പാലക്കാട്: റേഷൻ സാധനങ്ങളുടെ ചരക്ക് നീക്കം നടത്തുന്ന കരാറുകാരുടെ ബില്ലുകൾ കുടിശ്ശികയായതോടെ റേഷൻ വിതരണം പ്രതിസന്ധിയിലേക്ക്. നവംബർ 10നുശേഷം സമർപ്പിച്ച ഒക്ടോബറിലെ ബിൽ തുക റേഷൻ വിതരണ നോഡൽ ഏജൻസിയായ സൈപ്ലകോ കൈമാറിയിട്ടില്ല. സെപ്റ്റംബർ മാസത്തെ ബിൽ തന്നെ വകമാറ്റിയാണ് തുക നൽകിയത്. സർക്കാർ ഈ തുക അനുവദിച്ചിട്ടില്ല. ഇനി വകമാറ്റാനാവില്ലെന്ന് സൈപ്ലകോ അറിയിച്ചിരിക്കുകയാണ്. കരാറുകാരുടെ കുടിശ്ശിക വർധിച്ച സാഹചര്യത്തിൽ ഡിസംബറിലെ റേഷൻ വിതരണവും സംഭരണവും പ്രതിസന്ധിയിലായേക്കും.
പ്രതിസന്ധി തീരണമെങ്കിൽ ധനവകുപ്പ് കനിയണം. എൻ.എഫ്.എസ്.എ ഗോഡൗണുകളുടെ ഒക്ടോബറിലെ വാടകയും നൽകിയിട്ടില്ല. കയറ്റിറക്ക് കൂലിയിനത്തിൽ വൻ തുകയാണ് കടത്തുവാഹന കരാറുകാർക്ക് കുടിശ്ശികയുള്ളത്. ഒരു ക്വിന്റൽ ഭക്ഷ്യധാന്യം ഗോഡൗണിൽനിന്ന് റേഷൻ കടയിലേക്ക് എത്തിക്കാൻ കയറ്റിറക്ക്, ലോറി വാടക ഉൾപ്പെടെ കരാറുകാരാന് ശരാശരി 70 രൂപയാണ് ലഭിക്കുന്നത്. ഒരു ക്വിന്റൽ ഗോഡൗണിൽനിന്ന് കയറ്റാനും, റേഷൻ കടയിൽ ഇറക്കാനും 23 രൂപ കണക്കിൽ ഒരു ചുമട്ടുതൊഴിലാളിക്ക് 46 രൂപ നൽകണം.
സപ്ലൈകോ പണം നൽകാൻ കാലതാമസം വന്നതോടെ ചുമട്ടുതൊഴിലാളി ക്ഷേമബോർഡിൽ തുക അടക്കുന്നതിൽ വീഴ്ച വരുത്തിയ പലർക്കും നോട്ടീസ് ലഭിച്ചുതുടങ്ങി. കുടിശ്ശിക 15 ശതമാനം പലിശ സഹിതം ഉടൻ അടച്ചില്ലെങ്കിൽ തൊഴിലാളികളെ പിൻവലിക്കുമെന്ന് ക്ഷേമനിധി ബോർഡ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.