കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിൽ സർജിക്കൽ ഐ.സി.യുവിൽ യുവതി പീഡനത്തിന് ഇരയായ സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 300ഓളം പേജ് വരുന്ന കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളജ് സി.ഐ എം.എല്‍. ബെന്നിലാലു കുന്ദമംഗലം കോടതിയിൽ സമർപ്പിച്ചത്. ദൃക്സാക്ഷികൾ കുറവായ കേസിൽ, നഴ്സുമാരിൽനിന്ന് മജിസ്ട്രേറ്റ് മുമ്പാകെ 164 സ്റ്റേറ്റ്മെന്റ് അടക്കം രേഖപ്പെടുത്തിയതിന് ശേഷമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ഇരക്ക് നീതി ലഭ്യമാക്കുന്നതിന് പരമാവധി തെളിവുകൾ ശേഖരിച്ച് കോടതിയിൽ ഹാജരാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തൈറോയ്ഡ് ശസ്ത്രക്രിയക്കുശേഷം ഐ.സി.യുവിലേക്ക് മാറ്റിയപ്പോള്‍ അറ്റന്‍ഡര്‍ ശശീന്ദ്രന് (55) യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി.
സംഭവത്തില്‍ ആശുപത്രിയിലെ നഴ്സുമാര്‍ ഉള്‍പ്പെടെ 15 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അറസ്റ്റിലായ ശശീന്ദ്രൻ ഇപ്പോൾ ജാമ്യത്തിലിറങ്ങി. സംഭവത്തിൽ പ്രതിയെ രക്ഷപ്പെടുത്താൻ ഇരയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ അഞ്ച് ജീവനക്കാർക്കെതിരെ നേരത്തെതന്നെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ ഭരണാനുകൂല സംഘടനയുടെ നേതാവായ പ്രതിയെ സംരക്ഷിക്കാൻ മെഡിക്കൽ കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് ശ്രമം നടന്നിരുന്നു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെത്തുടർന്നാണ് പ്രതികൾക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയാറായത്. ഇരയെ ഭീഷണിപ്പെടുത്തിയ കേസിൽ അന്വേഷണം പൂർത്തിയാവുന്നതിന് മുമ്പ് കുറ്റക്കാരായ ജീവനക്കാരെ സർവിസിൽ തിരിച്ചെടുത്തതും ഏറെ വിവാദമായിരുന്നു. പിന്നീട് ആരോഗ്യ വകുപ്പ് ഇടപെട്ട് ഇത് പിൻവലിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.