട് പോടാ...നീ കോടതി കയറും.." -എന്നെ നെഞ്ചിൽ തള്ളിക്കൊണ്ട് അയാൾ ആക്രോശിച്ചു..

"എന്റെ മകനെ തൊട്ടു പോകരുത്..." -ഉമ്മച്ചി പറഞ്ഞു.. ഞാൻ മറ്റൊന്നും പറയാതെ ഉമ്മച്ചിയെ കാറിൽ കയറ്റി കോളജിലേക്ക് പോയി..

വാർത്തകളിൽ മാത്രം കേട്ടിട്ടുള്ള കേരളാ പൊലീസിലെ സംഘിയെ നേരിൽ കാണാൻ കഴിഞ്ഞത് വലിയ കാര്യമാണ് എന്നു കരുതുന്നു. ഉമ്മച്ചിയും അനിയനും ഒരു മണിക്കൂർ വെയിൽ കൊണ്ടു. സാരമില്ല. കാവി നിക്കറിട്ട ഈ പൊലീസുകാർ പിണറായി വിജയനെയും കൊണ്ടേ പോകൂ..

ഉദ്യോഗസ്ഥന്റെ പേര് VINOD P. ISHO ഓച്ചിറ പൊലീസ് സ്റ്റേഷൻ. തിരിച്ചു പോകേണ്ടി വരാതെയിരിക്കാൻ

നിരന്തരം ഇടപെട്ട എം.പി എൻ.കെ. പ്രേമചന്ദ്രനും, കോൺഗ്രസ് പ്രസിഡന്റിനും, മുൻ ജില്ലാ കോൺഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണയ്ക്കും നിരുപാധികം നന്ദി അറിയിക്കുന്നു... 


Full View


Full View


Tags:    
News Summary - ‘I also met the gang of Kerala Police ...’; Young man reveals his misery in the name of dress - Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.