തിരുവനന്തപുരം: സംസ്ഥാനത്ത് 40 പുതിയ ഹോമിയോ ഡിസ്പെൻസറികൾ സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇവിടങ്ങളിൽ അനുവദിച്ചത് ഡോക്ടർമാരുടെ തസ്തിക മാത്രം. ഇവയിൽ 33 എണ്ണം ഉദ്ഘാടനം കഴിഞ്ഞ് പ്രവർത്തന സജ്ജമാകുമ്പോഴും ഡിസ്പെൻസറികൾ പ്രവർത്തിക്കാൻ അനിവാര്യമായും വേണ്ട മറ്റു തസ്തികകളുടെ കാര്യത്തിൽ സർക്കാർ ഉത്തരവിലും അവ്യക്തത. സ്റ്റാഫ് പാറ്റേൺ അനുസരിച്ച് ഒരു ഡിസ്പപെൻസറിയിൽ മെഡിക്കൽ ഓഫിസർ, ഫാർമസിസ്റ്റ്, അറ്റൻഡർ, പാർട്ട് ടൈം സ്വീപ്പർ എന്നിങ്ങനെ നാലു തസ്തികകളാണ് അനുവദിക്കേണ്ടത്. എന്നാൽ, മെഡിക്കൽ ഓഫിസർമാർ ഒഴികെ മറ്റു വിഭാഗങ്ങളുടെ കാര്യത്തിൽ കൃത്യമായ മാർഗ നിർദേശമില്ല.
നാഷനൽ ആയുഷ് മിഷൻ വഴി ഫാർമസിസ്റ്റുകളെ നിയമിക്കുമെന്നാണ് വിവരം. ചിലയിടങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം നിലക്ക് പാരാ മെഡിക്കൽ ജീവനക്കാരെ നിയമിക്കേണ്ട സ്ഥിതിയിലാണ് കാര്യങ്ങൾ.
പൊതുജനാരോഗ്യം ശക്തിപ്പെടുന്നതിന്റെയും എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെൻസറികൾ ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് 40 ഇടങ്ങിൽ ഡിസ്പെൻസറികൾ തുടങ്ങാൻ തീരുമാനിച്ചത്. മലപ്പുറം, കോഴിക്കോട്, പാലക്കാട്, എറണാകുളം ജില്ലകളിലായി 35 പഞ്ചായത്തുകളിലും അഞ്ച് മുനിസിപ്പാലിറ്റികളിലുമാണ് പുതിയ ഡിസ്പെൻസറികൾ. സാധാരണ ഡിസ്പെൻസറികൾ പ്രഖ്യാപിക്കുമ്പോകൾ ഡോക്ർമാർക്കൊപ്പം മറ്റ് സ്റ്റാഫുകളുടെ തസ്തികകളും അനുവദിച്ചാണ് ഉത്തരവുകൾ ഇറങ്ങാറുള്ളത്. ഈ കീഴ്വഴക്കവും വ്യവസ്ഥയുമാണ് ഇപ്പോൾ ലംഘിക്കപ്പെട്ടത്.
എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെൻസറികൾ എന്ന പ്രഖ്യാപനം വളരെ പ്രതീക്ഷയോടെയാണ് ഉദ്യോഗാർഥികളും സ്വീകരിച്ചിരുന്നത്. എന്നാൽ, ഫാർമസിസ്റ്റ് നിയമനം കരാർ വ്യവസ്ഥയിലാണെന്ന തീരുമാനം ഇവരുടെ പ്രതീക്ഷകൾക്കും മങ്ങലേൽപ്പിച്ചു. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (സി.സി.പി) പാസായ ആയിരത്തോളം വിദ്യാർഥികളാണ് സംസ്ഥാനത്തുള്ളത്. തിരുവനന്തപുരം, കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളജുകളിൽനിന്നടക്കം പ്രതിവർഷം 100 -150 വിദ്യാർഥികൾ പഠിച്ചിറങ്ങുന്നുണ്ട്.
കഴിഞ്ഞ ഡിസംബർ 13ന് കണ്ണൂരിലെ രണ്ട് തസ്തികയിലേക്ക് നടന്ന പരീക്ഷയിൽ 708 പേരാണ് അപേക്ഷിച്ചത്. നേരത്തേ ലിസ്റ്റുണ്ടായിരുന്നെങ്കിലും നിയമനമൊന്നും നടക്കാതെ 2023 നവംബറിൽ കാലാവധി കഴിഞ്ഞിരുന്നു. സർക്കാറിന് വീണ്ടും നിവേദനം നൽകി ഉദ്യോഗാർഥികൾ കാത്തിരിക്കുന്നതിനിടെയാണ് പുതുതായി അനുവദിച്ച ഡിസ്പെൻസറികളിലും നിയമം കരാർ അടിസ്ഥാനത്തിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.