ജീവനക്കാർക്ക് താമസ സൗകര്യം ഇല്ലെങ്കിൽ സ്റ്റേ ബസും ഇല്ല -ഗണേഷ്

തിരുവനന്തപുരം: കെ.എസ്.ആർ.ടിസി സ്റ്റേ സർവിസുകൾ തുടരണമെങ്കിൽ ജീവനക്കാർക്ക് താമസിക്കാൻ വൃത്തിയുള്ള മുറിയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. തദ്ദേശസ്ഥാപനങ്ങളോ റെസിഡൻറ്സ് അസോസിയേഷനുകളോ ആണ് ഇത് ചെയ്യേണ്ടത്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പുതുതായി നൽകുന്ന യൂനിഫോമിന്‍റെ വിതരണോദ്ഘാടനവും ‘ആനവണ്ടി.കോം’ ന്യൂസ് ലെറ്റർ പുതിയ പതിപ്പിന്‍റെ പ്രകാശനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ജീവനക്കാർക്ക് രാത്രിയിൽ താമസിക്കാൻ ഫാൻ, കിടക്കകൾ, ശുചിമുറി സംവിധാനം തുടങ്ങിയവ ഒരുക്കണം.

കെ.എസ്.ആർ.ടി.സിയുടെ ചെലവ് കുറക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. യാത്രക്കാരില്ലാതെ സർവിസ് നടത്തുന്ന ഡീലക്സ് ബസുകൾ സൂപ്പർഫാസ്റ്റാക്കാൻ നിർദേശിച്ചിട്ടുണ്ട്. ജനങ്ങളെയും ജീവനക്കാരെയും ബുദ്ധിമുട്ടിക്കാതെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും ഗണേഷ് പറഞ്ഞു. അതേ സമയം ഇലക്ട്രിക് ബസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ പരാമർശങ്ങൾ വ്യാഴാഴ്ചയും മന്ത്രി ആവർത്തിച്ചു. 10 രൂപ ടിക്കറ്റിൽ യാത്ര തുടരില്ല. ബസിൽ യാത്രക്കാർ കയറാൻ വേണ്ടി നടപ്പാക്കിയെന്നാണ് എം.ഡി പറഞ്ഞത്. എന്നാൽ, വന്ദേഭാരതിൽ ടിക്കറ്റ് നിരക്ക് കുറച്ചിട്ടാണോ ആളുകൾ കയറുന്നതെന്ന് ഗണേഷ് കുമാർ ചോദിച്ചു. ആർക്കും ദോഷമുള്ള പണി മന്ത്രിമാരാരും ചെയ്യാൻ പാടില്ല. താൻ അങ്ങനെ ചെയ്യില്ല.

ഡീസൽ ബസുകൾ പൂർണമായും നിർത്താനാകില്ല. സർക്കാർ പണം പോകുന്ന ഒരു കാര്യവും താൻ ചെയ്യില്ല. ഇലക്ട്രിക് ബസിന്‍റെ ‘ഡ്യൂറബിലിറ്റി’ കുറവാണ്. ഇ-ബസുകള്‍ വിജയകരമായി ഉപയോഗിക്കപ്പെട്ടതായി എവിടെയും തെളിയിക്കപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ ഇത്തരം ബസുകള്‍ വാങ്ങുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ലെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - If the employees do not have accommodation, there is no stay bus - Ganesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.