കൊച്ചി: ഇടമലയാർ ആനക്കൊമ്പ് കേസിലെ പ്രതികളുടെ 79.23 ലക്ഷത്തിന്റെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പ്രതികളായ ഉമേഷ് അഗർവാൾ, ഡി. രാജൻ, ഇവരുടെ ഭാര്യമാർ എന്നിവരുടെ സ്വത്തുക്കളും മറ്റ് രണ്ട് പ്രതികളായ അജി ബ്രൈറ്റ്, പ്രീസ്റ്റൺ സിൽവ എന്നിവരുടെ ഭാര്യമാരുടെ സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്.
മൂന്നാർ, വാഴച്ചാൽ, മലയാറ്റൂർ വനമേഖലകളിലായി ആനവേട്ട നടത്തി ആനക്കൊമ്പ് കേരളത്തിന് പുറത്ത് വിറ്റെന്നായിരുന്നു കേസ്. ഇടമലയാർ, കരിമ്പാനി ഫോറസ്റ്റ് സ്റ്റേഷനുകൾ രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമവുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷണം ആരംഭിച്ചത്.
റിസർവ് വനത്തിൽ അതിക്രമിച്ച് കയറൽ, കാട്ടാനകളെ വേട്ടയാടൽ, കൊമ്പുകൾ നീക്കം ചെയ്യൽ, ആനക്കൊമ്പ് ഉൽപന്നങ്ങളുടെ അനധികൃത വ്യാപാരം എന്നിങ്ങനെയായിരുന്നു പ്രതികൾക്കെതിരെ ഫോറസ്റ്റ് അധികൃതർ ചുമത്തിയ കുറ്റം.
അന്വേഷണത്തിൽ പ്രതികൾ 79.23 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സ്വത്ത് കണ്ടുകെട്ടിയതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.