ഇടുക്കി ജില്ലയിൽ വനത്തിലൂടെയുള്ള റോഡുകളും വനമാണെന്ന് മൂന്നാർ ഡി.എഫ്.ഒ. ഇതോടെ കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള 15 കി.മീ. റോഡിന്‍റെ വികസനം അനിശ്ചിതത്വത്തിലായി. റോഡുവികസനത്തിൽ വനംവകുപ്പ് ഇടപെടരുതെന്ന ഹൈകോടതി ഉത്തരവ് വന്നതോടെ റോഡിൽ അവകാശമുന്നയിച്ച് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വനംവകുപ്പ്. സംസ്ഥാനത്തെ മിക്ക ദേശീയപാതകളുടെയും വികസനത്തെ ബാധിച്ചേക്കാവുന്ന വിഷയമായതിനാൽ അടിയന്തിരപരിഹാരം തേടി ഈ മാസം എട്ടിനു ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ പൊതുമരാമത്ത്, റവന്യു, വനം വകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേരും.
കാസര്‍കോട് തുടങ്ങി തിരുവനന്തപുരം കളിയിക്കാവിള അതിര്‍ത്തി വരെ നീളുന്ന ദേശീയ പാത വികസനം സംസ്ഥാന സർക്കാറിന്‍റെ നേട്ടമായി കൊട്ടിഘോഷിക്കുമ്പോഴാണ് വിനോദസഞ്ചാര മേഖലക്കും ഇടുക്കി ജില്ലക്കും ഏറെ ഗുണകരമായ പദ്ധതിക്ക് വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ തടയിടുന്നത്. കൊച്ചിയിൽ നിന്നാരംഭിച്ച് കോതമംഗലം - നേര്യമംഗലം - വാളറ - അടിമാലി - മൂന്നാര്‍ - തേനി വഴി ധനുഷ്‌കോടിയിൽ അവസാനിക്കുന്ന ദേശീയപാത 85-ല്‍ ദേശീയപാത അതോറിട്ടി 790 കോടി രൂപ മുടക്കില്‍ രണ്ടുവരി പാത വികസനപദ്ധതി നടപ്പാക്കുകയാണ്. ഇതിന്‍റെ ഭാഗമായി നേര്യമംഗലം - വാളറ ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നാര്‍ ഡി.എഫ്.ഒ. സ്റ്റോപ്പ് മെമ്മോ നൽകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. കൊച്ചി - മൂന്നാര്‍ ദേശീയപാതയിലെ ഏറ്റവും ദുര്‍ഘടവും അപകടകരവും വീതി കുറഞ്ഞതുമായ ഭാഗമാണ് നേര്യമംഗലം മുതല്‍ വാളറ വരെയുള്ള റോഡ്. ഈ ഭാഗത്തെ റോഡിന്‍റെ ഭൂമി വനമായിട്ടാണ് വനംവകുപ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നതെന്നും അതിനാല്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ റോഡ് വികസനം പാടില്ലെന്ന നിലപാടാണ് മൂന്നാര്‍ ഡി.എഫ്.ഒ. എടുത്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോയിസ് ജോര്‍ജ് എം.പിയായിരുന്നപ്പോള്‍ ഇതേ റോഡില്‍ മൂന്നാര്‍ ബോഡിമേട്ട് ഭാഗത്തെ 42.8 കി.മീ. ദേശീയപാതയുടെ വീതി ആറു മീറ്ററില്‍ നിന്നും 10 മീറ്ററായി വികസിപ്പിക്കാന്‍ 381 കോടി രൂപയുടെ പദ്ധതി തയാറാക്കിയിരുന്നു. 730 ദിവസം നിർമാണം നടത്തി 2019 ആഗസ്റ്റ് 31 ല്‍ പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. ഇതു തടസ്സപ്പെടുത്തിയതും മൂന്നാര്‍ ഡി.എഫ്.ഒ. ആയിരുന്നു. പ്രശ്നം അന്നും ചീഫ് സെക്രട്ടറി തലത്തിലെത്തിയിരുന്നു. 2018 ഏപ്രിൽ 10 ലെ ജി.ഒ (ആർടി) 674/2018/പിഡബ്ലിയുഡി ഉത്തരവിലൂടെ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റോഡുകളിലും റോഡ് പുറമ്പോക്കിലും അവകാശം ഉന്നയിക്കാനോ പണി തടസ്സപ്പെടുത്താനോ വനംവകുപ്പിന് അധികാരവുമില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ഉത്തരവിട്ടു.
സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ചീഫ് സെക്രട്ടറി. അദ്ദേഹത്തിന് താഴെയാണ് വനംവകുപ്പ് സെക്രട്ടറി. അദ്ദേഹത്തിനും താഴെയാണ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആന്റ് ഹെഡ് ഫോറസ്റ്റ് ഫോഴ്‌സ്. അതിനുതാഴെ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്. അതിനും താഴെ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്. ഇതിന് കീഴിലാണ് ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് താഴെ മൂന്നാര്‍ ഡി.എഫ്.ഒ. പ്രവര്‍ത്തിക്കുന്നത്. ചുരുക്കത്തില്‍ ചീഫ് സെക്രട്ടറിക്ക് താഴെ ആറാമത്തെ തട്ടിലെ ഉദ്യോഗസ്ഥന്‍ മാത്രമാണ് മൂന്നാര്‍ ഡി.എഫ്.ഒ. കൊച്ചി - മൂന്നാര്‍ - ധനുഷ്‌കോടി ദേശീയ പാതയില്‍ വനത്തിലൂടെ കടന്നുപോകുന്ന മുഴുവന്‍ സ്ഥലവും പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണെന്നും റോഡിലും റോഡുപുറമ്പോക്കിലും വനം വകുപ്പിന് യാതൊരു അധികാരവുമില്ല എന്ന ചീഫ് സെക്രട്ടറിയുടെ 2018-ലെ ഉത്തരവ് മൂന്നാര്‍ ഡി.എഫ്.ഒ. ഓഫീസില്‍ ഇരിക്കുമ്പോഴാണ് ദേശീയപാതയിലെ നേര്യമംഗലം - വാളറ 15 കി.മീ. ദൂരത്തില്‍ ഡി.എഫ്.ഒ. സ്റ്റോപ്പ് മെമ്മോ നല്‍കിയത്. നിർമാണത്തിനു കാലതാമസമുണ്ടായാല്‍ കരാര്‍ തുക വർധിപ്പിക്കേണ്ടി വരുമെന്ന് ദേശീയപാത അധികൃതരും കരാറുകാരനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്നാര്‍ ഡി.എഫ്.ഒ.യുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ കിരണ്‍ സിജു എന്നയാൾ ഡബ്ല്യു.പി.സി 10978/2024 എന്ന നമ്പറിൽ ഹൈകോടതിയിലെ പരിസ്ഥിതി ഡിവിഷന്‍ ബെഞ്ചില്‍ ഹരജി നല്‍കി. ഇതിൽ 2024 മേയ് 28ന് പുറപ്പെടുവിച്ച വിധിയില്‍ നേര്യമംഗലം, വാളറ ഭാഗത്തെ ദേശീയപാത വികസനത്തെ വനംവകുപ്പ് തടസ്സപ്പെടുത്തരുതെന്ന് ഹൈകോടതി നിർദേശിച്ചു.
മൂന്നാറില്‍ റോഡിനെ വനത്തില്‍ നിന്നും വേര്‍തിരിച്ചിട്ടില്ല എന്നും മുഴുവന്‍ വനമാണെന്നുമുള്ള വിചിത്ര വാദമാണ് മൂന്നാര്‍ ഡി.എഫ്.ഒ കോടതിയില്‍ അവതരിപ്പിച്ചത്. ഇടുക്കിയുടെ ആകെ വിസ്തൃതിയായ 4356 ച.കി.മീയില്‍ 2679 ച.കി.മീയും വനമാണ്. ഇടുക്കി ജില്ലയില്‍ 872.53 കി.മീ. സംസ്ഥാന പാതയും 1788.8 കി.മീ. മേജര്‍ ജില്ല റോഡുകളും ഉണ്ട്. കേരളത്തിലെ ആകെയുള്ള 4128.4 കി.മീ. സംസ്ഥാന പാതയില്‍ 21 ശതമാനം ഇടുക്കിയിലാണ്. ഇതുകൂടാതെയാണ് ദേശീയപാതകള്‍. നഗരസഭ, പഞ്ചായത്ത് റോഡുകള്‍ വേറെയും. ഈ റോഡുകളുടെ ഉടമസ്ഥാവകാശം വനംവകുപ്പിനല്ല. പൊതുമരാമത്ത് റോഡുകളുടെ ഉടമസ്ഥാവകാശവും ഭൂമിയുടെ അവകാശവും പൊതുമരാമത്ത് വകുപ്പിനും റവന്യു വകുപ്പിനുമാണ്. റവന്യു രേഖകളില്‍ റോഡ് പുറമ്പോക്കെന്ന് രേഖപ്പെടുത്തിയ ഭൂമിയില്‍ വനംവകുപ്പിന് യാതൊരു അധികാരവുമില്ലെന്നും അതിനാല്‍ 100 അടി വീതിയില്‍ ദേശീയപാത വികസനത്തില്‍ വനംവകുപ്പ് ഇടപെടരുതെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ സുപ്രധാന വിധിയിൽ പറയുന്നു.
എന്നാൽ, നേര്യമംഗംലം - വാളറ ഭാഗത്തെ വികസനം സംബന്ധിച്ച് സ്ഥലം എം.പിയുടെ സാന്നിധ്യത്തിലും കളക്ടറുടെ അദ്ധ്യക്ഷതയിലും ചേര്‍ന്ന യോഗത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കിയിട്ടുണ്ടെന്നാണ് മൂന്നാര്‍ ഡി.എഫ്.ഒ അറിയിച്ചത്. വനംവകുപ്പിന്‍റെ നീക്കം സംസ്ഥാന തലത്തില്‍ ദേശീയപാത വികസനത്തെ ബാധിക്കുമെന്ന പൊതുവിലയിരുത്തല്‍ ഉണ്ടായതിന്‍റെ അടിസ്ഥാനത്തിലാണ് ഈ മാസം എട്ടിനു ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ പൊതുമരാമത്ത്, റവന്യു, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നതിനു തീരുമാനിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.