തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറുൾപ്പെടെയുള്ള ഉദ്യോഗസ്ഥസംഘം ഐ.ടി വകുപ്പിൽ നടത്തിയ അനധികൃത നിയമനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന അന്വേഷണ റിപ്പോർട്ട് അട്ടിമറിച്ചു. ആരോപണ വിധേയരിൽനിന്ന് വിശദീകരണം എഴുതിവാങ്ങി നടപടി ഒതുക്കിത്തീർത്തെന്നാണ് ആക്ഷേപം. 15 ഒാളം പേരെ നിയമിച്ചതിനുള്ള തെളിവുകളുമില്ല.
സർക്കാർ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന സ്വപ്ന സുരേഷ് സ്വർണക്കടത്ത് കേസിൽ പ്രതിയായതിനെ തുടർന്ന് െഎ.ടി വകുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ നിയമനങ്ങൾ പരിശോധിക്കാൻ സർക്കാർ ധനകാര്യ പരിശോധനാ വിഭാഗത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇൗ സമിതിയിൽ രാഷ്ട്രീയ താൽപര്യമുള്ളവരെ നിയമിച്ചെന്ന ആക്ഷേപം ഉയർന്നു.
എന്നാൽ, വളരെ നിർണായകമായ കണ്ടെത്തൽ നടത്തിയുള്ള റിപ്പോർട്ടിൽ മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും കൈക്കൊണ്ടില്ല.
റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടും വിശദാംശങ്ങൾ വ്യക്തമാക്കാൻ അദ്ദേഹം തയാറായിരുന്നില്ല. അതിന് പിന്നാലെയാണ് റിപ്പോർട്ട് പൂഴ്ത്തിയത്. ധനകാര്യ പരിശോധനാ വിഭാഗം റിപ്പോർട്ട് തുടർ നടപടിക്കായി ഐ.ടി സെക്രട്ടറിക്ക് കൈമാറിയെങ്കിലും ആരോപണ വിധേയരായ ഉദ്യോഗസ്ഥരിൽനിന്ന് വിശദീകരണം തേടി മറ്റ് തുടർനടപടികൾ ഒതുക്കിയെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്.
െഎ.ടി വകുപ്പിന് കീഴിൽ ഒേട്ടറെ അനധികൃത, പിൻവാതിൽ നിയമനങ്ങൾ നടന്നെന്ന് തെളിയിക്കുന്ന നിലയിലുള്ള കണ്ടെത്തലാണ് പരിശോധനാ വിഭാഗം നടത്തിയത്. കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെ.എസ്.ഐ.ടി.ഐ.എൽ) ചെയർമാനായിരുന്ന എം. ശിവശങ്കർ, മാനേജിങ് ഡയറക്ടർ സി. ജയശങ്കർ പ്രസാദ്, സ്പേസ് പാർക്ക് സ്പെഷൽ ഓഫിസർ സന്തോഷ് കുറുപ്പ് എന്നിവരുടെ ഭാഗത്തുനിന്നുണ്ടായ ആസൂത്രിതവും ബോധപൂര്‍വവുമായ പ്രവൃത്തികൾ മൂലമാണ് യോഗ്യതയില്ലാത്ത സ്വപ്ന സുരേഷിനെ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് വഴി (പി.ഡബ്ല്യു.സി) സ്പേസ് പാർക്കിൽ നിയമിച്ചതെന്ന കണ്ടെത്തലും ധനകാര്യ പരിശോധനാ വിഭാഗം നടത്തി.
സ്പേസ്പാർക്കിലെ ശമ്പള ഇനത്തിൽ നൽകിയ 16.15 ലക്ഷം രൂപ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിൽനിന്ന് ഈടാക്കണമെന്നും കഴിയാതെ വന്നാൽ അത് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കണമെന്നും ശിപാർശയുണ്ടായിരുന്നു. ജോബ് കൺസൾട്ടൻസികൾ മുഖേനയുള്ള നിയമനങ്ങൾ അടിയന്തരമായി അവസാനിപ്പിച്ച് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നിയമനം നടപ്പാക്കണം.
കെ.എസ്.ഐ.ടി.ഐ.എല്ലില്‍ വ്യവസ്ഥകൾക്ക് വിരുദ്ധമായി യോഗ്യതയിൽ മാറ്റംവരുത്തി നിയമിച്ചവരുടെ സേവനം അവസാനിപ്പിക്കണം. 62 ജീവനക്കാരിൽ 14 പേരുടെ നിയമനങ്ങൾ സംബന്ധിച്ച വിവരങ്ങൾ സ്ഥാപനത്തിലില്ലാത്തത് ഗുരുതരമായ വീഴ്ചയാണെന്നും കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.