തൊടുപുഴ: ഇടുക്കിയിൽ ആദിവാസികളെയും തമിഴ് തൊഴിലാളികളെയും മറയാക്കി വൻകിട മാഫിയകൾ നൂറുകണക്കിന് ഏക്കർ ഭൂമി കൈയേറുന്നു. വനം, റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെയും നിയമത്തിെൻറ നൂലാമാലകൾ അവസരമാക്കി രേഖകളിൽ വ്യാപകമായി കൃത്രിമം നടത്തിയാണ് കൈയേറ്റം.
കുറിഞ്ഞിമല സാങ്ച്വറിയിലെയും വട്ടവട, കൊട്ടക്കാമ്പൂർ, കീഴാന്തൂർ, മറയൂർ, കാന്തല്ലൂർ വില്ലേജുകളിലെയും സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങളെക്കുറിച്ച് ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറി നിവേദിത പി. ഹരെൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വനം, റവന്യൂ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയനേതൃത്വത്തിനും ഭൂമാഫിയയുമായുള്ള ബന്ധം പുറത്തുവന്നിരുന്നു.
റവന്യൂ രേഖകൾ കൃത്യമായി സൂക്ഷിക്കാതെ വർഷങ്ങളായി വൻ ഭൂമിതട്ടിപ്പാണ് ജില്ലയിൽ അരങ്ങേറുന്നത്. മൂന്നാറിലെ തോട്ടം തൊഴിലാളികളായ 2000ഒാളം പേരാണ് പട്ടയം കിട്ടിയിട്ടും ഭൂമിയില്ലാത്തതിനാൽ വർഷങ്ങളായി വാടകവീടുകളിൽ കഴിയുന്നത്. ഭൂമി പതിച്ചുനൽകിയതിെൻറ രജിസ്റ്ററുകളൊന്നും ഉദ്യോഗസ്ഥർ സൂക്ഷിച്ചിട്ടില്ലെന്ന ഗുരുതര വീഴ്ചയാണ് ഗൗരവം വർധിപ്പിക്കുന്നത്. ഇതുമൂലം നിയമം കാര്യക്ഷമമായി നടപ്പാക്കാൻ റവന്യൂ വകുപ്പിനും കഴിയുന്നില്ല. നീലക്കുറിഞ്ഞി സാങ്ച്വറിയുടെ അതിർത്തി കൃത്യമായി നിർണയിക്കാൻ പോലും സർവേ, വനം വകുപ്പ് അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
സർവേകൾ പലപ്പോഴും ആശയക്കുഴപ്പം നിറഞ്ഞതാണ്. ഇത് മുതലെടുത്താണ് റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ആയിരക്കണക്കിന് ഏക്കർ മാഫിയ കൈക്കലാക്കുന്നത്. ഭൂമി പതിച്ചുകിട്ടിയാൽ ബിനാമികളെ ഒഴിവാക്കി യഥാർഥ കൈയേറ്റക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പട്ടയങ്ങൾ ഒന്നാക്കുകയും ഇതിെൻറമറവിൽ സമീപത്തെ സ്ഥലം കൂടി കൈയേറുകയുമാണ് ചെയ്യുന്നത്. ഇത്തരം ഇടപാടുകളിലൊന്നും ഉദ്യോഗസ്ഥരുടെ അവിഹിത ഇടപെടൽ അവഗണിക്കാനാകില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ, അടുത്തിടെ മൂന്നാറിലെ സർക്കാർ ഭൂമിയെ സംബന്ധിച്ച നിർണായക രേഖകൾ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നശിപ്പിക്കപ്പെട്ടതായി കണ്ടെത്തി. ബന്ധപ്പെട്ട റവന്യൂ ഒാഫിസുകളിൽ സൂക്ഷിച്ച സുപ്രധാന രേഖകൾ വ്യാപക കൈയേറ്റത്തിനും അനധികൃത നിർമാണത്തിനും വഴിയൊരുക്കാൻ ആസൂത്രിതമായി നശിപ്പിച്ചെന്നാണ് സൂചന. കൈയേറ്റക്കാർക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥ ലോബിയാണ് ഇതിനുപിന്നിലെന്നും ലാൻഡ് റവന്യൂ കമീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.