കൽപറ്റ: എൽ.ജെ.ഡിയിൽനിന്ന് വാഗ്ദാനങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നും എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ അവസരം കിട്ടിയാൽ മത്സരിക്കുമെന്നും കോൺഗ്രസിൽനിന്ന് രാജിവെച്ച പി.കെ. അനിൽകുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വയനാട് ഡി.സി.സി ജനറൽ സെക്രട്ടറിയായ അദ്ദേഹം ഐ.എൻ.ടി.യു.സിയുടെ ഭാരവാഹിത്വവും ഒഴിഞ്ഞു. സ്ഥാനമാനങ്ങൾ കിട്ടാത്തതുകൊണ്ടല്ല പാർട്ടി വിട്ടത്. പാർട്ടിയിൽ ഒരു 'കോക്കസ്' മൂന്നു വർഷത്തോളമായി അവഗണിക്കുന്നത് വലിയ മാനസിക സമർദം ഉണ്ടാക്കി. പല പരിപാടികളിൽനിന്നും മാറ്റിനിർത്തി. രാഹുൽ ഗാന്ധി നയിച്ച ട്രാക്ടർ റാലിയുടെ പരിപാടികളിൽനിന്നും അവഗണിച്ചു. പാർട്ടി തീരുമാനങ്ങൾ ഒന്നും അറിയിച്ചില്ല.
തനിക്കെതിരെ ചിലർ അപവാദപ്രചാരണം നടത്തി. കുടുംബം വരെ തകരാൻ ഇതു കാരണമായി. തനിക്കെതിരെ ഊമക്കത്തുകൾ അയച്ചു. ഇതിനു പിന്നിൽ പ്രവർത്തിച്ച ആളെ അറിയാം. ജില്ലയിലെ കോൺഗ്രസ് നേതാക്കളോട് ഈ കാര്യത്തിൽ പരാതി പറഞ്ഞിട്ടും നടപടിയില്ല.
തെൻറ പിതാവും കോൺഗ്രസ് നേതാവുമായ പി.കെ. ഗോപാലൻ അധികാരങ്ങൾക്കുപിന്നാലെ പോയില്ല. ഒരു പ്രവർത്തകനെയും വേദനിപ്പിക്കാതെയാണ് അദ്ദേഹം കടന്നു പോയത്. ഒരു പൊതുപ്രവർത്തകനായ തനിക്ക് ഒരു വേദി ആവശ്യമുണ്ട്. ഇനിയും അവഗണന സഹിക്കാനാവില്ല.
ഒരുമിച്ച് പ്രവർത്തിക്കാമെന്ന് എൽ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ പറഞ്ഞപ്പോൾ അത് സ്വീകരിച്ചു.എൽ.ജെ.ഡിക്കുവേണ്ടി പ്രവർത്തിക്കും. ഒറ്റക്കല്ല പാർട്ടി വിടുന്നതെന്നും തൊഴിലാളികളടക്കം പ്രവർത്തകർ കൂടെയുണ്ടെന്നും അനിൽകുമാർ പറഞ്ഞു.
കൽപറ്റ ബ്ലോക്ക് മുൻ പഞ്ചായത്ത് പ്രസിഡൻറും ജില്ല പഞ്ചായത്ത് അംഗവുമായിരുന്നു അനിൽകുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.