വർക്കല: ജില്ലാ അതിർത്തിയായ ഇടവയിലെ കാപ്പിൽ തീരത്ത് തീരപരിപാലന നിയമം ലംഘിച്ച് അനധികൃത റിസോർട്ട് നിർമാണം തകൃതിയിൽ. പഞ്ചായത്തിെൻറ കൺമുന്നിലാണ് നിയമങ്ങളെല്ലാം കാറ്റിൽപറത്തി നിർമാണം രാപകൽ ഭേദമില്ലാതെ നടത്തുന്നത്. കാപ്പിൽ തീരത്തെ കടലിനും കായലിനും മധ്യേയുള്ള പരിസ്ഥിതി പ്രാധാന്യമുള്ള തുരുത്തിലാണിത്. പാറയും സിമൻറും ഉപയോഗിച്ച് സ്ഥിരം സ്വഭാവമുള്ള വലിയ കെട്ടിടത്തിെൻറ നിര്‍മാണം നടക്കുന്നത് കണ്ടിട്ടും അധികൃതർക്ക് കുലുക്കമൊന്നുമില്ല. കെട്ടിടത്തിെൻറ ഭിത്തികളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചശേഷം കോണ്‍ക്രീറ്റ് നടത്താനുള്ള നീക്കം നാട്ടുകാര്‍ ദിവസങ്ങൾക്ക് മുന്നേ തടഞ്ഞിരുന്നു. എന്നാൽ, നാട്ടുകാരുടെയും പരിസ്ഥിതി പ്രവർത്തകരുടെയെല്ലാം എതിർപ്പിനെ വെല്ലുവിളിച്ചുകൊണ്ട് തൊട്ടടുത്ത ദിവസം തന്നെ കോൺക്രീറ്റ് ചെയ്തു.കാപ്പില്‍ പാലത്തില്‍നിന്ന് പൊഴിമുഖത്തേക്ക് പോകുന്ന ഭാഗത്താണ് യാതൊരു മറയുമില്ലാതെ നിര്‍മാണം പുരോഗമിക്കുന്നത്.
കടലില്‍നിന്ന് കഷ്ടിച്ച് 20 മീറ്റര്‍ അകലംപോലുമില്ലാത്ത സ്ഥലത്താണ് ഈ നിർമാണം നടത്തിയത്. കെട്ടിടത്തിന് പിന്നില്‍ കായലാണ്. കായലിൽ നീന്താനും അഞ്ചുമീറ്റർ പോലും അകലമില്ല. ചുരുക്കത്തിൽ തീരസംരക്ഷണനിയമം പൂര്‍ണമായി ലംഘിച്ചാണ് ഈ നിര്മാണമുള്ളത്.
മുമ്പ് ഈ ഭാഗത്ത് മുളയും കമ്പുകളും ഷീറ്റുമുപയോഗിച്ചാണ് താൽക്കാലിക നിര്‍മാണങ്ങൾ ഉണ്ടായിരുന്നത്. അടുത്തിടെയാണ് അത് പൊളിച്ചുനീക്കി സ്ഥിരം സ്വഭാവമുള്ള കോൺക്രീറ്റ് കെട്ടിടനിര്‍മാണം ആരംഭിച്ചത്. വലിയതോതിൽ മെറ്റൽ, മണൽ, സിമൻറ് തുടങ്ങിയ നിര്മാണസമഗ്രികള് ഇറക്കി. കടല്‍ഭിത്തിയോടുചേര്‍ന്ന് പൊഴിമുഖത്തേക്കുള്ള നടപ്പാതക്കരികിലാണ് നീളത്തിലുള്ള ഇൗ കെട്ടിടം. ഇതിന് പിന്നിലെ കായലിനോട് ചേര്‍ന്നുള്ള ഭാഗം സംരക്ഷിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാറ്റാടിമരങ്ങള്‍ െവച്ചുപിടിപ്പിച്ചിരുന്നു. ആ ഭാഗത്താണ് നിര്‍മാണം.
കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ കോണ്‍ക്രീറ്റ് നടത്തിയതോടെ നാട്ടുകാര്‍ ഇടപെടുകയും പ്രതിഷേധിക്കുകയും ചെയ്തു. വിവരം പഞ്ചായത്ത് അധികൃതരെയും അറിയിച്ചു. അവരുടെ നിര്‍ദേശപ്രകാരം അയിരൂര്‍ പൊലീസെത്തി നിര്‍മാണം നിര്‍ത്തിെവപ്പിച്ചു. തിങ്കളാഴ്ച പഞ്ചായത്ത് സെക്രട്ടറിക്കൊപ്പം പഞ്ചായത്ത് പ്രസിഡൻറ് എ. ബാലിക് നിര്‍മാണസ്ഥലം സന്ദര്‍ശിച്ചിരുന്നു.
