തൃപ്പൂണിത്തുറ: ‘പേടിച്ചിട്ടാ സാറേ വണ്ടി നിര്‍ത്താതിരുന്നത്, ഞാന്‍ മദ്യപിച്ചിട്ടൊന്നുമില്ല എന്ന് പറഞ്ഞ് ബൈക്ക് കാലില്‍ ചാരിനിര്‍ത്തി ഹെല്‍മറ്റ് ഊരിയതും ഒരൊറ്റ അടി' - മനോഹരനെ മർദിക്കുന്നത് കണ്ടുനിന്ന ദൃക്സാക്ഷി ഇരുമ്പനം പെരുന്തുരുത്തി വീട്ടില്‍ രമാദേവിയുടെ വാക്കുകളാണിത്. ഒരു അടി കിട്ടിയതോടെ മനോഹരന് നിന്ന് വിറക്കുകയായിരുന്നു.
അവശനിലയിലായിട്ടും വീണ്ടും ഓരോ ചോദ്യങ്ങള്‍ ചോദിച്ച് പിന്നീടും തല്ലി. മദ്യപിച്ചിട്ടില്ലെന്നു പറഞ്ഞിട്ടും കൂടുതലൊന്നും പറയേണ്ടെന്നും വണ്ടി കൈകാണിച്ചാല്‍ നിര്‍ത്താന്‍ പാടില്ലേയെന്നും ചോദിച്ച് ബലമായി ജീപ്പില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.രാത്രി 8.45ഓടെ വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് പൊലീസ് ജീപ്പും ഒച്ചയും ബഹളവുമൊക്കെ കേള്‍ക്കുന്നത്.
ഓടി അടുത്തേക്ക് ചെന്നപ്പോഴാണ് തന്റെ അയല്‍വാസിയും പരിചയവുമുള്ള മനോഹരനാണെന്ന് മനസ്സിലായത്. സിനിമയിലും മറ്റും കണ്ടിട്ടുള്ള അടി നേരില്‍കണ്ടതിന്റെ ഞെട്ടല്‍ മാറാതെയാണ് രമാദേവിയും കൂടെയുണ്ടായിരുന്ന രത്നമ്മയും കണ്ട കാര്യങ്ങള്‍ വിശദീകരിക്കുച്ചത്. മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ യന്ത്രം ഉപയോഗിച്ച് ഊതിയെങ്കിലും മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞിരുന്നു.
പരോപകാരിയായിരുന്നു മനോഹരനെന്ന് ഇവര്‍ പറയുന്നു, ആരോടും ദേഷ്യപ്പെടാത്ത സ്വഭാവം. ഇരുമ്പനത്തുനിന്നും അകത്തേക്കുള്ള ഇടവഴിയിലാണ് പൊലീസ് രാത്രി പരിശോധനക്കായി നിലയുറപ്പിച്ചിരുന്നത്. ഇടവഴിയിലും മറ്റും പതുങ്ങിയിരുന്ന് പരിശോധന നടത്തരുതെന്നും ഓടിച്ചിട്ട് വാഹനങ്ങള്‍ പിടികൂടരുതെന്നും ഡി.ജി.പിയുടെ സര്‍ക്കുലര്‍ നിലവിലുള്ളപ്പോഴാണ് ഇത്തരത്തില്‍ പൊലീസിന്റെ നിയമലംഘനത്തിലൂടെ ഒരു ജീവന് പൊലിഞ്ഞിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.