സർക്കാർ കനിഞ്ഞില്ലെങ്കിൽ ദരിദ്രർക്ക് സൗജന്യ വെള്ളം മുട്ടും

തിരുവനന്തപുരം: സ്ഥാപനത്തിന് വൻ ബാധ്യത വരുത്തുന്നതിനാൽ ദരിദ്രവിഭാഗങ്ങൾക്കുള്ള സൗജന്യ ജലവിതരണം തുടരുന്നതിൽ സർക്കാറിനെ ബുദ്ധിമുട്ട് അറിയിച്ച് ജല അതോറിറ്റി. വിഷയത്തിൽ നേരത്തേ ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അതോറിറ്റി കത്ത് നൽകിയിരുന്നു.

അതോറിറ്റിയുടെ കഴിഞ്ഞ ഡയറക്ടർ ബോർഡിലും വിഷയം ചർച്ചയായി. പ്രതിമാസം 10 മുതൽ 12 കോടി രൂപ വരെ അധികബാധ്യത ഉയരുന്ന സാഹചര്യത്തിൽ സർക്കാർ വിഹിതം നൽകാതെ മുന്നോട്ടുപോകാനാകില്ലെന്ന് യോഗം വിലയിരുത്തി. പണം ആവശ്യപ്പെട്ട് സർക്കാറിനെ സമീപിക്കാനും തീരുമാനിച്ചു.

സർക്കാർ വിഹിതം നൽകാൻ തയാറായില്ലെങ്കിൽ സൗജന്യം തുടരാനാവില്ലെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടുന്നു. വെള്ളക്കരം ഇനത്തിൽ തദ്ദേശസ്ഥാപനങ്ങൾ, സർക്കാർ- പൊതു മേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് കോടികൾ കിട്ടാക്കടമുണ്ട്. കെ.എസ്.ഇ.ബിയുടെ കുടിശ്ശിക പിരിച്ചെടുക്കുന്നതിൽ ഇടപെടാറുള്ള സർക്കാർ, ജല അതോറിറ്റിയുടെ കാര്യത്തിൽ മൗനത്തിലാണ്.

ജല അതോറിറ്റിക്ക് നോൺ പ്ലാൻ ഗ്രാൻറ് അനുവദിക്കുന്നുമില്ല. സാമ്പത്തിക ഞെരുക്കത്തിനിടെ സൗജന്യ ജലവിതരണം നഷ്ടം ഉയർത്തുന്നെന്നാണ് അധികൃതരുടെ വാദം. ഇക്കൊല്ലം ദരിദ്രവിഭാഗങ്ങൾക്കുള്ള സൗജന്യ ജലവിതരണത്തിന് 10 ലക്ഷം അപേക്ഷയാണ് ലഭിച്ചത്. ബി.പി.എൽ സബ്സിഡിക്ക് തുല്യമായ ഗ്രാൻറ് അനുവദിക്കുന്നതിനോ നോൺ പ്ലാൻ ഗ്രാൻറ് കൃത്യമായി നൽകാനോ സർക്കാറിനോട് ജല അതോറിറ്റി ആവശ്യപ്പെടും.

മാരക രോഗമുള്ളവർ, ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്നവർ തുടങ്ങിയവർക്ക് പുതുക്കിയ വെള്ളക്കരത്തിൽ ഇളവ് നൽകാൻ യോഗം അംഗീകാരം നൽകി. 40 ശതമാനമോ കൂടുതലോ ഓട്ടിസം ബാധിച്ച അംഗങ്ങളുള്ള കുടുംബം, 40 ശതമാനമോ കൂടുതലോ അംഗവൈകല്യം ബാധിച്ചവരുള്ള കുടുംബം എന്നീ വിഭാഗങ്ങളിൽ വാർഷിക വരുമാനം രണ്ടു ലക്ഷത്തിൽ താഴെയും പ്രതിമാസ ഉപഭോഗം 15 കിലോലിറ്ററിൽ താഴെയുമാണെങ്കിൽ വർധിപ്പിച്ച വെള്ളക്കരത്തിൽ 50 ശതമാനം ഇളവ് അനുവദിക്കും.

അനാഥാലയങ്ങൾ, വൃദ്ധമന്ദിരങ്ങൾ എന്നിവക്ക് 60 കിലോലിറ്റർ വരെ പ്രതിമാസ ഉപയോഗത്തിന് വർധിപ്പിച്ച വെള്ളക്കരത്തിൽ 50 ശതമാനം ഇളവ് ലഭിക്കും. സർക്കാർ അനുമതിയോടെയാവും ഇതു നടപ്പാക്കുക.

Tags:    
News Summary - If the government does not act, the poor will not get free water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.