തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സുരക്ഷിത നിലയിലേക്ക്. അണക്കെട്ടിെൻറ വൃഷ്ടിപ്രദേശത്ത് ഞായറാഴ്ചയും ഇടവിട്ട് മഴ പെയ്തെങ്കിലും സ്ഥിതി ആശങ്കജനകമല്ലെന്ന് അധികൃതർ അറിയിച്ചു.
പിന്നിട്ട 24 മണിക്കൂറില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 1.98 അടി താഴ്ന്ന് 2398.52ലെത്തി. ശനിയാഴ്ച വൈകീട്ട് അഞ്ചിന് 2400.48 അടിയായിരുന്നു ജലനിരപ്പ്. സെക്കൻഡിൽ 7.5 ലക്ഷം ലിറ്റർ എന്ന തോതിൽ അഞ്ച് ഷട്ടറിലൂടെ വെള്ളം തുറന്നുവിട്ട് 24 മണിക്കൂർ പിന്നിട്ടതോടെയാണ് സ്ഥിതി നിയന്ത്രണവിധേയമായത്. ഷട്ടറിലൂടെ ഒഴുകുന്ന ജലത്തിന് പുറമെ സെക്കൻഡിൽ 1.37 ലക്ഷം ലിറ്റർ വീതം ജലം ഉപയോഗിച്ച് മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നുമുണ്ട്.
രണ്ടും ചേർത്ത് സെക്കൻഡിൽ 8.87 ലക്ഷം ലിറ്ററാണ് ഡാമിൽനിന്ന് പുറന്തള്ളുന്നത്. അതിനിടെ സെക്കൻഡിൽ ഇതിെൻറ പകുതി വീതം വെള്ളം ഇപ്പോഴും അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നുണ്ട്. ഇൗ സാഹചര്യത്തിൽ ഷട്ടർ അടക്കുന്നത് മഴയുടെ ശക്തിയെ ആശ്രയിച്ചിരിക്കും.
ശനിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച രാവിലെവരെ കുറഞ്ഞുനിന്ന നീരൊഴുക്കിെൻറ തോത് വൈകീട്ടോടെ ഉയർന്നു. ഉച്ചമുതല്‍ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെയാണ് നീരൊഴുക്ക് കൂടിയത്. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയിലെ കണക്കുപ്രകാരം മണിക്കൂറില്‍ 7.7 ലക്ഷം ലിറ്റര്‍ വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. രാവിലെയിത് നാലു ലക്ഷം ലിറ്ററായിരുന്നു. ഇടുക്കിയിൽനിന്നുള്ള ജലം ഉപയോഗിച്ച് ഞായറാഴ്ച 1.49 കോടി യൂനിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിച്ചത്. 6.82 കോടി യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം അണക്കെട്ടില്‍ ഒഴുകിയെത്തി.
ഞായറാഴ്ച രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ 2.54 സെ.മീ. മഴയാണ് വൃഷ്ടിപ്രദേശത്ത് രേഖപ്പെടുത്തിയത്. അഞ്ചു ദിവസങ്ങളില്‍ പ്രതിദിന ശരാശരി മഴ 10 സെ.മീ. ആണ്. സംഭരണശേഷിയുടെ 96 ശതമാനം വെള്ളം ഇപ്പോള്‍ അണക്കെട്ടിലുണ്ട്. 209.6 കോടി യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണിത്. വെള്ളിയാഴ്ച ഉച്ചക്കാണ് ചെറുതോണി അണക്കെട്ടിെൻറ അഞ്ച് ഷട്ടറും തുറന്നത്. വ്യാഴാഴ്ച ഉച്ചക്ക് ഒരു ഷട്ടർ തുറന്നിരുന്നു.
മുല്ലപ്പെരിയാർ;135.3 അടി
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.30 അടിയായി ഉയർന്നു. സെക്കൻഡിൽ 2588 ഘന അടി ജലമാണ് ഒഴുകിയെത്തുന്നത്. തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിെൻറ അളവ് 2000 ഘനഅടിയിൽനിന്ന് 2200 ഘനഅടിയാക്കി. മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന തേനിയിലെ വൈഗ അണക്കെട്ടിൽ ജലനിരപ്പ് ഉയരുകയാണ്. 71 അടി സംഭരണശേഷിയുള്ള വൈഗയിൽ ഇപ്പോൾ 60.7അടിയാണ് ജലനിരപ്പ്. മധുര ജില്ലയിലേക്ക് 960 ഘന അടി ജലമാണ് തുറന്നുവിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.