തീരപരിപാലനനിയമം ലംഘിച്ചുള്ള കെട്ടിടനിർമാണം അനുവദിക്കില്ലെന്നും പൊളിച്ചുനീക്കാന്‍ നോട്ടീസ് നല്‍കുമെന്നും പഞ്ചായത്ത് പ്രസിഡൻറ് എ. ബാലിക് പരസ്യമായി നിലപാട് പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാൽ, പഞ്ചായത്ത് പ്രസിഡൻറിന് ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ കഴിയാത്തവിധം രാഷ്ട്രീയനേതൃത്വം ഇടപെട്ടതായാണ് അറിയുന്നത്. രാഷ്ട്രീയനേതൃത്വം കെട്ടിടം ഉടമയ്ക്ക് അനുകൂലമായ തീരുമാനം കൈക്കൊണ്ടതോടെ പഞ്ചായത്ത് പ്രസിഡൻറ് തുടർനടപടികൾ കൈക്കൊള്ളാനാകാതെ നിസ്സഹായനായിപ്പോയെന്നാണ് നാട്ടുകാർ പറയുന്നത്. അനധികൃത നിർമാണം തടയാൻ പഞ്ചായത്ത് സെക്രട്ടറിക്കോ തഹസിൽദാർക്കോ സാധിക്കാത്തവിധം ശക്തനാണ് ഉടമസ്ഥനെന്നും നാട്ടുകാർ പറയുന്നു.
നിർമാണം തടയണമെന്ന് പഞ്ചായത്ത് അധികൃതർ പൊലീസിനോട് ആവശ്യപ്പെടുമ്പോഴും വിഷയത്തിൽ ഇടപെടരുതെന്നാണ് രാഷ്ട്രീയ നേതൃത്വത്തിെൻറ നിലപാട്. ഈ ഇരട്ടത്താപ്പ് നയം ഇടവയിലും കാപ്പിലും ഇടതുപ്രവർത്തകരിൽ വലിയ പ്രതിഷേധവും നിരാശയും സൃഷ്ടിച്ചിട്ടുണ്ട്.
അവരുടെ പ്രതിഷേധവും ഒപ്പം അനധികൃത നിർമാണം പൊളിച്ചുനീക്കണമെന്നുമുള്ള ആവശ്യത്തെയും നേതൃത്വം കണ്ണുമടച്ച് തള്ളിയിരിക്കുകയാണ്.കഴിഞ്ഞ സർക്കാറിെൻറ കാലത്ത് കാപ്പിൽ കായലിൽ നീരൊഴുക്ക് തടസ്സപ്പെടാതെ ബോട്ട് ജെട്ടി നിർമാണം തുടങ്ങിയിരുന്നു. പ്രദേശത്തിെൻറ വികസനം കൂടി ലക്ഷ്യമിട്ട വലിയൊരു ടൂറിസം പദ്ധതിയായിരുന്നു അത്. നിർമാണം 80 ശതമാനം പൂർത്തിയായപ്പോഴാണ് സി.പി.എം പ്രവർത്തകർ പരിസ്ഥിതി പ്രശ്നം ഉയർത്തി പദ്ധതിക്കെതിരെ രംഗത്തുവരികയും പദ്ധതി സ്റ്റേ ചെയ്യപ്പെട്ടതും.
എന്നാലിപ്പോൾ തീരനിയമം കണ്ണുംപൂട്ടി ലംഘിച്ചുള്ള അനധികൃത റിസോർട്ട് നിർമാണത്തിൽ പാർട്ടി നേതൃത്വം പരിസ്ഥിതി പ്രശ്നങ്ങൾ കാണാത്തതിൽ ഇടവ, കാപ്പിൽ പ്രദേശത്തെ ഇടതുപ്രവർത്തകരും നാട്ടുകാരും കനത്ത പ്രതിഷേധത്തിലാണ്.
വർക്കല: വിവാദമായ കാപ്പിൽ തീരത്തെ അനധികൃത റിസോർട്ട് അടിയന്തരമായി പൊളിച്ചുനീക്കണമെന്ന ആവശ്യമുയർത്തി പഞ്ചായത്തിലെ രണ്ട് സി.പി.എം യുവ മെംബർമാർ. എന്നാൽ, സാധിക്കില്ലെന്ന വിചിത്ര വാദമുയർത്തി അധികൃതർ. തിങ്കളാഴ്ച ചേർന്ന ഇടവ ഗ്രാമപഞ്ചായത്ത് കമ്മിറ്റി യോഗത്തിലാണ് തീരപരിപാലന നിയമം നഗ്നമായി ലംഘിച്ചും അധികൃതരെ വെല്ലുവിളിച്ചും നിർമിക്കുന്ന റിസോർട്ട് പൊളിച്ചുനീക്കണമെന്ന് രണ്ട് സി.പി.എം അംഗങ്ങൾ ആവശ്യമുയർത്തിയത്.
സജികുമാർ, നസീഫ് എന്നിവരാണ് ഈ ആവശ്യമുന്നയിച്ചത്. എന്നാൽ, തീരത്തെ 90 ശതമാനം നിർമിതികളും അനധികൃതമാണെന്നും അവയൊക്കെ പൊളിച്ചുനീക്കിയശേഷം ഇത് പൊളിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നുമായിരുന്നുവത്രെ അധികൃതരുടെ മറുപടി.
അനധികൃത നിർമാണം നടക്കുന്ന ഒന്നാം വാർഡിലെ കോൺഗ്രസ് മെംബർ അധികൃതരുടെ മറുപടിയെ പിന്തുണക്കുകയും ചെയ്തുവത്രെ. മറ്റുള്ള സി.പി.എം, സി.പി.ഐ, ബി.ജെ.പി മെംബർമാരെല്ലാം യോഗത്തിൽ മൗനം പാലിച്ചു. അനധികൃത നിർമാണം അനുവദിക്കാനാകില്ലെന്ന പഞ്ചായത്ത് പ്രസിഡൻറ് ബാലികിെൻറ നിലപാടിനും പിന്തുണ കിട്ടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.