മുക്കം: 'ഐആം രാഹുല്‍ ഗാന്ധി; കണ്‍ഗ്രാജുലേഷന്‍സ് റിന്‍സി സുബൈര്‍....' കേരള മെഡിക്കല്‍ എന്ട്രന്സില് ഭിന്നശേഷി വിഭാഗത്തില്‍ അഞ്ചാം റാങ്ക് നേടിയ കോഴിക്കോട് ജില്ലയിലെ കാരശ്ശേരി പഞ്ചായത്തിലെ എം.ടി. റിന്‍സിയും കുടുംബവും, വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത അഭിനന്ദന ഫോണ്‍ വിളി വന്ന സന്തോഷത്തിലാണ്.
റാങ്ക് നേടിയ വിവരം രാഹുല്‍ ഗാന്ധിയെ നേരില്‍ കണ്ട് പറയണമെന്ന ആഗ്രഹത്തിലായിരുന്നു റിന്‍സി. അപ്പോഴാണ് വിവരമറിഞ്ഞ് രാഹുല്‍ ഗാന്ധി റിന്‍സിയയുടെ മൊബൈല്‍ ഫോണിലേക്ക് വിളിക്കുന്നത്.
'ജീവിതത്തില്‍ നല്ല സമയവും ചീത്ത സമയവും വരും, ഏതു സമയത്തും സന്തോഷമായിട്ടിരിക്കുക. ആത്മവിശ്വാസം മുറുകെപ്പിടിക്കുക...' തുടങ്ങി ഒരുപാട് പ്രചോദനം നല്കുന്ന വാക്കുകളാണ് രാഹുല്‍ ഗാന്ധി നല്‍കിയതെന്ന് റിന്‍സി മാധ്യമത്തോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരുവമ്പാടി മണ്ഡലത്തിലെത്തിയപ്പോള്‍ താന്‍ വരച്ച രാഹുല്‍ ഗാന്ധിയുടെ ചിത്രം റിന്‍സി സമ്മാനിച്ചിരുന്നു. അന്ന് പഠന വിവരങ്ങളൊക്കെ ചോദിച്ചറിയുകയും പ്രവേശന പരീക്ഷയിൽ വിജയാശംസ നേരുകയും ചെയ്തിരുന്നു.
പക്ഷേ, ഇങ്ങനെയൊരു അഭിനന്ദന ഫോണ്‍ വിളി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും പറഞ്ഞറിയിക്കാന്‍ പറ്റാത്തത്രയും സന്തോഷമായെന്നും റിന്‍സിയുടെ പിതാവ് സുബൈറും മാതാവ് റജീനയും പറഞ്ഞു. മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിന് ചേര്‍ന്ന് ഡോക്ടറാവണമെന്നാണ് റിന്‍സിയുടെ ആഗ്രഹം. പത്താംക്ലാസും പ്ലസ് ടുവും ഫുള്‍ എ പ്ലസോടെ വിജയിച്ച റിന്‍സി ചിത്രരചനയില്‍ സംസ്ഥാന കലോത്സവത്തില്‍ ഒന്നാം സമ്മാനം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.