തിരുവനന്തപുരം: താൻ വീണ്ടും ജനിച്ച ദൈവദൂതനാണെന്ന് (ബോൺ എഗൈൻ ക്രിസ്റ്റ്യൻ) എപ്പോഴും പറയാറുണ്ടെന്നും അത് വളരെ കറക്ടാണെന്നും തോമസ് കെ. തോമസ് എം.എൽ.എ. ഇടത് എം.എൽ.എമാരായ ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), കോവൂർ കുഞ്ഞുമോൻ (ആർഎസ്പി-ലെനിനിസ്റ്റ്) എന്നിവരെ ബി.ജെ.പി സഖ്യകക്ഷിയായ അജിത് പവാറിന്റെ എൻ.സി.പിയിലേക്ക് കൂറുമാറ്റാൻ താൻ 100 കോടി വാഗ്ദാനം നൽകിയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ വീണ്ടും ജനിച്ച ദൈവദൂതനാണെന്ന് (ബോൺ എഗെയ്ൻ ക്രിസ്റ്റ്യൻ) എപ്പോഴും പറയാറുണ്ട്. അത് വളരെ കറക്ടാണ്. ഞങ്ങൾ അങ്ങനെ ജീവിച്ചവരാണ്. താൽക്കാലിക ലാഭത്തിന് കള്ളം പറയാറില്ല. രാഷ്ട്രീയ കുതികാൽ വെട്ടുന്ന രീതി ഞങ്ങൾക്കില്ല. ഇത്തരം പാരമ്പര്യത്തിൽ വളർന്ന ആളല്ല ഞാൻ. വൈകീട്ട് മൂന്നുമണിക്ക് വാർത്താസമ്മേളനത്തിൽ കാര്യങ്ങൾ വിശദമാക്കും. ആരോപണം നിഷേധിച്ച് മുഖ്യമന്ത്രിക്ക് നൽകിയ കത്ത് പുറത്തുവിടും. അജിത് പവാർ എന്നെ ബന്ധപ്പെട്ടിട്ടില്ല. ആരോപണം സംബന്ധിച്ച വിഷയത്തിൽ പി.സി. ചാക്കോ ഇടപെട്ടിട്ടുണ്ട്’ -തോമസ് കെ. തോമസ് അറിയിച്ചു.
‘100കോടി ഒരാൾ ഓഫർ ചെയ്യണമെന്നുണ്ടെങ്കിൽ ആദ്യം ഞാൻ അവരുടെ കൂടെ ഉള്ളയാൾ ആകണ്ടേ? ആദ്യം എന്നെ വിലക്ക് വാങ്ങണ്ടേ? മര്യാദക്കുള്ള കോടിയൊക്കെ പറ, ഇതെന്തുവാ 100 കോടിയൊക്കെ? ഇതെന്താ മഹാരാഷ്ട്രയോ? അവിടെ പോലും 25 കോടിയോ 15 കോടിയോ കൊടുത്തുള്ളൂ. ഇവിടെ 50 കോടിയും 100 കോടിയുമൊക്കെ കൊടുത്ത് വാങ്ങാനുള്ള അത്രയും വലിയ അസറ്റാണോ ആന്റണി രാജുവൊക്കെ? എനിക്ക് അറിയത്തില്ല’ -തോമസ് കെ. തോമസ് പറഞ്ഞു. ആരോപണങ്ങൾക്ക് പിന്നിൽ ആന്റണി രാജുവാണെന്നും അദ്ദേഹം ആരോപിച്ചു.
‘ഞങ്ങൾ തമ്മിൽ അങ്ങനെ ഒരു സംഭാഷണം നടന്നിട്ടില്ലെന്നാണ് കോവൂർ കുഞ്ഞുമോൻ എം.എൽ.എ പറഞ്ഞത്. 100 കോടി, 50 കോടി എന്നൊക്കെയുള്ള രഹസ്യ സംഭാഷണം നടത്താനുള്ള സ്ഥലമാണോ നിയമസഭ ലോബി. നൂറുകണക്കിന് എം.എൽ.എമാരും സന്ദർശകരും കയറിയിറങ്ങുന്ന ലോബിയിലാണോ ഇങ്ങനെ ഒരുകാര്യം സംസാരിക്കുന്നത്? വിശ്വസിക്കത്തക്ക രീതിയിൽ അല്ലല്ലോ ഇതൊന്നും. അങ്ങനെ ഉണ്ടെങ്കിൽ ഏതെങ്കിലും ഹോട്ടലോ സീക്രട്ട് മുറിയോ പോലെ പ്രൈവസിയുള്ള സ്ഥലത്ത് പോയിരുന്നല്ലേ സംസാരിക്കുക.
പാർട്ടിക്കകത്ത് നിന്ന് തന്നെ തകർക്കാൻ ശ്രമം നടക്കുന്നുണ്ടോ എന്നറിയില്ല. അതൊക്കെ അന്വേഷിക്കണം. മന്ത്രിയാകും എന്ന് പാർട്ടി തീരുമാനിക്കുകയും ശരദ് പവാറും പി.സി. ചാക്കോയും അതിനനുസൃതമായി പ്രവർത്തിക്കുകയും ചെയ്തപ്പോഴാണല്ലോ ഈ ആരോപണം ഉയർന്നുവന്നത്. അതുവരെ ഇതൊന്നും ആരും പറഞ്ഞിരുന്നല്ലോ -തോമസ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.