തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.54 അടിയായി ഉയർന്നു. നാല് മണിക്ക് രേഖപ്പെടുത്തിയ കണക്ക് പ്രകാരമാണിത്. 3.5 അടി കൂടി ജലനിരപ്പ് ഉയർന്നാൽ അവസാന ജാഗ്രത നിർദേശമായ റെഡ് അലർട്ട് പുറപ്പെടുവിക്കാനുള്ള 2399 അടിയിലെത്തും. അതേ സമയം, പിന്നിടുന്ന 24 മണിക്കൂറിൽ വൃഷ്ടിപ്രദേശത്ത് മഴയുടെയും നീരൊഴുക്കിെൻറയും തോത് കണക്കാക്കി അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാനാണ് സർക്കാർ തീരുമാനം.
അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയിൽ എത്തിയതോടെ തിങ്കളാഴ്ച രണ്ടാം ജാഗ്രത നിർദേശമായ ഒാറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ജലസംഭരണിയുടെ വൃഷ്ടിപ്രദേശത്ത് ചാറ്റൽ മഴയുണ്ട്. ഇത് അണക്കെട്ടിൽ ജലനിരപ്പ് ഉയരാൻ ഇടയാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ജലനിരപ്പ് 2400 അടിയിലെത്തുേമ്പാൾ അണക്കെട്ട് തുറക്കുകയെന്ന ഉന്നതതല തീരുമാനത്തിൽ മാറ്റം വരുത്തി, 2397-2398 അടിയിലെത്തുേമ്പാൾ തുറക്കാമെന്നായിരുന്നു മന്ത്രി എം.എം. മണിയുടെ നിർദേശം. ഇത് നടപ്പാക്കുന്നതിന് മുന്നോടിയായി പരീക്ഷണ തുറക്കലിന് തീരുമാനിച്ചിരുന്നു. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷണ തുറക്കൽ ഉണ്ടായാൽ അത് ജലനിരപ്പ് 2397ലോ 2398ലോ എത്തിയ ശേഷമാകുമെന്നാണ് സൂചന.
ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ഇതിന് സാധ്യത. മഴ തീരെ കുറയുന്ന സാഹചര്യമുണ്ടായാൽ പിന്നെയും നീളാം. മുമ്പ് രണ്ടുതവണയും 2401 അടിയില്‍ വെള്ളമെത്തിയ ശേഷമാണ് അണക്കെട്ട് തുറന്നത്. 2403 അടിയാണ് പൂർണ സംഭരണശേഷി.
തിങ്കളാഴ്ച നീരൊഴുക്ക് കുറവായിരുന്നു. 35.19 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമാണ് ഒഴുകിയെത്തിയത്. പരമാവധി വൈദ്യുതി ഉൽപാദനമാണ് അഞ്ചു ദിവസമായി ഇടുക്കിയിലേത്. 15.01 ദശലക്ഷം യൂനിറ്റായിരുന്നു തിങ്കളാഴ്ചത്തെ ഉൽപാദനം. ഇത് ഇൗ വർഷെത്ത റെക്കോഡാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.