തിരുവനന്തപുരം: കർഷകപ്രക്ഷോഭം ചർച്ചചെയ്യാൻ നിയമസഭ വിളിക്കുന്നതിന് നൽകിയ രണ്ടാമത്തെ ശിപാർശയും ഗവർണർ തള്ളിയാൽ നിയമനടപടി സ്വീകരിക്കാൻ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭയോഗം തീരുമാനിച്ചു. ഗവർണർക്ക് വഴേങ്ങണ്ടതില്ലെന്നാണ് യോഗത്തിലെ ധാരണ.
അതി പ്രധാന്യമുണ്ടെന്ന് വിലയിരുത്തി കർഷകപ്രശ്നം ചർച്ചചെയ്യുന്നതിന് നിയമസഭ വിളിക്കാൻ ഡിസംബർ 21ന് ചേർന്ന മന്ത്രിസഭ യോഗമാണ് ശിപാർശ ചെയ്തത്. ഡിസംബർ 23നാണ് സഭകൂടാൻ നിശ്ചയിച്ചത്. എന്നാൽ രണ്ടുതവണ വിശദീകരണം നൽകിയിട്ടും ഗവർണർ അംഗീകരിച്ചില്ല. ഗവർണറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി കത്ത് നൽകി. ഗവർണർ നൽകിയ മറുപടി സർക്കാറിനെ കൂടുതൽ പ്രകോപിപ്പിച്ചു.
മന്ത്രിസഭയോഗത്തിൽ മുഖ്യമന്ത്രിതന്നെയാണ് സാഹചര്യങ്ങൾ വിശദീകരിച്ചത്. ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമെന്ന പൊതുവികാരമാണ് മന്ത്രിസഭയിൽ ഉയർന്നത്. അതിന് വഴങ്ങാനാവില്ല. തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കാനും പാടില്ല. അതിനാൽ വീണ്ടും സഭ ചേരാൻ ശിപാർശ ചെയ്യണമെന്നാണ് അഭിപ്രായം വന്നത്. ഗവർണർ അതിനും അനുമതി നൽകിയില്ലെങ്കിൽ നിയമനടപടിയിലേക്ക് പോകും.
നിയമസഭസമ്മേളനം അവസാനിച്ച ശേഷം മന്ത്രിസഭ ചേർന്ന് ബജറ്റ് സമ്മേളനം വിളിക്കാനുള്ള ശിപാർശ നൽകും. ജനുവരി എട്ടുമുതലാണ് സമ്മേളനം ഉദ്ദേശിക്കുന്നത്.കേന്ദ്ര കാർഷികനിയമങ്ങൾ കേരളത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത് തടയാൻ നിയമനിർമാണത്തിനും സർക്കാർ ആലോചിക്കുന്നുണ്ട്. ജനുവരി എട്ടിന് ആരംഭിക്കുന്ന നിയമസഭസമ്മേളനത്തിലാകും ഇത് കൊണ്ടുവരുക. ബിൽ തയാറാക്കാൻ കൃഷിവകുപ്പ് ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. നിയമവകുപ്പുമായി ആലോചിച്ച് കരടിന് അന്തിമരൂപം നൽകും. തുടർന്നാകും മന്ത്രിസഭയിലേക്ക് വരുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.