പത്തനംതിട്ട: സമൂഹമാധ്യമങ്ങളിൽ സ്ത്രീകളുടെ പേരിൽ വ്യാജ പ്രഫൈലുകളുണ്ടാക്കി പണം തട്ടുന്നയാളെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാറശ്ശാല തച്ചൻവിള പ്രായരക്കൽവിള വീട്ടിൽ സതീഷ് ജപകുമാറാണ് (41) പിടിയിലായത്.
കോഴഞ്ചേരി സ്വദേശി നൽകിയ പരാതിയിലാണ് അറസ്റ്റ്. ഒരേസമയം, സംസാരശേഷിയില്ലാത്ത സ്ത്രീയെന്ന് തെറ്റിദ്ധരിപ്പിച്ച് വന്ദനകൃഷ്ണ എന്ന ഫേസ്ബുക്ക് പേജിൽനിന്ന് 2019ൽ ഫ്രണ്ട്സ് റിക്വസ്റ്റ് അയച്ച് ബന്ധം സ്ഥാപിക്കുകയും ഈ പെൺകുട്ടിയുടെ അച്ഛനാണെന്നും റിട്ട. എസ്.പിയാണെന്നും പറഞ്ഞ് വാസുദേവൻ നായർ എന്ന വ്യാജപ്പേരിൽ വാട്സ്ആപ്പിലൂടെയും പരിചയത്തിലാവുകയും വിവിധ ആവശ്യങ്ങൾ നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് നാലുവർഷത്തിനിടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തെന്നാണ് കേസ്.
കോഴഞ്ചേരി സ്വദേശിയുടെ പത്തനംതിട്ടയിലുള്ള സ്വകാര്യ കോളജ്, മദ്രാസ് യൂനിവേഴ്സിറ്റിയുടെ സ്റ്റഡി സെന്ററായി ഉയർത്താമെന്ന് വാക്കുകൊടുത്തും ഇയാൾ പണം വാങ്ങി. ഇതിന്റെ പരിശോധനയെന്ന വ്യാജേന പ്രതി തന്നെ തമിഴ്നാട് സ്വദേശിയായി ആൾമാറാട്ടം നടത്തി പരിശോധന നടത്തുകയും രേഖകളും മറ്റും വാങ്ങുകയും ചെയ്തു. ഇയാൾ 12 കൊല്ലംമുമ്പ് വീടുവിട്ടിറങ്ങി സ്ഥിരമായി ഒരിടത്തും തങ്ങാതെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ വാടകക്ക് താമസിച്ചു വരുകയായിരുന്നുവെന്ന് ആറന്മുള പൊലീസിന്റെ അന്വേഷണത്തിൽ മനസ്സിലായി.
എറണാകുളം തൈക്കുടത്ത് ചാർട്ടേഡ് അക്കൗണ്ടന്റാണെന്ന് പറഞ്ഞ് മൂന്നു വർഷമായി താമസിച്ചുവരുകയായിരുന്നു. ജോലി വാങ്ങിക്കൊടുക്കാമെന്ന് വാക്കുകൊടുത്ത് കോഴിക്കോട് സ്വദേശിയെ കബളിപ്പിച്ചതായും പരാതിയുണ്ട്. പ്രതിയുടെ തട്ടിപ്പുകൾക്ക് കൂടുതൽപേർ ഇരയായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്.
പ്രതിയെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി. ആറന്മുള പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്.ഐമാരായ അലോഷ്യസ്, നുജൂം, വിനോദ് കുമാർ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.