തിരുവനന്തപുരം: ഇടുക്കി ഡാമിൽ ഇപ്പോഴത്തെ നിലയിൽ മാത്രമാണ് ജലനിരപ്പ് ഉയരുന്നതെങ്കിൽ ആശങ്കയുടെ സാഹചര്യമില്ലെന്ന് മന്ത്രിസഭയോഗം വിലയിരുത്തി. മഴ ശക്തമായി തുടരുകയും നീരൊഴുക്ക് ശക്തിപ്പെടുകയും ചെയ്ത് ജലനിരപ്പ് 2398 അടിയിലേക്ക് ഉയർന്നാൽ ചെറുതോണി അണക്കെട്ട് തുറക്കേണ്ടിവരും. ഇപ്പോഴത്തെ നീരൊഴുക്ക് പ്രകാരം 2398 അടിയിലെത്താന്‍ ശനിയാഴ്ചവരെ വേണ്ടിവരുമെന്നും വിലയിരുത്തലുണ്ട്.
സ്ഥലം സന്ദര്‍ശിച്ച മന്ത്രിമാരായ എം.എം. മണി, മാത്യു ടി.തോമസ് എന്നിവർ സാഹചര്യം മന്ത്രിസഭ യോഗത്തില്‍ വിശദീകരിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് വിശദ റിപ്പോർട്ട് നൽകി. ജലവിതാനം, മഴയുടെ അളവ്, സുരക്ഷ മുന്‍കരുതലുകള്‍ എന്നിവ മന്ത്രിസഭ പരിശോധിച്ചു. ദുരന്തനിവാരണസേനയടക്കം എല്ലാ വകുപ്പുകളും സജ്ജമാണ്. അണക്കെട്ട് തുറന്നശേഷം എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ഷട്ടര്‍ അടച്ച് വെള്ളം നിയന്ത്രിക്കാനാകും. വെള്ളം പോകുന്ന വഴിയിലുള്ള പാലവും വൃക്ഷങ്ങളും വെള്ളപ്പാച്ചിലിനെ അതിജീവിക്കുമോയെന്ന സംശയമുണ്ട്. ഇവ താഴേക്ക് ഒഴുകിപ്പോയാല്‍ പ്രശ്നമാകാമെന്നും യോഗം വിലയിരുത്തി. അണക്കെട്ട് തുറക്കേണ്ടിവന്നാൽ പകലായിരിക്കും ചെയ്യുക.
ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടിവരുമെന്ന് മന്ത്രി എം.എം. മണിയും മഴ കുറഞ്ഞാല്‍ തുറക്കാതെ മുന്നോട്ടുപോകാന്‍ സാധിച്ചേക്കുമെന്ന് മന്ത്രി മാത്യു ടി.തോമസും നിരീക്ഷിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം എപ്പോൾ തുറന്നുവിടണമെന്ന് തീരുമാനിച്ചിട്ടില്ല. ജലനിരപ്പ് 2398 അടിയില്‍ എത്തുമ്പോള്‍ ഒരു ഷട്ടര്‍ 40 സെൻറി മീറ്റര്‍ ഉയര്‍ത്തി ഒരു മണിക്കൂര്‍ വെള്ളം പുറത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ വിടാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. ഒരു മണിക്കൂര്‍ കൊണ്ട് വെള്ളം എവിടെയെല്ലാമെത്തുമെന്ന് മനസ്സിലാക്കാൻ ഇതിലൂടെയാകും. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് താഴുന്ന സാഹചര്യത്തില്‍ അപകടകരമായ സ്ഥിതിയില്ലെന്നും യോഗം വിലയിരുത്തി.
ആശങ്ക വേണ്ടെന്നും ഘട്ടംഘട്ടമായി മാത്രമേ ഡാം തുറക്കൂ എന്നും മന്ത്രി എം.എം. മണി മാധ്യമങ്ങളോട് പറഞ്ഞു. തുറക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പമില്ല. മന്ത്രിമാർ രണ്ട് തട്ടിലെന്ന വാർത്തകൾ തെറ്റാണ്. വൈദ്യുതി ബോർഡിന് വേറിട്ട നിലപാടില്ല. ആവശ്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ട്. അഞ്ച് ഷട്ടറുകൾ ഒരുമിച്ച് തുറക്കില്ല. മുമ്പ് തുറന്ന 2401 അടി എത്തും മുമ്പുതന്നെ ഇത്തവണ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.