ചെങ്ങന്നൂർ: താൻ സ്വർണ്ണക്കടത്തുകാരിയല്ലെന്നും ഏത് അന്വേഷണത്തോടും സഹകരിച്ച് നിരപരാധിത്വം തെളിയിക്കാൻ തയാറാണെന്നും മാന്നാറിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ബിന്ദു ബിനോയ്. വിമാനത്തിൽ കയറുമ്പോൾ പൊന്നാനി സ്വദേശി ഒരു പൊതി തന്നെ ഏൽപ്പിച്ചതായും അത് സ്വർണമാണെന്ന് മനസിലായതോടെ മാലി വിമാനത്താവളത്തിൽ ഉപേക്ഷിച്ചതായും ഇവർ മാധ്യമങ്ങളോടു പറഞ്ഞു.
തന്നെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തിന്‍റെ മർദനത്തിൽ നട്ടെല്ലിനു ക്ഷതമേറ്റതായും എം.ആർ.ഐ സ്കാനിങ്ങ് അടക്കമുള്ള പരിശോധനകൾ നടത്തിയതായും ഇവർ പറഞ്ഞു. ദുബൈയിൽ ഡ്രൈവറായിരുന്ന ഭർത്താവ് ബിനോയിയുടെ ടാക്സി വാഹനം ഓട്ടം വിളിച്ചുള്ള പരിചയമാണ് പൊന്നാനി സ്വദേശി ഹനീഫയുമായിട്ടുള്ളത്. ജോലി അന്വേഷിക്കാനായുള്ള വിസിറ്റിങ് വിസ അയച്ചു തന്നു. തിരികെ മടങ്ങുവാനായി വിമാനത്താവളത്തിലെത്തിയതിനു ശേഷമാണ് ഹനീഫ പൊതി ഏൽപ്പിച്ചത്. സ്വർണ്ണമാണെന്ന് മനസ്സിലായതിന്‍റെ പശ്ചാത്തലത്തിൽ മാലി വിമാനത്താവളത്തിൽ ഉപേക്ഷിച്ചാണ് നെടുമ്പാശ്ശേരിയിലേക്കു കയറിയത്.
ഇവിടെ എത്തിയപ്പോൾ അത് വാങ്ങുവാനായി വിമാനത്താവളത്തിൽ ആളുകൾ വന്നിരുന്നു. തന്‍റെ കയ്യിൽ സ്വർണ്ണമില്ലെന്ന സത്യാവസ്ഥ തുറന്നു പറഞ്ഞെങ്കിലും വിശ്വസിക്കുവാൻ തയ്യാറാകാതെ സഞ്ചരിച്ച വാഹനത്തെ സംഘം പിന്തുടർന്നു. ഇതിനാൽ വഴികൾ മാറിയാണ് വീട്ടിൽ എത്തിയത്.
നാലംഗ സംഘമായിരുന്നു വാഹനത്തിൽ തന്നെ തട്ടിക്കൊണ്ടുപോയത്. യാത്രക്കിടയിൽ സ്വർണ്ണത്തിന്‍റെ കാര്യങ്ങൾ ചോദിച്ച് മർദിച്ചു. നെല്ലിയാമ്പതിയിൽ എത്തിയ ശേഷം മറ്റൊരു വാഹനത്തിൽ കയറ്റിയാണ് വടക്കാഞ്ചേരിയിൽ ഉപേക്ഷിച്ചത്. തന്നെ സ്വർണ്ണക്കള്ളക്കടത്തുകാരിയായി ചിത്രീകരിക്കുന്നതിൽ സത്യത്തിന്‍റെ അംശമേയില്ല. തന്‍റെ ബാങ്ക് ബാലൻസ് വെറും 345 രൂപ മാത്രമാണെന്നും ഇവർ പറഞ്ഞു.
അഞ്ചംഗ കസ്റ്റംസ് പ്രിവന്‍റിവ് ഓഫിസർമാർ ഇന്ന് ഉച്ചക്ക് രണ്ടിന് പൊലീസ് സ്റ്റേഷനിലും തുടർന്ന് വീട്ടിലുമെത്തിയിരുന്നു. ആശുപത്രിയിലായതിനാൽ അവിടെ ചെന്ന് ബിന്ദുവിനോട് സംസാരിച്ച ശേഷം 3.30ഓടെ മടങ്ങിപ്പോവുകയും ചെയ്തു.
തിങ്കളാഴ്ച പുലർച്ചെയാണ് ബിന്ദുവിനെ ഒരു സംഘം വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. പാലക്കാട് വടക്കഞ്ചേരിക്ക് സമീപം പിന്നീട് ഇവരെ ഉപേക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.