തിരുവനന്തപുരം: മലയാള സിനിമ മേഖലയിലെ അരാജകത്വവും തമ്പ്രാൻ വാഴ്ചയും ലൈംഗിക ചൂഷണവും സംബന്ധിച്ച് ഹേമ കമ്മിറ്റി തയാറാക്കിയ റിപ്പോർട്ട് കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിക്കുമ്പോൾ അതു പുറത്തുവരാൻ കാരണമായത് സംസ്ഥാന വിവരാവകാശ കമീഷണർ ഡോ. എ. അബ്ദുൽ ഹക്കീമിന്റെ നിർണായക ഉത്തരവ്. രാജ്യത്തെ വിവരാവകാശ നിയമചരിത്രത്തിൽതന്നെ ഇടംപിടിക്കുന്ന സുപ്രധാന നിരീക്ഷണങ്ങളിലൂടെയും അധികാരത്തിലൂടെയുമാണ് ഡോ. ഹക്കീം റിപ്പോർട്ട് പുറത്തുവിടാൻ സംസ്ഥാന സർക്കാറിന് നിർദേശം നൽകിയത്. ഇതിനു തടയിടാൻ സുപ്രീംകോടതി അഭിഭാഷകൻവരെ രംഗത്തെത്തിയെങ്കിലും ഹൈകോടതി സിംഗ്ൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ഹക്കീമിന്റെ ഉത്തരവ് ശരിവെക്കുകയായിരുന്നു.
2019 ഡിസംബർ 31നാണ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് സമർപ്പിച്ച് 11ാം ദിവസം ‘മാധ്യമം ലേഖകൻ’ റിപ്പോർട്ടിനായി വിവരാവകാശ നിയമപ്രകാരം സാംസ്കാരിക വകുപ്പിന് അപേക്ഷ നൽകി. എന്നാൽ, സ്വകാര്യ വിവരങ്ങളുള്ളതിനാൽ റിപ്പോർട്ട് നൽകാനാകില്ലെന്ന നിലപാടാണ് സർക്കാറും മുഖ്യവിവരാവകാശ കമീഷണറായിരുന്ന വിൻസൺ എം. പോളും സ്വീകരിച്ചത്. മൊഴി നൽകിയവരുടെയും ആരോപണ വിധേയരുടെയും പേരും മറ്റു വിവരങ്ങളും മറച്ച് റിപ്പോർട്ട് കൈമാറണമെന്ന അപേക്ഷകന്റെ വാദങ്ങളും കമീഷൻ തള്ളി.
2023ലും റിപ്പോർട്ട് സർക്കാർ നൽകുന്നില്ലെന്നാരോപിച്ച് അപ്പീലുകൾ കമീഷന് മുന്നിലെത്തി. ഇവ പരിഗണിച്ച ഡോ.എ. അബ്ദുൽ ഹക്കീം സാംസ്കാരിക വകുപ്പിനോട് റിപ്പോർട്ട് കമീഷന് മുന്നിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു.
വ്യക്തിഗത വിവരങ്ങളുള്ളതിനാൽ റിപ്പോർട്ട് കൈമാറാനാകാനില്ലെന്ന് സർക്കാർ അറിയിച്ചു. ഈ വാദം അബ്ദുൽ ഹക്കീം അംഗീകരിച്ചില്ല. മുദ്രവെച്ച കവറിൽ റിപ്പോർട്ട് ഹജാരാക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. അതിനും സാംസ്കാരിക വകുപ്പ് തയാറാകാതെ വന്നതോടെ സിവിൽ കോടതിയുടെ അധികാരം വിനിയോഗിച്ച് റിപ്പോർട്ട് സർക്കാറിൽനിന്ന് പിടിച്ചെടുക്കുകയായിരുന്നു.
വിവരാവകാശ നിയമപ്രകാരം ഒരിക്കൽ നിഷേധിക്കപ്പെട്ട വിവരങ്ങൾ എക്കാലവും വിലക്കപ്പെട്ട കനിയാകില്ലെന്നും സമയവും കാലവും അനുസരിച്ച് ചില വിവരങ്ങൾ നൽകേണ്ടിവരുമെന്നും റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ടുള്ള ഉത്തരവിൽ ഹക്കീം പറയുന്നു. അങ്ങനെ നൽകുമ്പോഴും വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന, അവരെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കണം. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടുന്ന അപേക്ഷകനോട് പബ്ലിക് ഇൻഫർമേഷൻ ഓഫിസറും അപ്പീൽ അധികാരിയും ഉപദേശവും സ്വന്തം നിരീക്ഷണവും അഭിപ്രായവും നൽകേണ്ടതില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി..
കായംകുളം കൊറ്റുകുളങ്ങര സ്വദേശി ഡോ. അബ്ദുൽ ഹക്കീം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ അഡീഷനൽ ഡയറക്ടറായാണ് വിരമിച്ചത്. മൂന്നുതവണ സർക്കാറിന്റെ ഗുഡ് സർവിസ് എൻട്രി ലഭിച്ചിട്ടുണ്ട്.
വിവിധ ജില്ലകളിൽ ഇൻഫർമേഷൻ ഓഫിസർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ സ്പെഷൽ ഓഫിസർ, കേരള മീഡിയ അക്കാദമി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.